Wednesday August 23, 2017
Latest Updates

അയര്‍ലണ്ടിലെ മലയാളികളുടെ ഓട്ട്‌സ് വിഭവങ്ങള്‍ (ഒരു എഡിറ്ററുടെ അടുക്കളയില്‍ നിന്നുള്ള വിശേഷങ്ങള്‍ )

അയര്‍ലണ്ടിലെ മലയാളികളുടെ ഓട്ട്‌സ് വിഭവങ്ങള്‍ (ഒരു എഡിറ്ററുടെ അടുക്കളയില്‍ നിന്നുള്ള വിശേഷങ്ങള്‍ )

ഏറ്റവും എളുപ്പമായി ഭക്ഷണം ഉണ്ടാകാനായി ഉപയോഗിക്കാവുന്ന രണ്ടു വസ്തുക്കളാണ് കോണ്‍ഫ്‌ലക്‌സും ഓട്ട്‌സും.സ്‌കൂളില്‍ മക്കളെ അയയ്‌ക്കേണ്ട പ്രഭാതങ്ങളില്‍ മിക്ക രക്ഷിതാക്കള്‍ക്കും ഏറ്റവും എളുപ്പമായി ഉണ്ടാക്കാവുന്ന ഇനം.

കോണ്‍ഫ്‌ലക്‌സിനോട് ഏറ്റവും ഇഷ്ട്ടം കാണിക്കാറുള്ള എന്റെ മക്കള്‍ക്ക് ഓട്ട്‌സ് എന്ന് കേള്‍ക്കുന്നത് തന്നെ അത്ര ഇഷ്ട്ടമല്ല.അവരുടെ സ്‌കൂളില്‍ നടത്തിയ സര്‍വേയിലും ഏറ്റവും കൂടുതല്‍ കുട്ടികള്‍ക്ക് ഇഷ്ട്ടമില്ലാത്ത വിഭവം ഓട്ട്സാണത്രേ. (ആദ്യമൊക്കെ എനിക്കും ഇഷ്ട്ടമില്ലായിരുന്നു ഈ ഓട്ട്‌സ് എന്നത് വേറെ കാര്യം.പഴയ കാലത്ത് കേരളത്തിലെ സ്‌കൂളുകളില്‍ വിളമ്പിയിരുന്ന ഉപ്പുമാവിന്റെ ഒരോര്‍മ്മയാണ് ഓട്ട്‌സ് എന്നില്‍ ഉണര്‍ത്തിയിരുന്നത്.വല്ലപ്പോഴും കൂട്ടുകാരോടൊപ്പം കഴിച്ചിരുന്ന ഉപ്പുമാവ് ആദ്യമൊക്കെ എനിക്കിഷ്ട്ടമില്ലായിരുന്നു.പക്ഷേ ഉച്ചയ്ക്കുണ്ണാന്‍ വീട്ടില്‍ പോകാനാവാത്ത ചില ദിവസങ്ങളിലെ വിശപ്പു കത്തിയാളുന്ന മധ്യാഹ്നങ്ങളില്‍ അതെന്റെ പ്രിയപ്പെട്ട വിഭവമായി. 

സ്‌കൂളിനെക്കുറിച്ചുള്ള ഏറ്റവും ഗൃഹാതുരമായ ഓര്‍മ്മയ്ക്ക് ഉപ്പുമാവിന്റെ മണമാണ്. ജീവിതത്തില്‍ പിന്നീട് ഉപ്പുമാവ് കഴിക്കുമ്പോഴെല്ലാം തിരഞ്ഞു കൊണ്ടിരുന്നത് അന്നത്തെ രുചിയും ഗന്ധവുമാണ്.കണ്ണൂരിലെ ചെമ്പേരി സ്‌കൂളില്‍ നിന്നും ഒന്നര കിലോമീറ്റര്‍ നടന്നു വീട്ടില്‍പ്പോയി(!) ഊണ് കഴിക്കാന്‍ സൌകര്യമുള്ളത് കൊണ്ട് സ്‌കൂളില്‍ നിന്നും ഉപ്പുമാവുവാങ്ങാന്‍ ഞങ്ങള്‍ സഹോദരങ്ങള്‍ക്ക് അനുവാദമുണ്ടായിരുന്നില്ല.സ്‌കൂളിലെ ഉപ്പുമാവ് വാങ്ങാനായി വീട്ടില്‍ നിന്ന് ഒരു ‘ഇരുമ്പ് പിഞ്ഞാണം’ തന്നു വിട്ടിരുന്നുമില്ല.

രുചി നാവിന്റെ കുത്തകയല്ലെന്നും ഹൃദയത്തിന്റെ അടിത്തട്ടോളമെത്തുന്ന ഓര്‍മ്മയുടെ കുമിളകളാണ് പലപ്പോഴും അത് നിശ്ചയിക്കുന്നതെന്നും തോന്നാത്തവരില്ല. രുചിയെ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ പോലും നമുക്ക് ഇന്ന് കഴിയുന്നില്ല. അതിന്റെ ആവശ്യവുമില്ല. എല്ലാം എപ്പോഴും കയ്യെത്തും ദൂരത്തു തന്നെയുണ്ട്. 

ഏതു പ്രിയ രുചിയേയും കൊന്നുകളയുന്നത് സമൃദ്ധിയാണ്. ഭക്ഷണം ഇന്ന് കൂടുതലായും ഒട്ടിനില്‍ക്കുന്നത് വിശപ്പിനോടും രുചിയോടുമല്ല. തീഷ്ണമായ ഗന്ധവും കാഴ്ചയുടെ പൊലിമയുമാണ് അതിന്റെ പ്രാഥമിക അനുഭവം. അപ്പോഴാണ് ഒരിക്കലും നിറയെ കഴിക്കാന്‍ കിട്ടാത്തതും കാഴ്ചയ്ക്ക് അരോചകവും പേപ്പറില്‍പ്പോലും വിളമ്പിത്തരുന്നതുമായ സ്‌കൂളിലെ ഉപ്പുമാവ് ഒന്നിലേറെ തലമുറയുടെ രുചിയുടെ അവസാനവാക്കായത്. 

നോബല്‍ സമ്മാന ജേതാവ് അമര്‍ത്യാസെന്‍ സ്‌റ്റോക്ക്‌ഹോമില്‍ ചെയ്ത പ്രസംഗത്തിന്റെ റിപ്പോര്‍ട്ട് ഇതിനിടെ വായിച്ചപ്പോഴാണ് ഉപ്പുമാവിന്റെ രുചിയുള്ള ഓര്‍മ്മകള്‍ ഉണര്‍ന്നത്. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്; ”ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ശാസ്ത്രീയ മുന്നേറ്റമായി നാം കരുതുന്ന, മനുഷ്യന്‍ ചന്ദ്രനിലെത്തിയ ആ നിമിഷത്തേക്കാള്‍ എത്രയോ പ്രധാനമാണ് ഇന്ത്യയില്‍ പല സ്‌കൂളുകളിലും ഏര്‍പ്പെടുത്തിയ ഉച്ചക്കഞ്ഞി വിതരണം. ഒരു പക്ഷേ, ചന്ദ്രനിലെത്താന്‍ ചെലവാക്കിയ ആ തുകകൊണ്ട് ലോകത്തെ എല്ലാ പാവപ്പെട്ട കുട്ടികള്‍ക്കും ഉച്ചക്കഞ്ഞിയും രാത്രിക്കഞ്ഞിയും നല്‍കാന്‍ നമുക്ക് കഴിഞ്ഞേനേ.” ശാസ്ത്രത്തിന്റെയും പരിഷ്‌കാരത്തിന്റെയും ഉച്ചകോടിയില്‍ നില്‍ക്കുമ്പോഴും ഉച്ചക്കഞ്ഞിയെന്ന ചളിക്കുഴമ്പുവരമ്പുകളെ ഓര്‍ക്കാന്‍ തയ്യാറായതാണ് അദ്ദേഹത്തിന്റെ മഹത്വം.

ഡബ്ലിനിലെ ഞങ്ങളുടെ പ്രഭാത ഭക്ഷണത്തെ കുറിച്ചു പറഞ്ഞുവന്നു പോയത് സ്റ്റോക്ക് ഹോം വരെയായി പോയി.പറഞ്ഞു വന്നത് ഓട്ട്‌സിനെ കുറിച്ചായിരുന്നു.

ലിസ്സിനോടൊപ്പം (അടുക്കളയ്ക്ക് അപ്പുറത്ത്...ഡബ്ലിന്‍ സിറ്റി സെന്ററില്‍ നിന്നും )

ലിസ്സിനോടൊപ്പം (അടുക്കളയ്ക്ക് അപ്പുറത്ത്…ഡബ്ലിന്‍ സിറ്റി സെന്ററില്‍ നിന്നും )

ഇപ്പോള്‍ എന്റെ മക്കള്‍ക്കും ഓട്ട്‌സ് ഏറ്റവും ഇഷ്ട്ടപ്പെട്ട പലഹാരമായിരിക്കുന്നു എന്നത് വലിയ ഒരു അത്ഭുതമായാണ് ഞാനും ലിസും കാണുന്നത്.അതിനു ഞങ്ങളെ സഹായിച്ചത് ഓട്ട്‌സിന്റെ ഗുണഗണങ്ങളെ പറ്റിയുള്ള ടെലിവിഷന്‍ പരസ്യങ്ങളോ പത്രങ്ങളിലെ നെടുനീളന്‍ ലേഖനങ്ങളോ ഒന്നുമല്ല.ഭക്ഷണത്തിന്റെ പാചകരീതിയില്‍ വരുത്തിയ ചെറിയ മാറ്റങ്ങള്‍ കൊണ്ടാണ്.പഴയിടം നമ്പൂതിരി മീനില്ലാ മീന്‍ കറി ഉണ്ടാക്കും പോലെയോ മുരിങ്ങൂര്‍ (പോട്ട )ധ്യാന കേന്ദ്രത്തില്‍ ഏത്തയ്ക്കാ കൊണ്ട് ഇറച്ചിക്കറി വെയ്ക്കും പോലെയുമുള്ള ചില പൊടിക്കൈകള്‍..

സായിപ്പ് കഴിക്കും പോലെ തന്നെ ഓട്ട്‌സ് കഴിക്കണം എന്ന് നമുക്ക് കുട്ടികളെ നിര്‍ബന്ധിക്കേണ്ട കാര്യമൊന്നുമില്ലല്ലോ?ചേരേ തിന്നുന്ന നാട്ടില്‍ വന്നാല്‍ ചേരേടെ നടുമുറി തിന്നണം എന്ന് നമ്മുടെ നാട്ടില്‍ ഒരു ചൊല്ലുണ്ട് എന്നത് വേറെ കാര്യം.ആ ചൊല്ല് പറഞ്ഞു തന്നവര്‍ പോലും യുക്തവും സാന്ദര്‍ഭികമായും മാത്രം പ്രയോഗിച്ചാല്‍ മതിയെന്ന് വിചാരിച്ചിട്ടുണ്ടാവും!.ചേരേ ജീവനോടെ തിന്നണോ,കറി വെച്ചു കൂട്ടണോ ,മേമ്പൊടി ചേര്‍ക്കണോ എന്നൊക്കെ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നമ്മുക്കുണ്ട് (നമ്മുടെ ടോയ്‌ലെറ്റുകളില്‍ ടോയിലെറ്റ് പേപ്പറുകള്‍ വെയ്‌ക്കേണ്ട എന്നല്ല,പക്ഷെ ആരോഗ്യകരമായ മാതൃക നമ്മള്‍ തീര്‍ച്ചയായും അറിയിച്ചിരിക്കണം(! )എന്ന് കൂടി ഇതോടൊപ്പം ചേര്‍ത്തെഴുതട്ടെ !)

ഞങ്ങളുടെ മക്കളെ ഓട്ട്‌സ് പ്രിയപ്പെട്ട ഭക്ഷണ വിഭമാക്കാന്‍ ഞങ്ങളെ സഹായിച്ച രണ്ടു പലഹാരങ്ങള്‍ ഉണ്ടാക്കുന്ന വിധം താഴെ കൊടുക്കുന്നു.ഇതേ വരെ പരീക്ഷിച്ചിട്ടില്ലാത്തവര്‍ക്ക് പരീക്ഷിച്ചു നോക്കാം ! 

ഓട്ട്‌സ് പുട്ട്
ആവശ്യമുള്ള സാധനങ്ങള്‍
ഓട്ട്‌സ് ഒരു കപ്പ്
തേങ്ങ ചിരവിയത് അരക്കപ്പ്
ഉപ്പ് പാകത്തിന്
വെള്ളം കുറച്ച്
തയാറാക്കുന്നവിധം
ഓട്ട്‌സ് നോണ്‍സ്റ്റിക് പാനില്‍ ചൂടാക്കി മിക്‌സിയില്‍ പൊടിക്കുക. ഇതില്‍ തേങ്ങ ചേര്‍ത്ത് ഞെരടി അല്‍പ്പസമയം വയ്ക്കുക. ശേഷം ഉപ്പുചേര്‍ത്ത് വെള്ളം തളിച്ച് നനയ്ക്കുക. പുട്ട് പുഴുങ്ങുന്നതുപോലെ ആവിയില്‍ പുഴുങ്ങിയെടുക്കുക.

ഓട്ട്‌സ് ദോശ
ആവശ്യമുള്ള സാധനങ്ങള്‍
ഓട്ട്‌സ് ഒരു കപ്പ്
ഉപ്പ് ആവശ്യത്തിന്
തയാറാക്കുന്നവിധം
ഓട്ട്‌സ് കുറഞ്ഞത് അഞ്ച് മിനുട്ട് വെള്ളത്തില്‍ കുതിര്‍ത്തുവെക്കുക ശേഷം ഉപ്പ് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.(വേണമെങ്കില്‍ മിക്‌സിയില്‍ നേര്‍മ്മയായി അരച്ചെടുക്കാം) 

ഒരു നോണ്‍ സ്റ്റിക് പാനില്‍, വളരെ നേര്‍മയായി ദോശ ചുട്ടെടുക്കുക. ഗോള്‍ഡന്‍ ബ്രൗണ്‍ നിറമായാല്‍, അടുപ്പില്‍ നിന്നിറക്കാം.

rcj(ഇത് ഒരു ഭാഗം മാത്രം വേവിച്ചാല്‍ മതി.) ചീസ്,ഗ്രേറ്റ് ചെയ്ത കാരറ്റ്,വേവിച്ച മഷ്‌റൂം,പുഴുങ്ങിയ ഉരുളക്കിഴങ്ങ് തുടങ്ങിയവ ദോശയുടെ ഉള്ളില്‍ വെച്ച് മടക്കി,മസാല ദോശപോലെ ഉപയോഗിക്കാം


റെജി സി ജേക്കബ്(എഡിറ്റര്‍,ഐറിഷ് മലയാളി)


Scroll To Top