Monday June 25, 2018
Latest Updates

അയര്‍ലണ്ടില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭക്ക് സ്വന്തം ദേവാലയം ഒരുങ്ങുന്നു

അയര്‍ലണ്ടില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭക്ക് സ്വന്തം ദേവാലയം ഒരുങ്ങുന്നു

ഡബ്ലിന്‍:അയര്‍ലണ്ടിലെ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയുടെ പന്ത്രണ്ട് വര്‍ഷക്കാലമായുള്ള സ്വപ്നം യാഥാര്‍ഥ്യത്തിലേക്ക് .ഡബ്ലിന്‍ പാമേഴ്സ് ടൗണില്‍ പുതുതായി വാങ്ങിയ സ്ഥലത്ത് സഭയുടെ പാഴ്സനേജിന്റെയും അതിനോട് ചേര്‍ന്ന് പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിലുള്ള ചാപ്പലിന്റെയും (Gregorian Oratory) കൂദാശ കര്‍മ്മം ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമേനിയുടെ കാര്‍മികത്വത്തില്‍ ഇന്നലെ (10/12/2017) നിര്‍വഹിക്കപ്പെട്ടു. ‘മലങ്കര ഹൗസ്’ എന്ന നിലവിലുള്ള കാതോലിക്കേറ്റ് സെന്റര്‍ ഇവിടെ പുനഃപ്രതിഷ്ഠിക്കുകയും ചെയ്തു.

യു.കെ.-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസനത്തിലെ രണ്ടാമത്തെ വലിയ പള്ളിയായ ഡബ്ലിന്‍ സെന്റ്.തോമസ് ഇടവക സ്വന്തമായ ദേവാലയ നിര്‍മാണത്തിനായുള്ള ശ്രമങ്ങള്‍ അതിവേഗം പൂര്‍ത്തിയാവുമെന്നാണ് കരുതപ്പെടുന്നത്.

തലസ്ഥാന നഗരമായ ഡബ്ലിനിലെ പാമേഴ്സ് ടൗണില്‍ 65 സെന്റ് സ്ഥലമാണ് 6,50,000 യൂറോക്ക് ഇടവക സ്വന്തമായി വാങ്ങി ദേവാലയ നിര്‍മ്മാണത്തിനായുള്ള പ്രാഥമിക നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത്.

സ്വന്തമായ ഒരു ദേവാലയത്തിനു വേണ്ടി അക്ഷീണം പരിശ്രമിച്ച മുന്‍ വികാരി റവ.ഫാ.അനിഷ് കെ.സാമിന്റെ നേതൃത്വവും ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമേനിയുടെ പിന്തുണയും പ്രോത്സാഹനവും,സഭാവിശ്വാസികളുടെ തീവ്രമായ ഉത്സാഹവും ഒത്തുചേര്‍ന്നപ്പോള്‍ ദേവാലയമെന്ന സ്വപ്‌നത്തിനുള്ള അടിത്തറയായി.

6 ബെഡ്റൂം ഉള്‍ക്കൊള്ളുന്ന ഒരു വീടും, ഓഡിറ്റോറിയവും ഓഫീസ് സൗകര്യങ്ങളോടും കൂടിയ 65 സെന്റ് സ്ഥലം ഡബ്ലിന്‍ നഗരത്തിന്റെ ഹൃദയഭാഗത്തോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്.

മുന്‍ വികാരി റവ.ഫാ.ഡോ.കോശി വൈദ്യന്റെ നേതൃത്വത്തില്‍ 2010-ലാണ് ഡബ്ലിന്‍ ഇടവക സ്വന്തമായി ഒരു വീട് വാങ്ങുകയും, ‘മലങ്കര ഹൗസ്’ എന്ന പേരില്‍ പരിശുദ്ധ സഭയുടെ അയര്‍ലണ്ടിലെ കാതോലിക്കേറ്റ് സെന്റര്‍ ആയി വികസിപ്പിക്കുകയും ചെയ്തത്.

ഇടവകയുടെ പ്രഥമ മെത്രാപ്പോലീത്താ കാലം ചെയ്ത അഭിവന്ദ്യ ഡോ.തോമസ് മാര്‍ മക്കാറിയോസ് തിരുമേനിയുടെ നാമത്തില്‍ ഒരു എക്യൂമെനിക്കല്‍ സെന്ററും (Bishop Makarios Centre for Faith & Culture), കാലം ചെയ്ത അഭിവന്ദ്യ ഡോ.സഖറിയാസ് മാര്‍ തെയോഫിലോസ് തിരുമേനിയുടെ നാമത്തില്‍ ഒരു ലൈബ്രററിയും (Bishop Theophilos Lonad Foghlama) മലങ്കര ഹൗസില്‍ പ്രവര്‍ത്തിക്കും. 

ദേവാലയ നിര്‍മാണം എന്ന രണ്ടാമത്തെ ഘട്ടത്തിലേക്ക് ദൈവാശ്രയത്തോടെ പ്രവേശിക്കുവാന്‍ ഒരുങ്ങുകയാണ് ഡബ്ലിന്‍ ഇടവക. ഇടവക വികാരി റവ.ഫാ.അനിഷ് ജോണിന്റെ നേതൃത്വത്തില്‍ മാനേജിങ് കമ്മിറ്റി, ബില്‍ഡിംഗ് കമ്മിറ്റി എന്നിവയുടെ സഹകരണത്തോടെ ദേവാലയ നിര്‍മാണത്തിനായുള്ള ക്രമീകരണങ്ങള്‍ നടന്നു വരുന്നു. അയര്‍ലണ്ടിലെ മലയാളി സമൂഹത്തിന്റെ സ്വന്തമായ ആദ്യ ദേവാലയം എന്ന പ്രത്യേകതയും ഇതിന് കൈവരുമെന്ന പ്രത്യേകതയുമുണ്ട്.

വാര്‍ത്ത:ഷാജി പന്തളം

Scroll To Top