Wednesday September 20, 2017
Latest Updates

‘ഒരാള്‍ പൊക്കം’ ശനിയാഴ്ച്ച ഡബ്ലിനില്‍ പ്രദര്‍ശനത്തിനെത്തും :ഇത് കേരളത്തിന്റെ ജനകീയ മുന്നേറ്റത്തിന്റെ കഥ

‘ഒരാള്‍ പൊക്കം’ ശനിയാഴ്ച്ച ഡബ്ലിനില്‍ പ്രദര്‍ശനത്തിനെത്തും :ഇത് കേരളത്തിന്റെ ജനകീയ മുന്നേറ്റത്തിന്റെ കഥ

 ഡബ്ലിന്‍:ജനകീയ സിനിമയുടെ വിജയ മുദ്രയായി കേരള സമൂഹം സ്വീകരിച്ച ഒരാള്‍ പൊക്കം ഡബ്ലിനില്‍ പ്രദര്‍ശനത്തിനെത്തുന്നു.

കേരളം, മുംബൈ, ഡല്‍ഹി, ഉത്തരാഖണ്ഡ് എന്നിങ്ങനെ ഇരുപതോളം ലൊക്കേഷനുകളില്‍ അറുപതിലധികം ദിവസങ്ങളുടെ ഷൂട്ടിംഗടക്കം ഒരു വര്‍ഷത്തോളം സമയമെടുത്താണ് ഒരാള്‍ പൊക്കം പ്രദര്‍ശനത്തിന് എത്തിയത്.ഹിമാലയത്തിലെ മഞ്ഞുപുതഞ്ഞ ദുഷ്‌കരമായ ഇടങ്ങളില്‍ ഈ സിനിമയ്ക്കായി ദിവസങ്ങളോളം താമസിക്കേണ്ടി വന്നു.വെള്ളപ്പൊക്കത്തില്‍ ഇല്ലാതായ കേദാര്‍നാഥിന്റെ പാശ്ചാത്തലത്തിലാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

വളരെ ചെലവു കുറഞ്ഞ നിര്‍മാണ രീതിയായായിരുന്നു. ഒരാള്‍പ്പൊക്കത്തിന്റേത്. പിന്നണിപ്രവര്‍ത്തകരില്‍ ഭൂരിഭാഗവും പുതുമുഖങ്ങളാണ്. പ്രമുഖ എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ മീന കന്ദസാമി, നടനും നിര്‍മാതാവുമായ പ്രകാശ് ബാരെ, പ്രശസ്ത പത്രപ്രവര്‍ത്തകന്‍ വെങ്കിടേഷ് രാമകൃഷ്ണന്‍, ബംഗാളിലെ യുവ സംവിധായകന്‍ ബിക്രം ജിത് ഗുപ്ത എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.

തിരുവനന്തപുരത്ത് ഇക്കഴിഞ്ഞ ഡിസംബറില്‍ നടന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ഫിപ്രസി, നെറ്റ്പാക് പുരസ്‌കാരങ്ങളും ഈ ക്രൗഡ് ഫണ്ടിംഗ് സിനിമ സ്വന്തമാക്കിയിരുന്നു.

ജോണ്‍ അബ്രാഹം യുഗത്തിന് ശേഷം ചലച്ചിത്ര രംഗത്ത് കേരളം ദര്‍ശിക്കുന്ന ജനകീയ മുന്നേറ്റമാണ്ഒരാള്‍ പൊക്കത്തിന്റേത്. സിനിമ ഒരേസമയം ഒരു കലാരൂപവും വലിയ മൂലധനനിക്ഷേപമുള്ള വ്യവസായവുമാണ്. എന്നാല്‍ കാലങ്ങളായി അതിന്റെ മൂലധനസംബന്ധിയായ താല്‍പര്യമാണ് ഈ രംഗത്ത് മുന്നിട്ടു നില്‍ക്കുന്നത്. എന്നാല്‍ 70കളിലും 80കളിലും ജോണ്‍ അബ്രഹാം തന്റെ സമാന്തര സിനിമകളെയും അവയുടെ മൂലധനസമാഹരണത്തെയും ജനകീയപങ്കാളിത്തത്തോടെ സമീപിച്ചിരുന്നു. 

ഒഡിസ എന്ന തന്റെ സിനിമാനിര്‍മ്മാണ കമ്പനിക്ക് ജോണ്‍ പണം സമാഹരിചിരുന്നത് ആളുകളില്‍ നിന്ന് ചെറിയ തുകകള്‍ പിരിച്ചെടുത്തിട്ടായിരുന്നു. അതുവഴി തന്റെ സിനിമകള്‍ ജോണ്‍ സാധാരണക്കാരിലെക്കെത്തിച്ചിരുന്നു. ജോണിന് അത് കലാപരമായ വിപ്ലവപ്രവര്‍ത്തനവുമായിരുന്നു. 

അതിനു ശേഷം അന്യം നിന്നു പോയ ആ ജനകീയപങ്കാളിത്തധാര ഇതാ ഇപ്പോള്‍ സനല്‍കുമാര്‍ ശശിധരന്‍ എന്ന യുവസംവിധായകനിലൂടെ തിരിച്ചുവന്നിരിക്കുന്നു. സിനിമാവണ്ടിയോടിച്ചു തന്റെ ‘ഒരാള്‍പൊക്കം’ എന്ന സമാന്തരസിനിമയെ ഈ ചെറുപ്പക്കാരന്‍ നാട്ടിന്‍പുറത്തെത്തിക്കുന്നു. oralpokkam1

ഗ്രാമങ്ങളിലെ ചെമ്മണ്‍പാതകളിലൂടെ ആ വണ്ടി വരികയാണ്, നല്ല സിനിമയെ മള്‍ടിപ്ലെക്‌സുകള്‍ പ്രാപ്യമല്ലാത്ത സാധാരണക്കാര നിലെത്തിക്കാന്‍. ഈ സിനിമയെ നല്ല സിനിമയെ സ്‌നേഹിക്കുന്ന പ്രവാസിമലയാളികളും ഏറ്റെടുത്തുകഴിഞ്ഞു. പലരാജ്യങ്ങളിലും ‘ഒരാള്‍പൊക്കം’ പ്രദര്‍ശിപ്പിക്കപ്പെട്ടു. ദേശീയതലത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ഈ നല്ല സിനിമയെ നമ്മള്‍ ഐറിഷ് മലയാളികളും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.

ശനിയാഴ്ച (07/03/2015) വൈകുന്നേരം ഏഴുമണിക്ക് ലൂക്കനിലെ ബാലിയോവേന്‍ കാസില്‍ കമ്മ്യൂണിറ്റി സെന്റെറില്‍ ‘ഒരാള്‍പൊക്കം’ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഐറിസ് ഫിലിം സൊസൈറ്റിയുടെയും  കേരളാ ഹൗസിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ കാഴ്ച ഫിലിം ഫോറവുമായി ചേര്‍ന്നാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നത്. നല്ല സിനിമയെ സ്‌നേഹിക്കുന്ന എല്ലാ ഐറിഷ് മലയാളികളും ഈ സംരംഭവുമായി സഹകരിക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

Scroll To Top