Saturday December 10, 2016
Latest Updates

അയര്‍ലണ്ടിലെ ഇന്ത്യന്‍ എംബസി സര്‍വീസുകള്‍ പുറംകരാര്‍ കൊടുക്കാനുള്ള പദ്ധതി തുടക്കത്തിലെ പാളി 

അയര്‍ലണ്ടിലെ ഇന്ത്യന്‍ എംബസി സര്‍വീസുകള്‍ പുറംകരാര്‍ കൊടുക്കാനുള്ള പദ്ധതി തുടക്കത്തിലെ പാളി 

ഡബ്ലിന്‍:അയര്‍ലണ്ടിലെ ഇന്ത്യന്‍ എംബസിയുടെ വിവിധ സര്‍വീസുകള്‍ ഔട്ട് സോഴ്‌സ് ചെയ്യാനുള്ള നീക്കം തുടക്കത്തിലെ മുടങ്ങി.എംബസിയിലെ തിരക്ക് കുറയ്ക്കുന്നതിനും സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും വേണ്ടി ഔട്ട് സോഴ്‌സിംഗ് ഏര്‍പ്പെടുത്താനായി പുറപ്പെടുവിച്ച ടെണ്ടര്‍ നോട്ടിസ് ഒരാഴ്ച പിന്നിടും മുമ്പേ പിന്‍വലിച്ചിരിക്കുകയാണ്.

വിസ,പാസ്‌പോര്‍ട്ട് ,കോണ്‍സുലര്‍ സര്‍വീസുകള്‍ എന്നിവയാണ് ഔട്ട് സോഴ്‌സ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്.വര്‍ഷങ്ങളായി അയര്‍ലണ്ടിലെ ഇന്ത്യാക്കാര്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്ന മാറ്റമാണിത്.എംബസി നേരിട്ട് നടത്തുമ്പോള്‍ ഇവയില്‍ പല സേവനങ്ങളിലും പരാതികള്‍ കുമിഞ്ഞു കൂടുന്നത് കൂടി പരിഗണിച്ചാണ് മറ്റ് പല രാജ്യങ്ങളിലെ എന്ന പോലെ അയര്‍ലണ്ടിലും ഔട്ട് സോഴ്‌സിംഗ് നടത്താന്‍ അപേക്ഷ ക്ഷണിച്ചത്.സ്റ്റാഫിന്റെ അപര്യാപ്തതയാണ് എംബസി അധികൃതര്‍ ഇതിനു മറ്റൊരു കാരണമായി ചൂണ്ടികാട്ടിയിരുന്നത്.

പാസ്‌പോര്‍ട്ട് ,വിസ എന്നിവയിലെ സേവനം ചെയ്തു മൂന്നു വര്‍ഷമെങ്കിലും പരിചയമുള്ളവരെയാണ് ഡിസംബര്‍ അവസാന വാരം പുറപ്പെടുവിച്ച ടെണ്ടര്‍ അനുസരിച്ച് ക്ഷണിച്ചിരുന്നത്.വന്‍തുകയാണ് ഡിപ്പോസിറ്റ് ഫീസായി ആവശ്യപ്പെട്ടിരുന്നത്.എങ്കിലും ഏറെ അപേക്ഷകര്‍ തയ്യാറായി മുമ്പോട്ട് വന്നിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ ടെണ്ടര്‍ പിന്‍വലിയ്ക്കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിക്കുകയാണ് ഉണ്ടായത്.

ഔട്ട് സോഴ്‌സിംഗ് ഏജന്‍സിയ്ക്ക് ഉപഭോക്താക്കള്‍ സേവനത്തിനു നേരിട്ട് ഫീസ് നല്കുകയാണ് ചെയ്യേണ്ടിയിരുന്നത്.ഇത് പ്രകാരം പാസ്‌പോര്‍ട്ടോ,വിസയോ,കോണ്‍സുലര്‍ സര്‍വീസോ ആവശ്യമുള്ളവര്‍ നിശ്ചിത ഫീസ് നല്‍കി ഔട്ട് സോഴ്‌സിംഗ് ഏജന്‍സി വഴി എംബസിയില്‍ സമര്‍പ്പിക്കുകയാണ് വേണ്ടത്.എംബസിയിലെ തിരക്ക് ഒഴിവാക്കാന്‍ ഇത് മൂലം കഴിയുമെന്നാണ് എംബസി അധികൃതര്‍ പ്രതീക്ഷിക്കുന്നത്.

ടെണ്ടര്‍ നോട്ടിസ് പിന്‍വലിക്കാനുള്ള കാരണം മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.എന്നാല്‍ അയര്‍ലണ്ടിലെ സര്‍വീസുകള്‍ ഔട്ട് സോഴ്‌സിംഗിനുള്ള പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മന്ത്രാലയവൃത്തങ്ങള്‍ ഐറിഷ് മലയാളിയെ അറിയിച്ചു.

റെജി സി ജേക്കബ്

Scroll To Top