Friday May 25, 2018
Latest Updates

ഓ എന്‍ വിയ്ക്ക് അക്ഷര കേരളത്തിന്റെ പ്രണാമം:യാത്രാമൊഴിയേകാന്‍ ജനസാഗരം

ഓ എന്‍ വിയ്ക്ക് അക്ഷര കേരളത്തിന്റെ പ്രണാമം:യാത്രാമൊഴിയേകാന്‍ ജനസാഗരം

on 3തിരുവനന്തപുരം:ശനിയാഴ്ച അന്തരിച്ച കവി ഒ.എന്‍.വി. കുറുപ്പിന് തലസ്ഥാനത്തിന്റെ വികാരനിര്‍ഭരമായ ബാഷ്പാഞ്ജലി. തിങ്കളാഴ്ച രാവിലെ 10ന് തൈക്കാട് ശാന്തികവാടത്തില്‍ പ്രിയകവിക്ക് യാത്രാമൊഴി ചൊല്ലി.ജില്ലാ ഭരണകൂടത്തിന്റെ മേല്‍നോട്ടത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്.അദ്ദേഹത്തോടുള്ള ആദരസൂചകമായി ഒരുകൂട്ടം കലാകാരന്‍മാരുടെ ഗാനാര്‍ച്ചനയും അരങ്ങേറിയിരുന്നു. ഒഎന്‍വിയുടെ ശിഷ്യരായ 84 കലാകാരന്‍മാരാണ് ഗാനാര്‍ച്ചനയിലൂടെ അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചത്. ഞെട്ടറ്റുപോയ കാവ്യസപര്യയുടെ അവസാന സാമീപ്യം കൊതിച്ചവരെല്ലാം ഞായറാഴ്ച അനന്തപുരിയണഞ്ഞു. നിറമിഴിപ്പൂക്കളാല്‍ ആ ചാരത്ത് കണ്ണീര്‍ തൂകി മലയാളനാട് നിന്നു. ആവണികള്‍ കുഞ്ഞുപൂവ് തിരയുന്ന വരികളില്‍ മലയാളിയെ പിടിച്ചുലച്ച ആ കാല്‍പാദങ്ങളില്‍ അവര്‍ പൂക്കളര്‍പ്പിച്ചു.

കലാസാംസ്‌കാരിക രംഗത്തുള്ളവരും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷനേതാവ് വി.എസ്.അച്യൂതാനന്ദനും ഉള്‍പ്പെടെ എല്ലാ മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.സംസ്ഥാന സര്‍ക്കാറിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം.
ശനിയാഴ്ച രാത്രി മുതല്‍ ഞായറാഴ്ച പുലരുവോളം വഴുതക്കാട്ടെ ‘ഇന്ദീവര’ത്തില്‍ ആയിരങ്ങളാണ് എത്തിയത്. പ്രാര്‍ഥനയാല്‍ നിറഞ്ഞ തൊഴുകൈകളും അന്ത്യാഭിവാദ്യങ്ങളുമായി ആയിരങ്ങള്‍ ആ മുഖം ദര്‍ശിച്ചു. ഞായറാഴ്ച രാവിലെ 11 ഓടെ വീട്ടില്‍നിന്ന് പൊതുദര്‍ശനത്തിനായി മൃതദേഹം വി.ജെ.ടി ഹാളിലേക്ക്. കവിയുടെ കാല്‍പ്പാടുകള്‍ പതിഞ്ഞ ഹാളില്‍ മൃതദേഹം എത്തുമ്പോഴേക്കും അവിടം ജനനിബിഡമായി. ‘മഹാകവിക്ക് ആദരാഞ്ജലികള്‍’ എന്ന് എഴുതിയ ബോര്‍ഡില്‍ ചിരിതൂകുന്ന ഒ.എന്‍.വിയുടെ ചിത്രം. വിദ്യാര്‍ഥിയായും അധ്യാപകനായും വഴിനടത്തിയ യൂനിവേഴ്‌സിറ്റി കോളജിന്റെ മകുടങ്ങള്‍ ഉയിരറ്റ പ്രിയപുത്രന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ തൊട്ടരികെ തലകുനിച്ചുനിന്നു.
ഭാര്യയും മക്കളും ഉള്‍പ്പെടെയുള്ളവര്‍ വേര്‍പാടിന്റെ വേദനയുമായി ഹാളിലത്തെി. കവിതയും ചര്‍ച്ചകളും സമ്മേളനങ്ങളുമായി ഒ.എന്‍.വി നിരവധിതവണയത്തെിയ വി.ജെ.ടി ഹാളില്‍ മലയാളി നെഞ്ചേറ്റിയ കവിതകള്‍ പ്രിയകവിയുടെ ശബ്ദത്തില്‍ മുഴങ്ങി. അതുകേള്‍ക്കാതെ ഹാളിന്റെ നടുത്തളത്തിലൊരുക്കിയ പുഷ്പമഞ്ചത്തില്‍ ചെമ്പട്ടുപുതച്ച് കവിയുടെ ഭൗതിക ശരീരം. ഉയിരറ്റ കവിമുഖത്ത് അശ്രുപൂക്കളര്‍പ്പിച്ച് മലയാളനാട് നടന്നുനീങ്ങി. മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, മറ്റു രാഷ്ട്രീയ, സാംസ്‌കാരിക നായകര്‍, കവികള്‍, ചലച്ചിത്ര താരങ്ങള്‍ തുടങ്ങിയ ഒട്ടേറെ പേര്‍ വിസ്മയ ഗീതങ്ങള്‍ മൊഴിഞ്ഞ മുഖം ഒരു നോക്ക് കാണാനത്തെി. ‘പൈതങ്ങള്‍ ഞങ്ങള്‍, മലയാളത്തിന്റെ മുത്തച്ഛന് വിടചൊല്ലുന്നു’വെന്ന് എഴുതിയ പുഷ്പചക്രം അര്‍പ്പിക്കാനത്തെിയത് നഗരത്തിലെ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികളായിരുന്നു.
വൈകീട്ട് മൂന്നുവരെ വി.ജെ.ടി ഹാളില്‍ പൊതുദര്‍ശനത്തിനു വെക്കാനുള്ള തീരുമാനം ജനമൊഴുക്കില്‍ രണ്ടു മണിക്കൂര്‍ വൈകി. സഹപ്രവര്‍ത്തകരായും വിദ്യാര്‍ഥികളായും വായിച്ചറിഞ്ഞും അല്ലാതെയും ഒ.എന്‍.വിയെന്ന മൂന്നക്ഷരം മനസ്സില്‍ കൊത്തിവെച്ചവരെല്ലാം തലസ്ഥാനത്തത്തെി. അഞ്ചോടെ വി.ജെ.ടി ഹാളില്‍നിന്ന് വീട്ടിലേക്കുള്ള അന്ത്യയാത്ര. വീട്ടിലും നിരവധിപേര്‍ അന്ത്യോപചാരമര്‍പ്പിക്കാനത്തെി. ഒ.എന്‍.വിതന്നെ നാമകരണം നടത്തിയ ‘ശാന്തികവാട’ത്തിലേക്ക് രാവിലെ 9.45ന് വിലാപയാത്ര പുറപ്പെടും

Scroll To Top