Monday October 22, 2018
Latest Updates

അയര്‍ലണ്ടിലെ മലയാളികള്‍ക്ക് ലഭിച്ച കനകാവസരം പാഴാക്കരുത്…. നഴ്സിംഗ് യോഗ്യത ഉള്ളവര്‍ക്ക് രജിസ്ട്രേഷന്‍ നേടാന്‍ ഇന്ന് കൂടി അവസരം 

അയര്‍ലണ്ടിലെ മലയാളികള്‍ക്ക് ലഭിച്ച കനകാവസരം പാഴാക്കരുത്…. നഴ്സിംഗ് യോഗ്യത ഉള്ളവര്‍ക്ക് രജിസ്ട്രേഷന്‍ നേടാന്‍ ഇന്ന് കൂടി അവസരം 

ഡബ്ലിന്‍: നഴ്സിംഗ് യോഗ്യതയുള്ള ഐറിഷ് പൗരത്വം നേടിയവര്‍ക്കും,അവരുടെ സ്റ്റാമ്പ് 4 യോഗ്യതയുള്ള സ്പൗസസിനും രജിസ്‌ട്രേഷനും,പിന്‍നമ്പറും നല്‍കാനായി NMBI പ്രഖ്യാപിച്ച സ്‌പെഷ്യല്‍ സ്‌കീമിന്റെ അവസാനതീയതി ഇന്ന് (വെള്ളിയാഴ്ച ).

NMBI ഓഫിസ് ദുഃഖവെള്ളി പ്രമാണിച്ചു ബോര്‍ഡ് അവധിയാണെങ്കിലും ഇമെയില്‍ വഴി ഇന്ന് കൂടി മാത്രം അപേക്ഷ സമര്‍പ്പിക്കാനാകും .

ഓണ്‍ ലൈനില്‍ എങ്ങനെ അപേക്ഷിയ്ക്കാം

അപേക്ഷാ ഫോം താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്

https://www.nmbi.ie/Registration/Trained-outside-Ireland/Application-Process/Application-Request-Form

പൂരിപ്പിച്ച അപേക്ഷകള്‍ euregistration@ nmbi.ie എന്ന വിലാസത്തില്‍ ഇന്ന്(മാര്‍ച്ച് 30 വെള്ളിയാഴ്ച)തന്നെ എന്‍ എം ബി ഐ യ്ക്ക് ലഭിച്ചാലേ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള സ്‌പെഷ്യല്‍ സ്‌കീമില്‍ ഉള്‍പെടുത്തുകയുള്ളു. അഞ്ചു വര്‍ഷത്തില്‍ ഒരു വര്‍ഷം നഴ്സായി ജോലി ചെയ്യണമെന്നത് ഇയൂ വിഭാഗത്തിന് ബാധകമല്ല.

ഇന്ത്യയിലെയോ,ഐറിഷ് നഴ്‌സിംഗ് കൗണ്‍സില്‍ അംഗീകരിച്ച മറ്റെതെങ്കിലും രാജ്യങ്ങളിലെയോ നഴ്‌സിംഗ് യോഗ്യതകള്‍ ഉള്ള ഐറിഷ് പാസ്പോര്‍ട്ട് ഉള്ളവര്‍ക്ക് ഐഇഎല്‍ ടിഎസ് ഇല്ലെങ്കിലും ഇന്ന് കൂടി രജിസ്‌ട്രേഷന്‍ അപേക്ഷ നല്‍കാം.അപേക്ഷകന്റെ ഐറിഷ് പാസ്പോര്‍ട്ടിന്റെ കോപ്പി ,സ്പൗസിനാണ് ഐറിഷ് പാസ്‌പോര്‍ട്ട് ഉള്ളതെങ്കില്‍ അതിന്റെ കോപ്പി,എന്നിവയും അപേക്ഷയോടൊപ്പം അറ്റാച്ച് ചെയ്തിരിക്കണം

ഇപ്പോള്‍ സ്റ്റാമ്പ് 4 സ്റ്റാമ്പിലുള്ള ഐറിഷ് സ്പൗസസിനും ഇ യൂ പരിഗണന നല്‍കുന്നുണ്ട്.നിശ്ചിതമായ മറ്റ് യോഗ്യതകള്‍ ഉണ്ടെങ്കില്‍ അവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാമെന്ന് NMBI ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.

അയര്‍ലണ്ടിലെ ഒരു മലയാളം ബ്ലോഗില്‍ ഈ സ്‌കീം വ്യാജ വാര്‍ത്തയാണെന്ന തരത്തില്‍ പ്രചാരണം നടക്കുന്നതിനാല്‍ നിരവധി പേര്‍ ആശയക്കുഴപ്പത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.ഐറിഷ് സര്‍ക്കാര്‍, മലയാളികള്‍ അടക്കമുള്ള നൂറുകണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപ്രതീക്ഷിതമായി നല്‍കിയ കനകാവസരം, ആശയക്കുഴപ്പം മൂലം നഷ്ടപെടുത്തുന്ന ഈ ബ്ലോഗര്‍ വാര്‍ത്ത പിന്‍വലിക്കുകയോ,തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിച്ചതില്‍ ഖേദം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല.

ഇന്നലെയും നൂറുകണക്കിന് മലയാളികളാണ് അപേക്ഷ സമര്‍പ്പിക്കാന്‍ ബ്‌ളാക്ക് റോക്കിലെ NMBI ഓഫീസിലെത്തിയത്.

അപേക്ഷ നല്‍കിയവര്‍ക്ക് പത്തു പ്രവര്‍ത്തി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രജിസ്‌ട്രേഷന് വേണ്ടിയുള്ള ഫോം നഴ്സിംഗ് ബോര്‍ഡ് അയച്ചു കൊടുക്കും.സൂക്ഷ്മ പരിശോധനകള്‍ക്ക് ശേഷം രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിക്കും.

തിരഞ്ഞെടുക്കപ്പെടുന്ന എല്ലാവര്‍ക്കും,അവരുടെ മുന്‍ പ്രവര്‍ത്തി പരിചയം അനുസരിച്ച് മൂന്നു മാസം വരെ നീളുന്ന ഒരു അഡാപ്‌റ്റേഷന്‍ കോഴ്‌സ് ചെയ്യണ്ടി വരുമെന്ന് നഴ്സിംഗ് ബോര്‍ഡ് അധികൃതര്‍ ‘ഐറിഷ് മലയാളിയെ’അറിയിച്ചു.ഇതിന്റെ സ്ഥലവും,സമയക്രമവും ഉടന്‍ നിര്‍ണയിച്ച് തിരഞ്ഞെടുക്കപ്പെടുന്നവരെ അറിയിക്കും.

പുതിയ ക്രമമനുസരിച്ചുള്ള അപേക്ഷകള്‍ ഏപ്രില്‍ 2 ന് ശേഷം സ്വീകരിക്കുന്നതിനാല്‍ ഇപ്പോള്‍ സ്വീകരിക്കുന്ന അപേക്ഷകള്‍ എത്രയും വേഗം പരിശോധിച്ച് തീരുമാനം ഉദ്യോഗാര്‍ത്ഥികളെ അറിയിക്കുമെന്ന് നഴ്സിംഗ് ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി.

നഴ്സിംഗ് അപേക്ഷാ രീതികള്‍ മാറുന്നതിനാലും, അയര്‍ലണ്ടില്‍ നിന്നും പുതിയതായി കോഴ്‌സ് പാസാകുന്നവരില്‍ 65 ശതമാനം നഴ്സിംഗ് പഠിതാക്കളും രാജ്യം വിട്ടു പുറത്തേയ്ക്ക് ജോലി അന്വേഷിച്ച് പോകുന്നതിനാലുമാണ് മലയാളികള്‍ അടക്കമുള്ള അയര്‍ലണ്ടിലെ പൗരത്വം സ്വീകരിച്ചവരും,നഴ്സിംഗ് ബിരുദ/ഡിപ്ലോമ യോഗ്യതയുള്ളവരുമായ കുടിയേറ്റക്കാര്‍ക്ക് രജിസ്‌ടേഷന്‍ നല്കാന്‍ എന്‍എംബിഐ അടിയന്തരമായി തീരുമാനമെടുത്തത്.

ഐറിഷ് മലയാളിയില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചപ്പോള്‍ മുതല്‍ എന്‍എംബിഐയിലേക്ക് മലയാളികളുടെ ഒഴുക്കാണ്.മുന്നൂറോളം പേരാണ് ബുധന്‍,വ്യാഴം ദിവസങ്ങളിലായി അപേക്ഷ നല്‍കാന്‍ എത്തിയത്.

സ്വന്തം പ്രൊഫഷന്‍ ചെയ്യാമെന്ന അഭിമാനകരമായ നേട്ടത്തോടൊപ്പം 50 ശതമാനം വരെ വരുമാന വര്‍ദ്ധനയുമാണ് രജിസ്ട്രേഷന്‍ ലഭിക്കുന്നവരെ കാത്തിരിക്കുന്നത്.

റെജി സി ജേക്കബ്

Scroll To Top