Saturday December 03, 2016
Latest Updates

സോളാര്‍:ലൈംഗീക ആരോപണം തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് ഉമ്മന്‍ ചാണ്ടി 

സോളാര്‍:ലൈംഗീക ആരോപണം തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് ഉമ്മന്‍ ചാണ്ടി 

തിരുവനന്തപുരം: സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്‍ ഉന്നയിച്ച ലൈംഗിക ആരോപണവും സാമ്പത്തിക ആരോപണവും തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

ആരോപണങ്ങള്‍ക്ക് നിയമസഭയിലാണ് മുഖ്യമന്ത്രി മറുപടി നല്കിയത്. ബിജു രാധാകൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം തള്ളിക്കളയുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.അതേ സമയം തന്നെ ക്‌ളിഫ് ഹൗസില്‍ വന്നു കണ്ടു എന്ന് പറയുന്ന തിയതിയില്‍ ബിജു രാധാകൃഷണന്റെ ഫോണ്‍ കേരളത്തിന് പുറത്താണെന്ന് കണ്ടെത്തിയിട്ടുണ്ട് എന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ രാജിക്കായി വ്യാപകമായ ആവശ്യം ഉയര്‍ന്നിരിക്കെയാണ് അദ്ദേഹം മറുപടിയുമായി രംഗത്തെത്തിയത്.
മുഖ്യമന്ത്രിയുടെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍:

* സരിത സംസാരിക്കുന്നതിന്റെയും മറ്റ് ഇടപെടലുകളുടെയും വീഡിയോ സിഡി ഹാജരാക്കാന്‍ നിയമ പോരാട്ടം നടത്തും.
* ബിജുവിന്റെ ആദ്യ ഭാര്യ രശ്മിയുടെ കൊലപാതക്കേസ് നന്നായി അന്വേഷിച്ചതിന്റെ ഫലമാണ് ഈ ആരോപണം.
* എന്നെ കണ്ടുവെന്നു ബിജു പറയുന്ന ദിവസങ്ങളില്‍ അയാള്‍ കേരളത്തിലില്ല. മൊബൈല്‍ ലൊക്കേഷനുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാകും.
* ആലുവ ഗസ്റ്റ് ഹൗസില്‍ ബിജുവുമായി നടത്തിയതു രഹസ്യ സ്വഭാവമുള്ള കൂടിക്കാഴ്ചയായിരുന്നില്ല. ബിജു സംസാരിച്ച കാര്യങ്ങള്‍ മാന്യതയുടെ പേരില്‍ പുറത്തുപറയില്ലെന്ന നിലപാടില്‍ മാറ്റമില്ല.
* കൂടിക്കാഴ്ചയ്ക്ക് മറ്റൊരാളും സാക്ഷിയാണ്. കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ അയാള്‍ സോളാര്‍ കമ്മിഷനെ അറിയിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ മറുപടിയില്‍ തൃപ്തരാകാത്ത പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍ സത്യമാകരുതേ എന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.

ആരോപണങ്ങള്‍ കേട്ട് കേരളം ലജ്ജിച്ചു തലതാഴ്ത്തിയെന്നും മലയാളിക്കാകെ തലയില്‍ മുണ്ടിട്ടല്ലാതെ നടക്കാനാവാത്ത സ്ഥിതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ ബഹളം രൂക്ഷമായതോടെ ശ്രദ്ധക്ഷണിക്കലും സബ്മിഷനും റദ്ദാക്കി സ്പീക്കര്‍ സഭ പിരിയുന്നതായി പ്രഖ്യാപിച്ചു.

ഉന്നതര്‍ക്കെതിരായ ആരോപണങ്ങള്‍ മാധ്യമങ്ങള്‍ ആഘോഷിക്കുകയാണെന്നും ഇത് നിയമം മൂലം നിരോധിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു. എന്നാല്‍ ഇതിനോട് സര്‍ക്കാരിനു യോജിപ്പില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മറുപടി നല്‍കി.






Scroll To Top