Sunday May 27, 2018
Latest Updates

മാര്‍ സ്രാമ്പിക്കലിന്റെ മെത്രാഭിഷേകം ഇന്ന് ,കര്‍ദ്ദിനാളും മെത്രാന്‍മാരുമെത്തി,യൂ കെ യിലെ സീറോ മലബാര്‍ സമൂഹം പ്രെസ്റ്റണിലേക്ക് ഒഴുകിയെത്തും

മാര്‍ സ്രാമ്പിക്കലിന്റെ മെത്രാഭിഷേകം ഇന്ന് ,കര്‍ദ്ദിനാളും മെത്രാന്‍മാരുമെത്തി,യൂ കെ യിലെ സീറോ മലബാര്‍ സമൂഹം പ്രെസ്റ്റണിലേക്ക് ഒഴുകിയെത്തും

പ്രെസ്റ്റണ്‍:സീറോ മലബാര്‍ സഭയുടെ ചരിത്രത്തില്‍ നവ അദ്ധ്യായം എഴുതി ചേര്‍ത്തുകൊണ്ട് യൂ കെ യിലെ വിശ്വാസസമൂഹത്തിന്റെ പുതിയ ഇടയനായി മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷേകം നാളെ(ഇന്ന് ) നടത്തപ്പെടും. മെത്രാന്‍ കൂട്ടായ്മയിലേക്ക് പുതിയതായി കൂട്ടിച്ചേര്‍ക്കപ്പെടുന്ന അദ്ദേഹത്തെ സ്വാഗതം ചെയ്യാനെത്തുന്നത് കേരളത്തില്‍ നിന്നും യുകെയില്‍ നിന്നുമായി ഇരുപതോളം മെത്രാന്‍മാര്‍. ആതിഥേയ രൂപതയായ ലങ്കാസ്റ്റര്‍ രൂപതയുടെ മെത്രാന്‍ മൈക്കിള്‍ കാംബെലും മാര്‍ സ്രാമ്പിക്കലിന്റെ മാതൃരൂപതയായ പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടുമായിരിക്കും മെത്രാഭിഷേക ശുശ്രൂഷയില്‍ സഹായ മെത്രാന്‍മാര്‍.ഇന്ന്  ഉച്ചയ്ക്ക് ഒന്നര മണിയ്ക്ക് തിരുക്കർമ്മങ്ങള്‍ ആരംഭിക്കും.
ചങ്ങനാശേരി അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം, കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്, അമേരിക്കയിലെ ചിക്കാഗോ രൂപതാ മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത്, ഇരിങ്ങാലക്കുട രൂപതാ മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍, ഉജ്ജയിന്‍ രൂപതാ മെത്രാനും പ്രവാസികാര്യ കമ്മീഷന്‍ ചെയര്‍മാനുമായിരുന്ന മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, യൂറോപ്പിലെ അപ്പോസ്തലിക്ക് വിസിറ്റേറ്ററായി നിയമിതനായിരിക്കുന്ന മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്, ഓര്‍ത്തഡോക്സ് മെത്രാപ്പോലീത്തന്‍ ആര്‍ച്ച് ബിഷപ്പ് മാത്യൂസ് മാര്‍ തിമോത്തിയോസ് (മെത്രാപ്പോലീത്ത, യുകെ, യൂറോപ്പ്, ആഫ്രിക്ക- മലങ്കര ഓര്‍ത്ത് സിറിയന്‍ ചര്‍ച്ച്) തുടങ്ങിയവര്‍ തങ്ങളുടെ സാന്നിധ്യവും പ്രാര്‍ത്ഥനയും കൊണ്ട് അനുഗ്രഹിക്കുമ്പോള്‍ യുകെയിലുള്ള പത്തോളം ലത്തീന്‍ കത്തോലിക്കാ രൂപതകളുടെ ബിഷപ്പുമാരും ഈ ചരിത്രനിമിഷത്തിനു സാക്ഷികളാകാന്‍ എത്തിച്ചേരും.

സീറോ മലങ്കര സഭയെ പ്രതിനിധീകരിച്ച് ഫാ. ഡാനിയേല്‍ കുളങ്ങര, ഫാ. തോമസ് മടുക്കമൂട്ടില്‍ എന്നിവര്‍ തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിക്കും. വികാരി ജനറാള്‍മാരും അപ്പസ്തോലിക് ന്യൂണ്‍ഷ്യോ റവ. അന്റോണിയോ മെന്നിനി (അപ്പസ്തോലിക് ന്യൂണ്‍ഷ്യോ, ബ്രിട്ടന്‍)യുടെപ്രതിനിധികളായ മോണ്‍. മാറ്റി സി. മോറി, മോണ്‍. വിന്‍സെന്റ് ബ്രാഡി തുടങ്ങിയവരും മറ്റു രൂപതകളിലെ മോണ്‍സിഞ്ഞോര്‍മാരും ന്യൂണ്‍ഷ്യോയുടെ മറ്റൊരു പ്രതിനിധി ഫാ. മാത്യു കമ്മിംഗ്, പ്രെസ്റ്റണ്‍ സിറ്റി കൗണ്‍സില്‍ മേയര്‍ കൗണ്‍സിലര്‍ ജോണ്‍ കോളിന്‍സ്, അദ്ദേഹത്തിന്റെ പത്നി, പ്രെസ്റ്റണ്‍ സിറ്റി വൈസ് ലോര്‍ഡ് ആന്‍ഡ് ലേഡി ലെഫ്റ്റനന്റ് തുടങ്ങിയവരും ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തും.

തിരുക്കര്‍മ്മങ്ങളുടെ ആര്‍ച്ച് ഡീക്കന്‍, ഇതുവരെ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സിലെ സീറോ മലബാര്‍ കോ ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചിരുന്ന ഫാ. തോമസ് പാറയടിയിലാണ്. 2007 മുതല്‍ ലണ്ടനില്‍ ശുശ്രൂഷ ചെയ്യുന്ന അദ്ദേഹത്തെ 2013 ഡിസംബര്‍ 1നാണ് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സിന്റെ നാഷണല്‍ കോഓര്‍ഡിനേറ്റര്‍ ആയി കര്‍ദ്ദിനാള്‍ പ്രഖ്യാപിച്ചത്. തിരുക്കര്‍മ്മങ്ങളുടെ മാസ്റ്റര്‍ ഓഫ് സെറിമണീസ് ആയ ഫാ. മാത്യു ചൂരപ്പൊയ്കയില്‍ മെത്രാഭിഷേകച്ചടങ്ങികളുടെ ജോയിന്റ് കണ്‍വീനറുമാണ്.

സീറോ മലബാര്‍ സഭയുടെ തലവനായ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഇന്നലെ മാഞ്ചെസ്റ്റര്‍ ഏയര്‍പോര്‍ട്ടിലെത്തി. പ്രാദേശീക സമയം വൈകുന്നേരം 8.00 ന് ഏയര്‍പോര്‍ട്ടിനു പുറത്തു വന്ന പിതാവിനെ സ്വീകരിച്ചത് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ നിയുക്ത മെത്രാന്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിലുള്ള വൈദികരും വിശ്വാസികളും ചേര്‍ന്ന്. യുകെയിലെ സീറോ മലബാര്‍ സഭയുടെ കണ്‍വീനര്‍ റവ. ഡോ. തോമസ് പാറയടിയില്‍, റവ. ഡോ. മാത്യൂ ചൂരപ്പൊയ്കയില്‍, സ്വീകരണ കമ്മറ്റി കണ്‍വീനര്‍ ഫാ. സജി മലയില്‍ പുത്തന്‍പുരയ്ക്കല്‍, ഫാ. ജിനോ അരീക്കാട്ട് എന്നിവരോടൊപ്പം നിരവധി വൈദീകരും കമ്മറ്റിയംഗങ്ങളും വിശ്വാസികളും കൂടി അഭിവന്ദ്യ കര്‍ദ്ദിനാളിനെ മാഞ്ചെസ്റ്ററില്‍ സ്വീകരിച്ചു .

അതേസമയം ഈ വിശ്വാസ ആഘോഷത്തിന് പ്രാര്‍ത്ഥനാപൂര്‍വം ഒരുങ്ങുകയാണ് യൂ കെ യിലെ ഭക്തസഹസ്രങ്ങള്‍. പ്രെസ്റ്റണിലും പരിസരത്തുമായി ബന്ധുക്കളും സുഹൃത്തുക്കളും അയല്‍ക്കാരുമായുള്ളവര്‍ നേരത്തേതന്നെ എത്തി തങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം ഈ ചടങ്ങുകളില്‍ പങ്കാളികളാകും. ശനിയാഴ്ച കത്തീഡ്രലായി ഉയര്‍ത്തപ്പെട്ട പ്രെസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ പള്ളിയില്‍ തിരുക്കര്‍മ്മങ്ങളുടെ ഭാഗമായി ജാഗരണ പ്രാര്‍ത്ഥനകള്‍ നടത്തപെടുന്നുണ്ട്.

തിരുക്കര്‍മ്മങ്ങളില്‍ സഹകാര്‍മികനായ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് യുകെയില്‍ എത്തിയതിനു പിന്നാലെ പാലായില്‍ നിന്നുള്ള ആദ്യസംഘം ആളുകള്‍ മെത്രാഭിഷേകച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്നു.നിയുക്ത ബിഷപ്പിന്റെ ബന്ധുക്കളും ഇടവകയായ ഉരുളികുന്നത്ത് നിന്നുള്ള സുഹൃത്തുക്കളും യൂ കെയില്‍ എത്തിയിട്ടുണ്ട്.

Scroll To Top