Wednesday September 26, 2018
Latest Updates

ദുരന്തഭീതി വിട്ടൊഴിഞ്ഞ് അയര്‍ലണ്ട്,മുന്നറിയിപ്പുകള്‍ തുണയായി, നാളെകള്‍ അത്ര നല്ലതാവില്ലെന്ന് പഠനം ; ചുഴലിക്കാറ്റുകള്‍ കൂടുതലായി എത്താം

ദുരന്തഭീതി വിട്ടൊഴിഞ്ഞ് അയര്‍ലണ്ട്,മുന്നറിയിപ്പുകള്‍ തുണയായി, നാളെകള്‍ അത്ര നല്ലതാവില്ലെന്ന് പഠനം ; ചുഴലിക്കാറ്റുകള്‍ കൂടുതലായി എത്താം

ഡബ്ലിന്‍:ആശ്വസിക്കാം.54 ലക്ഷം ജനങ്ങളുടെ ആവാസകേന്ദ്രമായ ഐറിഷ് ദീപിനെ വിട്ട് ഭീകരരൂപം പൂണ്ട ഒഫേലിയാ ചുഴലിക്കൊടുങ്കാറ്റ് കടന്നുപോയി.നൂറു ശതമാനം ആത്മാര്‍ഥതതയോടെ ഒരു സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചതിനാല്‍ ദുരന്തങ്ങളുടെ ഗ്രാഫിന് അധികമൊന്നും നഷ്ടങ്ങള്‍ രേഖപ്പെടുത്താനായില്ല.ഓരോ വീട്ടിലെയും കൊച്ചു പൂച്ചക്കുട്ടിയെ മുതല്‍ അയല്‍വീട്ടിലെ നടക്കാന്‍ പാട് പെടുന്ന വൃദ്ധരെയും വരെ ഓരോ പൗരനും പരസ്പരം നോക്കണമെന്ന് മുന്നറിയിപ്പ് നല്‍കാന്‍ 24 മണിക്കൂര്‍ മുമ്പെങ്കിലും കഴിഞ്ഞത് ഭാഗ്യമായി.തീപ്പെട്ടി,മെഴുകുതിരികള്‍,വിറക്,തുടങ്ങി നിസാരമായവയെ കുറിച്ച് പോലുമുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍ സര്‍ക്കാര്‍ പൗരന്മാര്‍ക്ക് നല്‍കിയിരുന്നു.വൈദ്യുതിയൊന്ന് പോയാല്‍ അടുപ്പ് പുകയില്ലാത്ത ഒട്ടേറെ വീടുകളുള്ള ഒരു രാജ്യത്ത് ആദ്യ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഇവയ്‌ക്കൊക്കെ പരിഹാരം തേടാനാണ് സര്‍ക്കാര്‍ ആവര്‍ത്തിച്ച് ജനങ്ങളോട് പറഞ്ഞത്.

ഭയപ്പെടുത്തുന്ന ആജ്ഞ ഒന്ന് മാത്രമായിരുന്നു.വീടുകള്‍ക്കുള്ളില്‍ നിന്നും പുറത്തിറങ്ങരുത്.കാറ്റ് ആഞ്ഞു വീശിയ സമയത്തെങ്കിലും ഐറിഷുകാര്‍ സര്‍ക്കാരിനെ നൂറുശതമാനവും അനുസരിച്ചു.അനാവശ്യമായി അലയുന്നവരെ കണ്ടാല്‍ നിയന്ത്രിക്കാന്‍ ഗാര്‍ഡയോട് ആവശ്യപ്പെട്ടുകൊണ്ടാണ് മുന്നറിയിപ്പ് ലംഘിക്കുവാന്‍ ശ്രമിക്കുന്നവരെ നേരിടാനുള്ള മറ്റൊരു ഉത്തരവ് ഇറങ്ങിയത്.നിരത്തുകളില്‍ വാഹനങ്ങള്‍ പൊതുവെ കുറവായിരുന്നു.ജീവനക്കാരെ സംരക്ഷിക്കുവാന്‍ സ്ഥാപനങ്ങളോട് പ്രത്യേകം ആവശ്യപ്പെട്ടു.

ജോലിയ്ക്കെത്തിയവരുടെ യാത്ര,ആവശ്യമെങ്കില്‍ താമസ സൗകര്യം,സൗജന്യ ഭക്ഷണം എന്നിവയൊക്കെ ക്രമീകരിച്ചു വേണം ദുരന്ത ദിവസം തൊഴിലാളികളെ കൊണ്ട് ജോലിയെടുപ്പിക്കാന്‍ എന്ന് പൊതു മേഖലയിലെ പ്രധാന സ്ഥാപനങ്ങള്‍ക്കൊക്കെ നിര്‍ദേശമുണ്ടായി.

സ്‌കൂളുകള്‍ക്ക് അവധി നല്‍കിയത് മാത്രമല്ല,കാറ്റ് കടന്ന് പോയിട്ടും മറ്റൊരു അവധി ‘ബോണസായി നല്‍കിയിരിക്കുകയാണ്.ഇതിന് രണ്ടുണ്ട് കാരണം.ഒന്ന് പുറത്തു പറയാത്തതാണ്.കുട്ടികളുടെ മാനസികാരോഗ്യത്തെ പരിപാലിക്കുക എന്നത് തന്നെയാണ് എന്ന് സര്‍ക്കാര്‍ രേഖകള്‍ സൂചിപ്പിക്കുന്നു.ചിലയിടങ്ങളിലെങ്കിലും കാറ്റുയര്‍ത്തിയ ഭയപ്പാട് കുരുന്നുകളെ ആശങ്കപ്പെടുത്തിയിരിക്കാമത്രേ ! ചില സ്‌കൂളുകളില്‍ വൈദുതി ഇല്ലെന്നതും,സ്‌കൂളുകളുടെ നിര്‍മ്മാണ ഘടനയില്‍ കാറ്റ് പോറലുകള്‍ വല്ലതും വരുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാനുമാണ് ഒരു പകല്‍ കൂടി കുട്ടികള്‍ക്ക് അവധി നല്‍കിയിരിക്കുന്നത്! പൗരന്മാരുടെ ജീവനും സ്വത്തിനും ഒരു സര്‍ക്കാര്‍ സംരക്ഷണം നല്‍കേണ്ടത് എങ്ങനെയാണെന്ന് അയര്‍ലണ്ടിനെ കണ്ട് പഠിക്കട്ടെ മറ്റുള്ളവര്‍!

സംഭവം ഇങ്ങനെയൊക്കെയാണെങ്കിലും അയര്‍ലണ്ട് അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ കൂടുതല്‍ കാലാവസ്ഥാ ദുരന്തങ്ങളെ നേരിടേണ്ടി വരുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

അമേരിക്കയുടെ കിഴക്കന്‍ തീരങ്ങളില്‍ പതിവായ സാന്‍ഡി പോലുള്ള ചുഴലിക്കാറ്റുകളെ ഇനി യൂറോപ്പിനും നേരിടേണ്ടിവരുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍. നാശം വിതയ്ക്കുന്ന ഇത്തരം ചുഴലിക്കാറ്റുകള്‍ യൂറോപ്പിനു പരിചിതമല്ല. അര നൂറ്റാണ്ടിനു ശേഷമാണ് ഒഫേലിയയുടെ പ്രഹരശേഷിയുള്ള ചുഴലിക്കാറ്റ് യൂറോപ്പിനെ വിറപ്പിക്കുന്നത്. അടുത്ത കാലത്ത് ഭൗമോപരിതലം കൂടുതല്‍ ചൂടുപിടിക്കുന്നതോടെ പ്രഹരശേഷി കൂടിയ ഇത്തരം കാറ്റുകള്‍ യൂറോപ്പില്‍ പതിവാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

കനത്ത മഴയോടുകൂടിയ ചുഴലിക്കാറ്റിന് ആഞ്ഞുവീശാനുള്ള ഊര്‍ജം നല്‍കുന്നത് ചൂടുപിടിച്ച സമുദ്രമാണ്. മഴയില്‍ സമുദ്രോപരിതലത്തില്‍നിന്നു പുറന്തള്ളപ്പെടുന്ന ഊര്‍ജമാണ് ചുഴലിക്കാറ്റുകള്‍ക്ക് ശക്തിനല്‍കുന്നത്. അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ ഉഷ്ണമേഖലയില്‍ വേനല്‍ക്കാലത്താണ് ചുഴലിക്കാറ്റുകള്‍ രൂപപ്പെടുന്നത്. ഇവിടെ കടല്‍വെള്ളത്തിന് ചൂട് കൂടുതലായിരിക്കും.

കിഴക്കുനിന്ന് പടിഞ്ഞാറേക്കു വീശുന്ന പതിവുകാറ്റ് ചുഴലിക്കാറ്റുകളെ പടിഞ്ഞാറേക്കു തള്ളിക്കൊണ്ടുപോകുന്നു. ഭൂമിയുടെ ഭ്രമണത്തില്‍നിന്നു കിട്ടുന്ന ഊര്‍ജവും കാറ്റിനു ശക്തികൂട്ടും. ട്രേഡ് വിന്‍ഡുകള്‍ എന്നറിയപ്പെടുന്ന പതിവു കാറ്റുകള്‍ നോര്‍ത്ത് അറ്റ്‌ലാന്റിക്കില്‍ കിഴക്കുനിന്നു പടിഞ്ഞാറേക്കാണ് വീശുക.ആവയുടെ തോളിലേറിയാണ് ചുഴലിക്കാറ്റുകള്‍ നോര്‍ത്ത് അമേരിക്കന്‍ തീരങ്ങളില്‍ എത്തുന്നത്. ചിലപ്പോള്‍ ഇവ ഗതിമാറി ധ്രുവങ്ങളിലേക്കും വീശുന്നു. ഇങ്ങനെ വീശുന്ന കാറ്റുകള്‍ കിഴക്കന്‍ കാറ്റുകളടെ ചിറകിലേറിയാണ് പടിഞ്ഞാറന്‍ യൂറോപ്പിലെത്തുന്നത്. നിലവിലുള്ള കാലാവസ്ഥയില്‍ കിഴക്കന്‍ കാറ്റുകള്‍ക്ക് ശക്തികുറവായതിനാലാണ് യൂറോപ്യന്‍ തീരങ്ങളെ കാര്യമായി ബാധിക്കാത്തത്. തണുത്ത കടല്‍ ചുഴലിക്കാറ്റിന്റെ ശക്തി കുറയ്ക്കുന്നു.

സമുദ്രോപരിതലം തണുത്താണെങ്കിലും ചിലപ്പോള്‍ ചുഴലിക്കാറ്റിന് ശക്തി വീണ്ടെടുക്കാനാകും. വടക്കും തെക്കും തമ്മിലുള്ള താപനിലയിലെ വ്യത്യാസമാണ് കാറ്റിന് ഊര്‍ജം നല്‍കുക. അമേരിക്കയുടെ കിഴക്കന്‍ തീരങ്ങളിലെത്തുമ്പോള്‍ ഇങ്ങനെ കാറ്റുകള്‍ ശക്തി വീണ്ടെടുക്കുന്നത് പതിവാണ്. സാധാരണഗതിയില്‍ പടിഞ്ഞാറന്‍ യൂറോപ്യന്‍ തീരങ്ങളിലെത്തുമ്പോഴേക്കും ഇവ അണഞ്ഞുതീരാറാണ് പതിവ്.

പക്ഷേ, സമുദ്രോപരിതലത്തിലെ ചൂടിന് കാറ്റിനു വീണ്ടും ശക്തിനല്‍കാനാകും. ചുഴലിക്കാറ്റുകള്‍ യൂറോപ്യന്‍ തീരത്തെത്തുംമുന്‍പ് ശമിച്ചിട്ടില്ലെങ്കില്‍ അവയ്ക്കു വീണ്ടും ശക്തിയേകാന്‍ കാലാവസ്ഥയിലെ പുതിയ മാറ്റങ്ങള്‍ക്കാകുന്നു. ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം സമുദ്രോപരിതലത്തെ രണ്ടുമുതല്‍ മൂന്നുഡിഗ്രിവരെ അധികം ചൂടുപിടിപ്പിക്കാം. അങ്ങനെവരുമ്പോള്‍ സമുദ്രം കൂടുതല്‍ ചൂടുപിടിക്കാം. സാധാരണ, യൂറോപ്യന്‍ തീരത്തെത്തുമ്പോഴേക്കും അണഞ്ഞുതീരാറുള്ള കാറ്റുകള്‍ക്ക് പുത്തന്‍ ഊര്‍ജം നല്‍കാന്‍ ഈ കാറ്റുകള്‍ക്കാകും.വരും നാളുകള്‍ സാന്‍ഡിയേയും ഒഫേലിയയേയും പോലുള്ള ചുഴലിക്കാറ്റുകളെ കൂടുതലായി നേരിടേണ്ടിവന്നേക്കാം.

Scroll To Top