Friday September 22, 2017
Latest Updates

ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കെസ് – അനശ്വരമായ ഓര്‍മകള്‍

ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കെസ് – അനശ്വരമായ ഓര്‍മകള്‍

വിശ്വസാഹിത്യത്തിലെ കുലപതി ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കെസ് നമ്മോട് വിടപറഞ്ഞിട്ട് ഈ ഏപ്രില്‍ പതിനേഴിന് ഒരു വര്‍ഷം തികയുന്നു. 1927ല്‍ കൊളംബിയയില്‍ ആണ് മാര്‍കെസ് ജനിച്ചത്.മാര്‍കെസും നെരൂദയും അടക്കമുള്ള ലാറ്റിന്‍ അമേരിക്കന്‍ എഴുത്തുകാര്‍ മലയാളികള്‍ക്ക് ഏറെ പരിചിതരും പ്രിയങ്കരരുമാണ്. മാര്‍കെസിന്റെ ഇടതുപക്ഷ നിലപാടുകളും ഫിഡല്‍ കാസ്‌ട്രോയുമായുള്ള സൌഹൃദവും ഒക്കെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ഈ ഇടതുപക്ഷ പശ്ചാത്തലവും മലയാളികള്‍ക്ക് അദ്ദേഹത്തിനോടുള്ള ഇഷ്ടത്തിനു കാരണമാണ്. മാര്‍കെസിന്റെ മാസ്റ്റര്‍ പീസായി കൂടുതല്‍ ആളുകളും കാണുന്നത് ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ ആണ്. അദ്ദേഹത്തിന്റെ തന്നെ മറ്റൊരു കൃതിയായ കോളറക്കാലത്തെ പ്രണയം പോലെ തീവ്രമായ ഒന്നല്ല ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍. കോളറക്കാലത്തെ പ്രണയത്തില്‍ പ്രണയമെന്നത് എത്രമേല്‍ തീവ്രവും ഒരിക്കലും ഒടുങ്ങാത്ത അഗ്‌നിയുമാണെന്നത് ഫ്‌ലോറെന്റ്റിനോയിലൂടെ അദ്ദേഹം വരച്ചു കാട്ടുന്നു.
സാഹിത്യത്തില്‍ ‘മാജിക്കല്‍ റിയലിസം’ എന്ന സങ്കേതം മാര്‍കെസിനു മുന്‍പ് തന്നേ പ്രചാരത്തിലുണ്ടായിരുന്നെങ്കിലും നമ്മള്‍ ഇതു ഏറ്റവും കൂടുതല്‍ കേട്ടത് ഏകാന്തതയുടെ നൂറു വര്‍ഷങ്ങളുമായി ബന്ധപ്പെട്ടാണ്. സാധാരണഗതിയില്‍ യുക്തിഭദ്രവും യാഥാര്‍ത്ഥ്യവും എന്ന് കരുതുന്ന ഒരു ഭൂമികയില്‍ അയഥാര്‍ഥങ്ങളും മാന്ത്രികവുമായ സംഭവങ്ങള്‍ ആവിഷ്‌കരിക്കുന്നതിനെയാണല്ലോ ‘മാജിക്കല്‍ റിയലിസം’ എന്നത് കൊണ്ട് വിവക്ഷിക്കുന്നത്. 1967ല്‍ ആണ് ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഈ പുസ്തകം ലോകമെമ്പാടും ഏറെ വായിക്കപ്പെടുകയും ആസ്വദിക്കപ്പെടുകയും ഒക്കെ ചെയ്യപ്പെട്ടിട്ടുള്ളതിനാല്‍ കഥാസംഗ്രഹത്തിനു മുതിരുന്നില്ല, മറിച്ച് എന്റെ വായനയില്‍ എനിക്കിഷ്ടപ്പെട്ട ചില ഭാഗങ്ങള്‍ ചൂണ്ടിക്കാണിക്കുക മാത്രമാണ് ഉദ്ദേശ്യം.

ഇത് ബ്വീണ്ടിയ കുടുംബത്തിന്റെ ആറു തലമുറകളുടെയും മക്കൊണ്ടോയുടെയും ചരിത്രമാണ്.ജോസ് അറ്കാഡിയോ ബ്വീണ്ടിയയും അദ്ദേഹത്തിന്റെ ഭാര്യ ഉര്‍സുലയും മക്കൊണ്ടോ എന്ന ഗ്രാമം കണ്ടെടുക്കുന്നു. സ്ഥലകാലങ്ങളുടെ കൃത്യതയില്ലാത്ത, യാഥാര്‍ത്ഥ്യവും ഫാന്റസിയും സത്യവും ഇല്ലുഷനും തമ്മിലുള്ള പാരസ്പര്യത്തിലും വൈരുദ്ധ്യത്തിലും ഊന്നിയുള്ള ഒരു സങ്കേതമാണ് മാര്‍കെസ് ഇതില്‍ ഉപയോഗിക്കുന്നത്, അതാകട്ടെ കൃതിയുടെ പ്രമേയപരിസരത്തിനും പാത്രസൃഷ്ടിക്കും ഏറെ അനിവാര്യവും യോജിച്ചതുമാണ് എന്നതിലാണ് മാര്‍കെസിന്റെ പ്രതിഭാവിലാസം നമ്മളെ അതിശയിപ്പിക്കുന്നത്

 മക്കൊണ്ടോ എന്ന ഗ്രാമത്തിലെ കാഴ്ച്ചകള്‍


മക്കൊണ്ടോ എന്ന ഗ്രാമത്തിലെ കാഴ്ച്ചകള്‍

 

മക്കൊണ്ടോ നിവാസികളെപ്പറ്റി മാര്‍കെസ് പറയുന്നത് കാണുക. ‘It was as if God had decided to put to the test every capactiy for surprise and was keeping the inhabitants of Macondo in a permanent alteration between excitement and disappointment, doubt and revelation, to such an etxreme that no one knew for certain where the limits of realtiy lay’. 
സംഭവബഹുലമാണ് മക്കൊണ്ടോ. മാന്ത്രികമായ തന്റെ ആഖ്യാനശൈലിയിലൂടെ അതിന്റെ കണ്ടെത്തല്‍ മുതല്‍ പ്രചണ്ടമായ കൊടുങ്കാറ്റിനാല്‍ ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കപ്പെടുന്നത് വരെയുളള ചരിത്രം മാര്‍കെസ് അതിമനോഹരമായി നമ്മോട് പറയുന്നു. മക്കൊണ്ടോയുടെ നിയതി നിര്‍ണ്ണയിക്കുന്നത് ചിലപ്പോഴൊക്കെ ബ്വീണ്ടിയ കുടുംബമാണെങ്കിലും മറ്റു ചിലപ്പോള്‍ അവര്‍ ആ ഗതിവിഗതികളുടെ ഭാഗമോ ഇരകളോ ആകുന്നു. മക്കൊണ്ടോ നിവാസികള്‍ക്ക് കൌതുകമായി ഇടക്കിടെ എത്തുന്ന ജിപ്‌സികള്‍ അവര്‍ക്ക് അതുവരെ കാണാത്ത പലതും അനുഭവവേദ്യമാക്കുന്നു. സിനിമ പോലുള്ള നൂതനവിദ്യകള്‍ മക്കൊണ്ടോ നിവാസികളിലെത്തിക്കുന്നത് ജിപ്‌സികളാണ്. അവരില്‍പ്പെട്ട മേല്‍ക്വിദേസ് എന്ന ജിപ്‌സി വളരെ പ്രധാനപ്പെട്ട കാഥാപാത്രവും കഥാനുഗതി നിര്‍ണ്ണയിക്കുന്നതില്‍ പ്രധാനപങ്കുമുള്ള ആളാണ്. അനുവാചകരെ അദ്ഭുതപ്പെടുത്തിക്കൊണ്ട് മക്കൊണ്ടോയുടെ ചരിത്രം മുന്നോട്ടു നീങ്ങുന്നു. ഒരു ഘട്ടത്തില്‍ ഉറക്കമില്ലായ്മ എന്ന പ്ലേഗ് എല്ലാവരെയും പിടികൂടുകയും എല്ലാ വസ്തുക്കളെയും തിരിച്ചറിയുന്നതിനു വേണ്ടി അവയുടെമേല്‍ പേരെഴുതി ഒട്ടിക്കേണ്ടി വരികയും ചെയ്യുന്നു. പിന്നീടൊരിക്കല്‍ സര്‍വ്വസംഹാരിയായ പേമാരിയെയാണ് അവര്‍ക്ക് അതിജീവിക്കെണ്ടിവരുന്നത്. 

 മക്കൊണ്ടോ എന്ന ഗ്രാമത്തിലെ കാഴ്ച്ചകള്‍


മക്കൊണ്ടോ എന്ന ഗ്രാമത്തിലെ കാഴ്ച്ചകള്‍

മഴ നാലു കൊല്ലങ്ങളും പതിനൊന്നു മാസങ്ങളും രണ്ടു ദിവസങ്ങളും നീണ്ടുനിന്നു. അവിടെ നടക്കുന്ന രാഷ്ട്രീയ സംഭവങ്ങള്‍, ലിബറലുകളും യാഥാസ്ഥിക ഭരണകൂടവും തമ്മിലുള്ള പോരാട്ടങ്ങള്‍, ഇവയിലൊക്കെ ഒരു ജോര്‍ജ് ഓര്‍വെല്‍ ശൈലി നമുക്ക് കാണാം. ഇത് എന്റെ ഒരു perspective ആണ്, മറ്റുള്ളവര്‍ക്ക് അങ്ങനെ തോന്നണമെന്നില്ല. നേരത്തേ പറഞ്ഞ ജിപ്‌സിയായ മേല്‍ക്വിദേസ് അദ്ദേഹം സംസ്‌കൃതത്തില്‍ എഴുതിയ ഒരു manuscript മരിക്കുന്നതിനു മുന്‍പ് ബ്വീണ്ടിയ കുടുംബത്തെ ഏല്‍പ്പിക്കുന്നു.എന്നാല്‍, ആര്‍ക്കും തന്നെ അതിന്റെ ഉള്ളടക്കമോ അര്‍ത്ഥമോ ഗ്രഹിക്കാനാകുന്നില്ല. അതില്‍ മേല്‍ക്വിദേസ് നൂറു വര്‍ഷങ്ങള്‍ക്കിപ്പുറം മക്കൊണ്ടോയുടെ ഭാവി പ്രവചനാത്മകമായി എഴുതി വച്ചിരുന്നു. കഥാന്ത്യത്തില്‍ കുടുംബത്തിലെ ഇങ്ങേയറ്റത്തെ കണ്ണിയായ ഒരെലിയാനോ സംസ്‌കൃതം പഠിക്കുകയും ഒരു ഞെട്ടലോടെ മേല്‍ക്വിദേസ് എഴുതിയതിന്റെ അര്‍ത്ഥം ഗ്രഹിക്കുകയും ചെയ്യുന്നു. ഒരെലിയാനോ manuscript വായിച്ചു അതിന്റെ അവസാന വരികളിലെത്തുന്ന നിമിഷം തന്നെ മേല്‍ക്വിദേസ് പ്രവചിച്ചതുപോലെ ശക്തമായ ഒരു കാറ്റ് മക്കൊണ്ടോയെയും അതിലെ നിവാസികളെയും എന്നെന്നേക്കുമായി ഭൂമുഖത്തുനിന്നു തുടച്ചുനീക്കുന്നു. 

സംസ്‌കൃതഭാഷയിലെഴുതുന്ന മേല്‍ക്വിദേസ് എന്ന ജിപ്‌സി

സംസ്‌കൃതഭാഷയിലെഴുതുന്ന മേല്‍ക്വിദേസ് എന്ന ജിപ്‌സി

ബ്വീണ്ടിയ കുടുംബം നിരവധി പരിണിതികളിലൂടെ കടന്നുപോകുന്നു, എണ്ണമറ്റ വിരുന്നുകാര്‍, രാവ് വെളുക്കുവോളമുള്ള സല്‍കാരങ്ങള്‍, യുദ്ധങ്ങളുടെ ആവര്‍ത്തനങ്ങള്‍, ജനനങ്ങള്‍, മരണങ്ങള്‍, അഗമ്യഗമനങ്ങള്‍ അങ്ങിനെ അങ്ങിനെ. എന്നാല്‍ ഈ ബഹളങ്ങള്‍ക്കിടയിലും ആത്യന്തികമായി എല്ലാവരും ഏകാന്തതയുടെ തടവുകാരാണ്. രതിയും കാമവും പ്രേമവുമൊക്കെ അനുഭവിപ്പിച്ചുകൊണ്ട് ഒരു സ്വപ്നലോകത്തിലെന്നതുപോലെ മാര്‍കെസ് നമ്മളെ നടത്തുന്നു. പാത്രസൃഷ്ടിയിലുമുണ്ട് മാര്‍കെസിന്റെ കരവിരുതും വല്ലാത്തൊരു സൌന്ദര്യവും. ഏറ്റവും ശക്തമായ കഥാപാത്രം ഉര്‍സുലയാണ്. അന്ധത ബാധിക്കുമ്പോള്‍ അവര്‍ അത് ആരെയും അറിയിക്കുന്നില്ല. കാഴ്ചയുടെയും നിറങ്ങളുടെയും ബാഹുല്യത്തെക്കാളും അവരെ നയിക്കുന്നത് ഗന്ധങ്ങളുടെ ലോകമാണ്.കാലത്തെയും നിരവധി തലമുറകളേയും അതിജീവിച്ച് തന്റെ നൂറ്റി പതിനഞ്ചാമത്തെയോ നൂറ്റി ഇരുപത്തിരണ്ടാമത്തെയോ വയസ്സില്‍ അവര്‍ മരിക്കുന്നു. തന്റെ മൃതശരീരത്തില്‍ പുതക്കാനുള്ള പുതപ്പ് നെയ്യുന്ന അമരാന്ടയാണ് മറ്റൊരു കഥാപാത്രം. അവര്‍ ഇതു ചെയ്യുന്ന തന്റെ ഗാഡമായ ഏകാന്തതയെ തോപ്പിക്കാനല്ല, മറിച്ചു അതുമായി സമരസപ്പെടാനാണ്. ആ പുതപ്പ് തുന്നിതീരുന്ന നിമിഷം താന്‍ മരിക്കുമെന്നും അവര്‍ അറിയുന്നു.

OHYScoverമഞ്ഞ നിറം മാര്‍കെസിനു ഏറെ ഇഷ്ടമായിരിക്കണം. തന്റെ പര്യവേക്ഷണത്തിലൂടെ മക്കൊണ്ടോ കണ്ടെടുത്ത ജോസ് അറ്കാഡിയോ ബ്വീണ്ടിയ മരിക്കുമ്പോള്‍ മഞ്ഞപ്പൂക്കള്‍ മഴയായി പെയ്യുന്നു മക്കൊണ്ടോയില്‍, ആ രാത്രി പുലരുവോളം. അതുപോലെ മീം തന്റെ കാമുകനായ മൌറിസിയോയെ കാണുമ്പോഴൊക്കെ അവള്‍ക്കു മുന്‍പില്‍ മഞ്ഞ നിറത്തിലുള്ള ചിത്രശലഭങ്ങള്‍ എത്തുന്നു. പാറ്റകളെ കൊല്ലാനുള്ള മനുഷ്യന്റെ ചരിത്രാതീതകാലം മുതലുള്ള പരിശ്രമങ്ങളെ ഇരുട്ടിന്റെ ശക്തിയാല്‍ പാറ്റകള്‍ തോല്‍പ്പിക്കുന്നത് വര്‍ണ്ണിക്കുന്നതാണ് മറ്റൊരു മനോഹരമായ ഭാഗം. ‘The cockroach, the oldest winged insect on the face of the earth, had already been the victim of slippers in the Old Testament, but that since the species was definitely resistant to any method of extermination, from tomato slices with borax to flour and sugar, and with its one thousand six hundred three varieties had resisted the most ancient, tenacious, and pitiless persecution that mankind had unleashed against any living thing since the beginnings, including man himself, to such an extent that just as an instinct for reproduction was attributed to humankind, so there must have been another one more definite and pressing, which was the instinct to kill cockroaches, and if the latter had succeeded in escaping human feroctiy it was because they had taken refuge in the shadows, where they became invulnerable because of man’s congenital fear of the dark’.

പുസ്തകത്തില്‍ കേണല്‍ ഒരെലിയാനോ ഇങ്ങനെ ആത്മഗതം ചെയ്യുന്നുണ്ട് ‘The secret of good old age is simply an honourable pact with solitude’. അതേ ഗാബോ, വാര്‍ദ്ധക്യത്തിന്റെ മാത്രമല്ല, ജീവിതത്തില്‍  ഏതു ഘട്ടത്തിന്റേയും നല്ല നിമിഷങ്ങള്‍ പിറക്കുന്നത് ഏകാന്തതയുമായി നമ്മള്‍ ചെയ്യുന്ന ഉടമ്പടിയില്‍ നിന്നാണ്.v joy

ആ നല്ല നിമിഷങ്ങളില്‍, ഞങ്ങളുടെ എകാന്തയില്‍ അങ്ങിനിയും ഇനിയും കടന്നുവരും. ഒരു നൂറു വര്‍ഷങ്ങളിലെങ്കിലും.. 

വര്‍ഗീസ് ജോയി 
റൈറ്റേഴ്‌സ് ഫോറത്തിന്റെയും ഐറിസ് ഫിലിം സൊസൈറ്റിയുടെയും ഭാരവാഹിയായ വര്‍ഗീസ് ജോയി ഡബ്ലിനിലെ ചെറി ഓര്‍ച്ചാര്‍ഡ് ഹോസ്പിറ്റലിലെ ക്ലിനിക്കല്‍ നഴ്‌സ് മാനേജര്‍ 2 ആയി സേവനം അനുഷ്ട്ടിക്കുന്നു

 

Scroll To Top