Tuesday December 06, 2016
Latest Updates

നഷ്ട്ടപ്പെട്ട വിവാഹമോതിരത്തിന്റെ വില ഒരു മില്ല്യന്‍ ഡോളര്‍ !

നഷ്ട്ടപ്പെട്ട വിവാഹമോതിരത്തിന്റെ വില ഒരു മില്ല്യന്‍ ഡോളര്‍ !

ഡബ്ലിന്‍: എയര്‍ ലിംഗസ് എയര്‍ലൈന്‍സിനെതിരെ യാത്രക്കാരി നിയമ നടപടി സ്വീകരിച്ചു. എയര്‍ ലിംഗസില്‍ യാത്ര ചെയ്യവേ തന്റെ ലഗേജില്‍ നിന്ന് വിവാഹ മോതിരം നഷ്ടപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി നിയമ നടപടി സ്വീകരിച്ചത്. സെയ്ഡ് കൂപ്പെന്‍സ് എന്ന അമേരിക്കന്‍ യുവതിയാണ് എയര്‍ ലിംഗസിനെതിരെ നിയമ നടപടി സ്വീകരിച്ചത്. തന്റെ വിവാഹ മോതിരവും വിലമതിക്കാനാകാത്ത ഫോട്ടോഗ്രാഫുകളും ബാഗേജില്‍ നിന്ന് നഷ്ടപ്പെട്ടു. ഇതിന് 1 മില്യന്‍ യുഎസ് ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് യുവതി നിയമ നടപടി സ്വീകരിച്ചിരിക്കുന്നത്.

ഈ വര്‍ഷം ജൂലൈയില്‍ ന്യുയോര്‍ക്കില്‍ നിന്ന് ഡബ്ലിനിലേക്കുള്ള ഫ്‌ലൈറ്റില്‍ യാത്ര ചെയ്യവേയാണ് യുവതിയുടെ ഡയമണ്ട് മോതിരം നഷ്ടപ്പെട്ടത്. ആംസ്റ്റര്‍ഡാമിലേക്കാണ് യുവതിക്ക് എത്തിച്ചേരേണ്ടിയിരുന്നത്. ന്യുയോര്‍ക്കില്‍ നിന്ന് യാത്ര പുറപ്പെട്ടപ്പോള്‍ ഭാരക്കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി എയര്‍ ലിംഗസ് അധികൃതര്‍ ലേഗേജ് എടുത്ത് മാറ്റുകയായിരുന്നു. തുടര്‍ന്ന് ഡബ്ലിനില്‍ ഇറങ്ങിയ യുവതി ഒടുവില്‍ തനിക്ക് എത്തിച്ചേരേണ്ട ആംസ്റ്റര്‍ഡാമിലേക്ക് പോയി. പിന്നീട് പത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് യുവതിയുടെ ലഗേജ് എത്തിയത്.

ലഗേജ് പരിശോധിച്ചപ്പോഴാണ് അതില്‍ സൂക്ഷിച്ചിരുന്ന വിവാഹ മോതിരവും ഫോട്ടോഗ്രാഫുകളും നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. വിവാഹ മോതിരത്തിന് പുറമേ യുവതിയുടെ ഒരു ചാനല്‍ ബാഗും നഷ്ടപ്പെട്ടു. നഷ്ടപരിഹാരമായി 1682 ഡോളര്‍ നല്‍കാമെന്ന് എയര്‍ ലിംഗസ് അധികൃതര്‍ വാഗ്ദാനം ചെയ്‌തെങ്കിലും യുവതി വഴങ്ങിയില്ല. തര്‍ക്കങ്ങള്‍ക്കൊടുവില്‍ 1 മില്യന്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി ന്യുയോര്‍ക്ക് കോടതിയെ സമീപിക്കുകയായിരുന്നു.

Scroll To Top