Saturday December 03, 2016
Latest Updates

അയര്‍ലണ്ടില്‍ വാടക വീടിനേക്കാള്‍ നല്ലത് വീട് വാങ്ങുന്നതെന്ന് പഠന റിപ്പോര്‍ട്ട്

അയര്‍ലണ്ടില്‍ വാടക വീടിനേക്കാള്‍ നല്ലത് വീട് വാങ്ങുന്നതെന്ന് പഠന റിപ്പോര്‍ട്ട്

ഡബ്ലിന്‍: അയര്‍ലണ്ടില്‍ വീട് വാടകയ്ക്ക് എടുക്കുന്നതിനെക്കാള്‍ ലാഭം വാങ്ങുന്നതെന്ന് റിപ്പോര്‍ട്ട്. നാഷണല്‍ എക്കണോമിക് ആന്‍ഡ് സോഷ്യല്‍ കൌണ്‍സിലാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. വാടക നിരക്ക് ഉയരുന്നത് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളാണ് വാടക വീടുകളേക്കാള്‍ നല്ലത് വീട് വാങ്ങുന്നതാണെന്ന വിലയിരുത്തലിലേക്ക് കൌണ്‍സില്‍ എത്താന്‍ കാരണം. അയര്‍ലണ്ടില്‍ വീട് സ്വന്തമാക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായതായും റിപ്പോര്‍ട്ട് വ്യക്തമാക്കി. 1991 ല്‍ 35 നും 44 നും ഇടയ്ക്ക് പ്രായമുള്ള വൈദഗ്ദ്യം
ഇല്ലാത്ത ജീവനക്കാരില്‍ 65 ശതമാനം പേര്‍ക്കും സ്വന്തമായി വീട് ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ അത് 49 ശതമാനമായി കുറഞ്ഞു.

2011 ഓടെയാണ് ഇത്രയും കുറവ് സംഭവിച്ചത്. റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചു. കുറഞ്ഞ വരുമാനക്കാരും സിംഗിള്‍ പേരന്റ് കുടുംബങ്ങളും ഒരാള്‍ക്ക് മാത്രം വരുമാനമുള്ള കുടുംബങ്ങളും ഒരാള്‍ മാത്രമുള്ള കുടുംബങ്ങളുമാണ് കൂടുതലായും സോഷ്യല്‍ ഹൗസിങ്ങിനെയും വാടക വീടുകളെയും ആശ്രയിക്കുന്നത്. ജലനിരക്ക് ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ടു നടന്ന ഒരു പഠനത്തില്‍ രാജ്യത്തെ മൂന്നിലൊന്നു കുടുംബങ്ങളും സിംഗിള്‍ പേരന്റ് കുടുംബങ്ങളോ മുതിര്‍ന്ന അംഗങ്ങളുടെ എണ്ണം കുറഞ്ഞു കൊണ്ടിരിക്കുന്ന കുടുംബങ്ങളോ ആണ് എന്നാണ് കണ്ടെത്തിയത്.

ദീര്‍ഘ കാലത്തേക്കുള്ള വാടക കരാറുകള്‍ ലഭ്യമല്ലാത്തതാണ് സ്വകാര്യ മേഖലയിലെ റെന്റല്‍ സെക്ടര്‍ നേരിടുന്ന പ്രതിസന്ധി. ലോക്കല്‍ അതോറിറ്റി ലോണ്‍ ,മോര്‍ട്ട്‌ഗേജ് പലിശ ഇളവ്, ടെനന്റ് പര്‍ച്ചേസ് സ്‌കീമുകള്‍ തുടങ്ങിയവയാണ് അയര്‍ലണ്ടിനെ കഴിഞ്ഞ പതിറ്റാണ്ടില്‍ യൂറോപ്പില്‍ ജനസംഖ്യാനുപാതികമായി എറ്റവുമധികം വീട്ടുടമസ്ഥരുള്ള രാജ്യമാക്കി മാറ്റിയതെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

Scroll To Top