Friday January 20, 2017
Latest Updates

പി സി ജോര്‍ജിനെ എം എല്‍ എ സ്ഥാനത്ത് നിന്നും നീക്കണമെന്ന് മാണി വിഭാഗം,പൂഞ്ഞാര്‍ ‘അനാഥ’മായേക്കും 

പി സി ജോര്‍ജിനെ എം എല്‍ എ സ്ഥാനത്ത് നിന്നും നീക്കണമെന്ന് മാണി വിഭാഗം,പൂഞ്ഞാര്‍ ‘അനാഥ’മായേക്കും 

തിരുവനന്തപുരം :പി.സി. ജോര്‍ജിനെ എംഎല്‍എ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെടാന്‍ കേരളാ കോണ്‍ഗ്രസ് തീരുമാനം.ഇതിനായി സ്പീക്കര്‍ക്ക് ഉടന്‍ തന്നെ ഹര്‍ജി നല്‍കാന്‍ കെ എം മാണിയുടെ വസതിയില്‍ ചേര്‍ന്ന കേരളാ കോണ്‍ഗ്രസ് ഉന്നതാധികാരസമിതിയാണ് തീരുമാനമെടുത്തത്.
സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ അടുത്ത ദിവസം ഇതിനായുള്ള കത്ത് സ്പീക്കര്‍ക്ക് കൈമാറും.കഴിഞ്ഞ ഏതാനം മാസങ്ങളായി പാര്‍ട്ടിയെ ധിക്കരിച്ച് ജോര്‍ജ് അച്ചടക്കലംഘനം നടത്തിയിട്ടുണ്ടെന്നു കേരള കോണ്‍ഗ്രസ് (എം) ഉപസമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് തീരുമാനം. തോമസ് ഉണ്ണിയാടന്‍ ചെയര്‍മാനും ജോയി എബ്രഹാം എം.പി, ആന്റണി രാജു എന്നിവരാണ് ഉപസമിതിയിലെ അംഗങ്ങള്‍.

സെക്യുലര്‍ പാര്‍ട്ടി രൂപീകരിച്ചു, അരുവിക്കര തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയം ഉള്ളവരെയും ഇല്ലാത്തവരെയും ചേര്‍ത്ത് പാര്‍ട്ടിയുണ്ടാക്കി മുന്നണി സ്ഥാനര്‍ഥിക്കെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്തി മല്‍സരിപ്പിച്ചുവെന്നത് മാത്രമല്ല പാര്‍ട്ടിയുടെയും മുന്നണിയുടെയും നേതാക്കള്‍ക്കെതിരെ ആരോപണങ്ങളും പ്രസംഗങ്ങളും നടത്തിയതിനുള്ള തെളിവുകളും ഉപസമിതി സ്വീകരിച്ചിട്ടുണ്ടായിരുന്നു.

നിയമസഭയിലെ സ്വതന്ത്ര നിലപാടെടുക്കാന്‍ തന്നെ അനുവദിക്കണമെന്നാവശ്യപ്പെട്ട് ജോര്‍ജ് സ്പീക്കര്‍ക്ക് നല്‍കിയ കത്തും പാര്‍ട്ടി തെളിവായി ചൂണ്ടിക്കാട്ടുന്നു. 

ഈ കാരണങ്ങള്‍ കൊണ്ടുതന്നെ കൂറുമാറ്റ നിരോധന നിയമപ്രകാരം ജോര്‍ജിനെ അയോഗ്യനാക്കാമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.കേരളാ കോണ്‍ഗ്രസിന്റെ ആവശ്യത്തിന് അനുകൂലമായ നിലപാട് സ്പീക്കര്‍ സ്വീകരിക്കേണ്ടി വരും എന്നാണ് നിയമവിദഗ്ദരുടെ അഭിപ്രായം,അങ്ങനെയാണെങ്കില്‍ ജൂലൈ അവസാനത്തോടെ പൂഞ്ഞാറിന് നിയമസഭയില്‍ പ്രതിനിധിയില്ലാതാവും. 

Scroll To Top