Saturday December 10, 2016
Latest Updates

പി സി ജോര്‍ജിന്റെ എം എല്‍ എ സ്ഥാനം ഉടന്‍ തെറിപ്പിക്കുമെന്ന് മാണി ഗ്രൂപ്പ് 

പി സി ജോര്‍ജിന്റെ എം എല്‍ എ സ്ഥാനം ഉടന്‍ തെറിപ്പിക്കുമെന്ന് മാണി ഗ്രൂപ്പ് 

തിരുവനന്തപുരം: പഞ്ചായത്തു തിരഞ്ഞെടുപ്പിനു മുന്‍പു തന്നെ പി.സി ജോര്‍ജിന്റെ എംഎല്‍എ സ്ഥാനം തെറിപ്പിക്കണമെന്ന കേരളാ കോണ്‍ഗ്രസിന്റെ അഭ്യര്‍ത്ഥന സ്പീക്കര്‍ എന്‍ ശക്തന്‍ നടപ്പാക്കിയേക്കും.

ജോര്‍ജ് പാര്‍ട്ടി വിപ്പ് ലംഘിച്ചുവെന്ന കാരണത്താലാണ് അദ്ദേഹത്തെ എത്രയും വേഗം പുറത്താക്കാന്‍ മാണി ഗ്രൂപ്പ് ആവശ്യപ്പെടുന്നത്.ജോര്‍ജാകട്ടെ ഇപ്പോഴത്തെ സീറ്റ് വിട്ട് തനിക്കു പുതിയ ഇരിപ്പിടം വശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. 

ഇതു ജനപ്രാതിനിധ്യ നിയമപ്രകാരം ഗുരുതര പ്രശ്‌നമാണ്. ഒരു പാര്‍ട്ടിയുടെ ഭാഗമായിരുന്നുകൊണ്ട് പുതിയ ബ്‌ളോക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെടാനാവില്ല.ജോര്‍ജ് നടത്തിയ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ നീണ്ട പട്ടികയും സ്പീക്കര്‍ക്ക് മാണി ഗ്രൂപ്പ് നല്കിയിട്ടുണ്ട്. 

അരുവിക്കരയില്‍ ഒരു ചലനവും സൃഷ്ടിക്കാനാവാതെ പോയതോടെ ജോര്‍ജ് നനഞ്ഞ പടക്കമാണെന്ന പൊതു ധാരണയിലാണ് യുഡിഎഫ്. അതിനാല്‍ തന്നെ പഞ്ചായത്തു തിരഞ്ഞെടുപ്പിനു മുന്‍പു തന്നെ ജോര്‍ജിനെ സഭയ്ക്കു പുറത്താക്കി ശല്യം അവസാനിപ്പിക്കണമെന്ന വാശിയിലാണ് മാണി.

പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ ജോര്‍ജ് എന്തെങ്കിലും കുഴപ്പമുണ്ടാക്കിയാലും അതു തങ്ങള്‍ക്കു സ്വാധീനമുള്ള പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി മേഖലകളില്‍ മാത്രമായിരിക്കുമെന്നും,പ്രശ്‌നമോ പരാജയഭീതിയോ ഉള്ള സീറ്റുകളില്‍ തങ്ങള്‍ മത്സരിച്ച് തോറ്റാലും അതിന്റെ പാപഭാരം തങ്ങള്‍ ചുമക്കാമെന്നുമാണ് മാണി പറയുന്നത്.

ഈ സാഹചര്യത്തിലാണ് പുറത്താക്കല്‍ നടപടികളിലേക്കു സ്പീക്കര്‍ കടക്കുന്നത്. തന്നെ പുറത്താക്കിയാല്‍ അപ്പോള്‍ കാണാമെന്ന നിലപാടിലാണ് ജോര്‍ജ്.നിയമസഭയുടെ കാലാവധി കഴിയുന്നതിനാല്‍ ഇനി പൂഞ്ഞാറില്‍ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ട ആവശ്യം ഇല്ലാത്തതു കൊണ്ട് പുറത്താക്കുന്നതില്‍ കുഴപ്പമൊന്നുമില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രിയും.

Scroll To Top