Thursday August 24, 2017
Latest Updates

പ്രേമസുരഭിലമായ ഓണമൃതികള്‍ !! (സെബി സെബാസ്റ്റ്യന്‍)

പ്രേമസുരഭിലമായ ഓണമൃതികള്‍ !! (സെബി സെബാസ്റ്റ്യന്‍)

ഓണസ്മൃതികളില്‍ നിന്ന് ഓണ മൃതികളിലേക്ക് എത്ര വേഗമാണ് നാം സഞ്ചരിച്ചെത്തിയത് ..!! 

പണ്ടൊക്കെ കോളേജില്‍ പോകാന്‍ ഏറ്റവും ഇഷ്ടമുണ്ടായിരുന്നത് ഓണാഘോഷ ദിവസമായിരുന്നു . കേരളീയ വസ്ത്രങ്ങള്‍ ധരിച്ചു ചന്ദനകുറിയും തൊട്ടു വരുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും കോളേജു കാംമ്പസ്സുകളിലെ ഐശ്വര്യമായിരുന്നു.കാമ്പസ്സു മുഴുവന്‍ അന്ന് രാവിലെ പറിച്ചെടുത്ത വിവിധതരം പൂക്കളുടെ നറുമണങ്ങള്‍..ഈറനണിഞ്ഞ മുടിയിഴകള്‍ക്കിടയില്‍ നിന്ന് വരുന്ന മുല്ലപ്പൂവിന്റെ സുഗന്ധവും ആസ്വദിച്ചു വെറുതെ കോളേജിലൂടെ തെക്ക് വടക്കും ,പിന്നെ കിഴക്ക് പടിഞ്ഞാറുമായി നടക്കും.അപരിചിതര്‍ പോലും പരസ്പരം മുഖത്തു നോക്കി പുഞ്ചിരിക്കും.ആ ദിവസം സീനിയര്‍സും ജൂനിയര്‍സും ഇല്ല. മാലോകര്‍ എല്ലാം ഒന്ന് പോലെ.. എങ്ങും സന്തോഷം മാത്രം..ഐശ്വര്യം മാത്രം.. മഹാബലിയുടെ രാജ്യത്തിന്റെ ഒരു പുനരാവിഷ്‌കാരമായിരുന്നു അന്ന് കേരളത്തിലെ ഓരോ കോളേജ് കാമ്പസ്സുകളും.

ആ ഓര്‍മകളും വച്ചു ഇന്ന് ഒരിക്കല്‍ കൂടി ഓണാഘോഷ ദിവസം കോളേജില്‍ പോകുന്നത് ചിന്തിക്കുമ്പോള്‍ തന്നെ പേടിതോന്നുന്നു!! കോളേജില്‍ പോകാന്‍ ഏറ്റവും പേടിയുള്ള ദിവസം ഓണാഘോഷ ദിവസമായി മാറിയിരിക്കുന്നു.കാമ്പസ്സുകള്‍ മുഴുവന്‍ ചെകുത്താന്മാര്‍ കൈയടക്കിയിരിക്കുന്നു !!കറുപ്പും ചുവപ്പും വസ്ത്രങ്ങള്‍ ധരിച്ച ചെകുത്താന്മാര്‍!! പാതാളത്തില്‍ നിന്ന് വന്നെത്തിയ പോലെ ..എപ്പോഴാണ് ഒരു ചെകുത്താന്‍ ലോറി നമ്മുടെ നെഞ്ചിലൂടെ പാഞ്ഞു കയറി നമ്മള്‍ തന്നെ പാതാളത്തില്‍ എത്തുന്നത് എന്ന് ഒരു നിശ്ചയവുമില്ല …

താളാത്മകമായ ആര്‍പ്പുവിളികള്‍ക്കു പകരം കൂവലുകള്‍ മാത്രം ..കറുത്ത ഷര്‍ട്ടും കറുത്ത കണ്ണടയും കറുത്ത താടിയും ( പിള്ളേര്‍ക്ക് പിന്നെ വെളുത്ത താടി ഉണ്ടാകുമോ എന്ന് ചോദിക്കരുത്!! ) വച്ചു ജോര്‍ജ്ജുമാരും, മുടി മുന്നിലേയ്ക്കിട്ടു മലരുമാരും മേരിമാരും നിറഞ്ഞാടുകയാണ്.. അക്ഷരാര്‍ത്ഥത്തില്‍ തന്നെ ‘ഓണമയ’ത്തിനു പകരം ‘പ്രേമമയം’…!! ഫയര്‍ എഞ്ചിനും, J C B യും ,ബസ്സുമെല്ലാം കുട്ടികള്‍ ഓണകളിപാട്ടങ്ങളാക്കി മാറ്റി ..( ഒരു വിമാനത്തിന്റെ കുറവുണ്ടായിരുന്നു എന്ന് പറയാതിരിക്കാന്‍ വയ്യ! ). വെള്ളം ചീറ്റിച്ചു മഴനൃത്തമാടി.. ഓണലഹരിയില്‍ സഹപാഠിയുടെ ശരീരത്തിലൂടെ വണ്ടി ചക്രങ്ങള്‍ കയറ്റിയിറക്കി …ഞങ്ങള്‍ ഓണം ആഘോഷിക്കുകയാണ്…!!! ന്യൂ ജനറേഷന്‍ ഓണം!!

ഒരു സമൂഹത്തെ വളര്‍ത്താനും തളര്‍ത്താനും തകിടം മറിക്കാനും കെല്‍പ്പുള്ളവരാണ് ഇന്ന് കോളേജ് കാമ്പസ്സുകളില്‍ കഴിയുന്ന യുവത്വം എന്ന് ഓര്‍ക്കുക. സുപ്പര്‍മാന്‍ സിനിമ കോളേജ് കാമ്പസ്സുകളില്‍ ഹരമായി മാറാതിരുന്നത് കാരണവന്മാരുടെ പുണ്യം!! അല്ലെങ്കില്‍ ഓണാഘോഷത്തിനു പാന്റ്‌സിന് മുകളിലുടെ ജെട്ടി ഇട്ടു വരുന്ന കോളേജ് കുട്ടികളെ കൊണ്ട് കേരളത്തിലെ കാമ്പസ്സുകള്‍ നിറഞ്ഞെന്നെ.. ഇത് ഉപയോഗിക്കാത്ത കുട്ടികള്‍ വരെ ഈ ആവശ്യത്തിനു വേണ്ടിയെങ്കിലും കടയില്‍ നിന്ന് വാങ്ങുമായിരുന്നു!! ഒരു ജെട്ടിയും, തലയില്‍ ഒരു കിരീടവും മാത്രം അണിഞ്ഞു ഓല കുടയും കൈയില്‍ പിടിച്ചു വരുന്ന മാവേലിയെ ഒന്ന് സങ്കല്‍പ്പിച്ചു നോക്കു..!! 

വാല്‍കഷണം : ഞങ്ങള്‍ ന്യൂ ജനറേഷന്‍ , ഞങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ ഓണം ആഘോഷിക്കും.ഇതൊക്കെ ചോദിക്കുവാന്‍ ചേട്ടന്‍ ആരുവാ ?

എങ്കില്‍ ‘കാണാം വിറ്റും ഓണം ഉണ്ണണം’ എന്ന പഴമൊഴി ന്യൂ ജനറേഷനിലേക്ക് ഒന്ന് മാറ്റി പിടിച്ചാലോ അനിയാ ? ദാ ഇങ്ങനെ 

‘സംസ്‌കാരം വിറ്റും ഓണം ഉണ്ണണം’

സെബി സെബാസ്റ്റ്യന്‍,സെല്‍ബ്രിഡ്ജ് 

Scroll To Top