Sunday June 24, 2018
Latest Updates

എരുമേലി വിമാനത്താവള പദ്ധതിയ്ക്ക് തുരങ്കം വെയ്ക്കാന്‍ ശ്രമമെന്ന് പി സി ജോര്‍ജ്

എരുമേലി വിമാനത്താവള പദ്ധതിയ്ക്ക് തുരങ്കം വെയ്ക്കാന്‍ ശ്രമമെന്ന് പി സി ജോര്‍ജ്

കോട്ടയം: എരുമേലി വിമാനത്താവള പദ്ധതി അട്ടിമറിക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്ന് പൂഞ്ഞാര്‍ എംഎല്‍എ പി.സി.ജോര്‍ജ്. തന്റെ ഫേസ് ബുക്ക് പേജിലാണ് ജോര്‍ജ് നിക്ഷിപ്ത താല്‍പര്യക്കാരുടെ നിലപാടുകള്‍ പൊളിച്ചു കാട്ടിയത്.
പി സി ജോര്‍ജിന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ നിന്ന് …

രു നാടുമുഴുവന്‍ വികസനത്തിനായി കാതോര്‍ത്തിരിക്കുമ്പോള്‍ അതിനെ തുരങ്കം വെക്കാന്‍ ആര് ശ്രമിച്ചാലും ജന പിന്തുണയോടെ അതിനെ നേരിടും.
ശബരിമല എയര്‍പോര്‍ട്ട് എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടാന്‍ കേന്ദ്ര സര്‍ക്കാര്‍ സഹായം വാഗ്ദാനം ചെയ്തതായി കേരളാ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലും മറ്റും പദ്ധതി നടത്തിപ്പിനായി ഏറ്റെടുക്കാന്‍ ഉദ്ദശിക്കുന്ന സ്ഥലവുമായി ബന്ധപ്പെട്ട് എതിരഭിപ്രായം ബോധപൂര്‍വ്വം സൃഷ്ടിച്ചെടുക്കാന്‍ ശ്രമം നടക്കുന്നത് കാണാന്‍ ഇടയായി.
വനമേഖലകളോ മലനിരകളോ നശിപ്പിക്കാതെ പരിസ്ഥിതിയെയും പ്രകൃതിയെ സംരക്ഷിച്ചു കൊണ്ട് തന്നെ ഈ വികസനം നടപ്പിലാക്കാന്‍ സാധിക്കുമെന്നിരിക്കെ, കെ. പി. യോഹന്നാന്‍ തിരുമേനിയുടെ ബിലീവേഴ്സ് ചര്‍ച്ചിന്റെ ഉടമസ്ഥതയിലുള്ള എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശത്തിന്റെ പേര് പറഞ്ഞാണ് ഈ പദ്ധതിക്ക് തുരങ്കംവെക്കാന്‍ ശ്രമം നടക്കുന്നത്.
ഒരു ഭരണഘടനയും നീതിന്യായ വ്യവസ്ഥയും ഉള്ള നമ്മുടെ നാട്ടില്‍ ഉടമസ്ഥാവകാശത്തെ പറ്റിയുള്ള തര്‍ക്കമാണ് വിഷയമെങ്കില്‍ അത് കോടതി തീരുമാനിക്കട്ടെ പദ്ധതി നടത്തിപ്പിനെ ഈ പേര് പറഞ്ഞു കുപ്രചരണം നടത്തി ഇല്ലാതാക്കാന്‍ ശ്രമം നടത്തരുതെന്ന വിനീതമായ അപേക്ഷയാണ് എനിക്കുള്ളത്.
ഈ കുപ്രചാരണങ്ങള്‍ക്ക് പിന്നില്‍ പരിസ്ഥിതിയെയും, വിശ്വാസങ്ങളെയും തകര്‍ത്തു ആറന്മുള എയര്‍പോര്‍ട്ട് നടപ്പിലാക്കി കൊടുക്കാമെന്ന് പറഞ് അച്ചാരം വാങ്ങിയവര്‍ ആരെങ്കിലുമായിരിക്കാം. ഇത്തരക്കാര്‍ക്കുള്ള മറുപടിയായി ആറന്മുള എയര്‍പോര്‍ട്ടെന്നത് അടഞ്ഞ അദ്ധ്യായമാണെന്നു മുഖ്യമന്ത്രി തന്നെ പറഞ്ഞുകഴിഞ്ഞു.
ഒന്നുകൂടെ വ്യക്തമായി പറഞ്ഞുകൊള്ളട്ടെ ഉടമസ്ഥാവകാശത്തിന്റെ പേരിലുള്ള തര്‍ക്കമാണ് പ്രശ്‌നമെങ്കില്‍ ഈ തര്‍ക്കം നടക്കുന്നത് സര്‍ക്കാരുമായാണ് സര്‍ക്കാരും ബിലീവേഴ്സ് ചര്‍ച്ചും സ്ഥലം നല്‍കാന്‍ തയ്യാറാണെന്ന് പറയുമ്പോള്‍ ഈ പദ്ധതി നടത്തിപ്പിനെതിരെ അനാവശ്യ തര്‍ക്കം സൃഷ്ട്ടിക്കുന്നവരുടെ ഗൂഢലക്ഷ്യം നാം ഓരോരുത്തരും തിരിച്ചറിയുക. പദ്ധതി നടപ്പാകുന്നതിന് രണ്ട് കൂട്ടരും അനുകൂല നിലപാടെടുക്കുമ്പോള്‍ നാടിന്റെ ഈ സ്വപ്നസാക്ഷാത്കാരത്തിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും, പ്രതിപക്ഷവും ഒരേ പോലെ മുന്നിട്ടിറങ്ങുമ്പോള്‍ തടസ്സം നില്‍ക്കാന്‍ വരുന്ന സ്ഥാപിത താത്പര്യക്കാരെ തിരിച്ചറിഞ്ഞു നേരിടുക.
ഈ ആവശ്യവുമായി റാന്നി എം.എല്‍.എ. രാജു എബ്രഹത്തിനൊപ്പം മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ അനുകൂലമായി പ്രതികരിച്ച മുഖ്യമന്ത്രി ഇത്രയും പെട്ടന്ന് തന്നെ കേന്ദ്ര സര്‍ക്കാരില്‍നിന്ന് അനുകൂല നിലപാട് നേടാന്‍ തക്കവണ്ണം പദ്ധതിയുമായി മുന്നോട്ട് പോയെന്നത് അദ്ധേഹത്തിന്റെ വികസന മുന്നേറ്റത്തോടുള്ള കാഴ്ചപ്പാടാണ് കാണിക്കുന്നത്.
ഈ പദ്ധതി നടത്തിപ്പിനായി പണം സ്വരൂപിച്ചുനല്‍കാമെന്ന പ്രവാസികളുടെ വാഗ്ദാനവും ഈ കഴിഞ്ഞ 2 ആം തിയതി മുഖ്യമന്ത്രിയെ കത്തിലൂടെ അറിയിച്ചിട്ടുണ്ട്.
ഇന്ത്യ എന്ന മഹാരാജ്യത്തിലെ കോടികണക്കിന് വരുന്ന ഭക്തജനങ്ങള്‍ക്കും, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ ലക്ഷകണക്കിന് വരുന്ന പ്രവാസികള്‍ക്കും, അതോടൊപ്പം പദ്ധതി പ്രദേശത് നിന്നും 80 കിലോമീറ്റര്‍ ചുറ്റളവിനുള്ളിലുള്ള വാഗമണ്‍, പീരുമേട്, തേക്കടി തുടങ്ങിയ 100 ലേറെ ടൂറിസം ഡെസ്റ്റിനേഷനുകളിലേക്ക് ലക്ഷകണക്കിന് വിദേശികളെയും, സ്വദേശികളായ വിനോദ സഞ്ചാരികളെയു ആകര്‍ഷിക്കാന്‍ കഴുയുന്നതുമായ ബ്രഹത് പദ്ധതി നടപ്പിലാക്കാന്‍ തയ്യാറാകുമ്പോള്‍ കഴമ്പില്ലാത്ത തടസ്സ വാദങ്ങള്‍ ഉന്നയിക്കുന്ന വികസന വിരോധികളെ തകര്‍ത്തു പദ്ധതി നടപ്പിലാക്കാന്‍ സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെ.
പി സി ജോര്‍ജ്ജ്
(എം.എല്‍.എ, പൂഞ്ഞാര്‍)

 

പി സി ജോർജ്ജ്
(എം.എൽ.എ, പൂഞ്ഞാർ)

 

Scroll To Top