Thursday September 21, 2017
Latest Updates

ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ പി സി ജോര്‍ജിന്റെ മൊഴി :’മുഖ്യമന്ത്രി പറഞ്ഞിട്ടാണ് കോഴ നല്‍കിയതെന്ന് പുതിയ വെളിപ്പെടുത്തല്‍,കുട്ടിയമ്മയും കോടിക്കണക്കിനു   രൂപ  വാങ്ങി !

ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ പി സി ജോര്‍ജിന്റെ മൊഴി :’മുഖ്യമന്ത്രി പറഞ്ഞിട്ടാണ് കോഴ നല്‍കിയതെന്ന് പുതിയ വെളിപ്പെടുത്തല്‍,കുട്ടിയമ്മയും കോടിക്കണക്കിനു   രൂപ  വാങ്ങി !

തിരുവനന്തപുരം: ബാറുകള്‍ തുറക്കാന്‍ ഉടമകള്‍ ധനമന്ത്രി കെ.എം. മാണിക്ക് ഒരു കോടി രൂപയും എക്‌സൈസ് മന്ത്രി കെ. ബാബുവിന് 10 കോടി രൂപയും നല്‍കിയതായി പി.സി. ജോര്‍ജ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദേശപ്രകാരമാണ് കോഴ നല്‍കിയതെന്നും വിജിലന്‍സിനു നല്‍കിയ മൊഴിയില്‍ പറയുന്നു. ബാര്‍കോഴക്കേസ് അന്വേഷിക്കുന്ന വിജിലന്‍സ് എസ്പി ആര്‍. സുകേശനു മുന്‍പാകെ എംഎല്‍എ ഹോസ്റ്റലില്‍വച്ചാണ് ജോര്‍ജ് മൊഴി നല്‍കിയത്.
താന്‍ വൈസ് ചെയര്‍മാനായിരുന്ന പാര്‍ട്ടിയുടെ ചെയര്‍മാനെ കുഴപ്പത്തിലാക്കേണ്ട എന്നു കരുതിയാണു കാര്യങ്ങള്‍ ഇതുവരെ പറയാതിരുന്നത്. 2014 ഏപ്രില്‍ 28നു കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി പിഡബ്ല്യുഡി റെസ്റ്റ് ഹൗസില്‍ താന്‍ വിശ്രമിക്കുമ്പോള്‍, രാവിലെ ഒന്‍പതിനു ബാര്‍ ഉടമകളുടെ സംഘടനാ പ്രസിഡന്റ് ഉണ്ണി കാണാനെത്തി. 29നു സെക്രട്ടേറിയറ്റിനു മുന്നില്‍ ബാര്‍ നടത്തിപ്പുകാര്‍ നടത്തുന്ന സമരത്തിനു ക്ഷണിക്കാനായിരുന്നു ഇത്. 418 ബാറുകള്‍ പൂട്ടപ്പെടുവാനുണ്ടായ സാഹചര്യവും ബാര്‍ ഉടമാസംഘടന, ബാര്‍ ഉടമകളില്‍നിന്നു പിരിച്ചെടുത്ത ഭീമമായ തുക സംബന്ധിച്ചും അത് വിനിയോഗിച്ച രീതിയും ഉണ്ണി അന്നു തുറന്നു പറഞ്ഞു. 15 കോടി രൂപ പിരിച്ചെടുത്തു. അതില്‍ ഒരു കോടി മൂന്നു ഗഡുക്കളായി കെ.എം. മാണിക്കു പാലായിലും തിരുവനന്തപുരത്തും വച്ചു നല്‍കി.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ബാര്‍ ഉടമകളോടു മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, കെ. ബാബു എന്നിവരെക്കണ്ടു ഡീല്‍ നടത്താന്‍ നിര്‍ദേശിച്ചെന്നും, അതനുസരിച്ചാണ് ഇത്രയും വലിയ തുക സമാഹരിച്ചതെന്നും ഉണ്ണി പറഞ്ഞിരുന്നു. കുഞ്ഞാലിക്കുട്ടിയെ രൂപയുമായി സമീപിച്ചപ്പോള്‍ ”ഇപ്പോള്‍ പണത്തിന്റെ ആവശ്യമില്ല’ എന്നായിരുന്നു മറഒപടി. തുടര്‍ന്നാണു ധനമന്ത്രിയെ കണ്ടത്. അദ്ദേഹം ആവശ്യപ്പെട്ട പ്രകാരം മൂന്നു തവണകളായി ഒരു കോടി നല്‍കി. ബാബുവിനെ കണ്ടപ്പോള്‍ ”മുഖ്യമന്ത്രി പറഞ്ഞുവിട്ടതല്ലേ, തുക മുഴുവന്‍ ഉണ്ടല്ലോ?’ എന്നു ചോദിച്ചാണ് പണം വാങ്ങിയത്. 10 കോടിയാണു ബാബുവിനു നല്‍കിയതെന്ന് ഉണ്ണി പറഞ്ഞു.

തുടര്‍ന്നാണു പ്രശ്‌നങ്ങളാരംഭിക്കുന്നത്. ബാബുവിന് 10 കോടി നല്‍കിയ വിവരം എങ്ങനെയോ ധനമന്ത്രി അറിയാനിടയായി. വെറും ജൂനിയറായ ബാബുവിനു 10 കോടി നല്‍കിയിട്ടു തനിക്ക് ഒരു കോടി മാത്രമേ കിട്ടിയുള്ളൂവെന്നത് ധനമന്ത്രിയെ ചൊടിപ്പിച്ചു. ”ബാബുവിന് 10 കൊടുത്തു, എനിക്ക് ഒന്നു തന്ന് നിങ്ങള്‍ ബാര്‍ തുറക്കുന്നത് കാണണമെന്നായി’ അദ്ദേഹം. അഞ്ച് കോടിക്ക് നിര്‍ബന്ധം പിടിച്ചു. തുടര്‍ന്ന് ബാറുടമകള്‍ വീണ്ടും മുഖ്യമന്ത്രിയെ കണ്ടെങ്കിലും കൂടുതല്‍ പണം മാണി സാറിനു നല്‍കേണ്ടെന്നു മുഖ്യമന്ത്രി നിഷ്‌കര്‍ഷിച്ചു. നല്‍കേണ്ട തുക സംബന്ധിച്ചും കേസ് നടത്തിപ്പിനായി വക്കീലന്മാര്‍ക്കു നല്‍കേണ്ട തുക സംബന്ധിച്ചും ഏകദേശ ധാരണ നേരത്തേ രൂപപ്പെട്ടിരുന്നു. 15 കോടി രൂപ മാത്രമാണു പിരിച്ചതെന്നും കൂടുതല്‍ പിരിക്കാന്‍ നിര്‍വാഹമില്ലെന്നും ബാക്കിവച്ച തുക കേസ് നടത്തിപ്പിനായി ചെലവഴിക്കണമെന്നും അതിനാല്‍ തങ്ങളുടെ നിസഹായാവസ്ഥ ധനമന്ത്രിയെ ബോധ്യപ്പെടുത്തി മധ്യസ്ഥം പറഞ്ഞു രക്ഷിക്കണമെന്നും ഉണ്ണി തന്നോട് അഭ്യര്‍ഥിച്ചു. തുടര്‍ന്നു താന്‍ ധനമന്ത്രിയുമായി സംസാരിച്ചു. എന്നാല്‍ ”ജോര്‍ജേ, എല്ലാം ശരിയാക്കാമെന്നു പറഞ്ഞ്’ തന്നെ ഒഴിവാക്കുകയാണു മാണി ചെയ്തതെന്നും ജോര്‍ജ്.

2015 ജനുവരി മൂന്നിന് എറണാകുളം പിഡബ്ല്യുഡി റെസ്റ്റ് ഹൗസില്‍ വച്ച് ഉണ്ണി വീണ്ടും തന്നോടു സംസാരിച്ചു. ”മാണിസാര്‍ ഇത്രയും കടുംപിടുത്തം പിടിച്ചതാണ് ബാര്‍ പ്രശ്‌നം ഇത്രയും കുളമാക്കിയത്’ എന്ന പരിഭവവും പറഞ്ഞു. തുടര്‍ന്ന് ഒന്നിലധികം തവണ ബാര്‍ വിഷയം രഹസ്യമായി മാണി സാറുമായി സംസാരിക്കാന്‍ താന്‍ നിര്‍ബന്ധിതനായി.

പാര്‍ട്ടി എംഎല്‍എമാര്‍ വിജിലന്‍സ് അന്വേഷണം സംബന്ധിച്ചു പരാതിയും പരിഭവവുമായി മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കണ്ടിരുന്നു. ഈ കേസില്‍ മാണിസാര്‍ ഭയപ്പെടേണ്ടതില്ലെന്നും, മാണിസാറിനെ രക്ഷിക്കേണ്ടതു തങ്ങളുടെ ബാധ്യതയും കടമയുമാണെന്നുമാണ് അന്നു മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും പറഞ്ഞത്. അങ്ങനെയങ്കില്‍, തത്കാലം രാജിവയ്ക്കാമെന്നും, അന്വേഷണം തീരുമ്പോള്‍ വര്‍ധിച്ച ഇമേജുമായി തിരിച്ചു വരാമെന്നും നിര്‍ദേശം വന്നു. എന്നാല്‍, ഒപ്പം താനും പി.ജെ. ജോസഫും രാജിവയ്ക്കണമെന്നു മാണി ശാഠ്യം പിടിച്ചു. ഇക്കാര്യം ജോസഫുമായി സംസാരിക്കാന്‍ തന്നെയാണ് അയച്ചത്. എന്നാല്‍, താന്‍ രാജിവച്ചാല്‍ കോഴ താനും വാങ്ങിയതായി ജനം കരുതുമെന്നു പറഞ്ഞ് ജോസഫ് വിസമ്മതിച്ചു. തുടര്‍ന്നു തന്റെ നിര്‍ബന്ധത്തിനു വഴങ്ങി, മാണിയും താനും രാജിക്കു തയാറായി. എന്നാല്‍, മാണിയുടെ ഭാര്യ കുട്ടിയമ്മയും മകന്‍ ജോസ് കെ. മാണിയും ചേര്‍ന്ന് ആ അനുരഞ്ജന ശ്രമം പൊളിച്ചു. കുട്ടിയമ്മയും ജോസ് കെ. മാണിയും ചേര്‍ന്ന് വാങ്ങിയിട്ടുള്ള കോടിക്കണക്കിനു രൂപയുടെ അഴിമതിക്കഥകള്‍ ആവശ്യമെങ്കില്‍ ബോധിപ്പിക്കാന്‍ തയാറണെന്നും പി.സി. ജോര്‍ജ് വിജിലന്‍സിനെ അറിയിച്ചിട്ടുണ്ട്.

2014 ഓഗസ്റ്റ് 19നു നെടുമ്പാശ്ശേരി വിമാനത്താവളത്തിനടുത്തുള്ള ഒരു ഹോട്ടലില്‍ പാര്‍ട്ടി ഉന്നതാധികാര സമിതിയോഗം വിളിച്ചുചേര്‍ത്തിരുന്നു. ഇതു നടന്നത് യുഡിഎഫ് കക്ഷിനേതാക്കളുടെ യോഗം ചേരാനിരിക്കുന്ന ദിവസത്തിനു തൊട്ടുതലേദിവസമായിരുന്നു. ഈ യോഗത്തിലാണ് അടഞ്ഞുകിടക്കുന്ന ബാറുകളുടെ കാര്യത്തിലുള്ള പാര്‍ട്ടി നയം മാറിയത്. അടഞ്ഞുകിടക്കുന്നവയില്‍ നിലവാരം ഉള്ളവ തുറക്കണമെന്നായിരുന്നു അതുവരെ പാര്‍ട്ടി തീരുമാനം. ഈ യോഗത്തില്‍ മാണിയും ജോസ് കെ. മാണിയും നിര്‍ബന്ധിച്ചാണ് ഒരു ബാറും തുറക്കേണ്ടതില്ലെന്ന നിലപാടിലേക്കു പാര്‍ട്ടി മാറിയത്. ഇതിനായി തുറന്നു പ്രവര്‍ത്തിച്ചിരുന്ന 312 ബാറുകാരില്‍നിന്നും മൂന്നു കോടി ധനമന്ത്രി വാങ്ങിയെന്നു പിന്നീടാണു മനസിലായതെന്നും ജോര്‍ജ്.

Scroll To Top