Sunday May 28, 2017
Latest Updates

തിരുവോണലഹരിയില്‍ അയര്‍ലണ്ടും:ഗൃഹാതുരസ്മരണകളില്‍ ആഘോഷമൊരുക്കി മലയാളിസമൂഹം

തിരുവോണലഹരിയില്‍ അയര്‍ലണ്ടും:ഗൃഹാതുരസ്മരണകളില്‍ ആഘോഷമൊരുക്കി മലയാളിസമൂഹം

onam-khsm.jpg.image.800.418 ഡബ്ലിന്‍ : ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും വരവറിയിച്ചെത്തുന്ന പൊന്നോണത്തിന്റെ തിരക്കിലാണ് അയര്‍ലണ്ടിലെ മലയാളികളും.ഗൃഹാതുരസ്മരണകളുമായി ഇന്ന് നാടെങ്ങും തിരുവോണം ആഘോഷിക്കുകയാണ്. തിരുവോണത്തെ വരവേല്‍ക്കാന്‍ പ്രവാസി മലയാളികളും ഒരുങ്ങിക്കഴിഞ്ഞു. ജന്മനാടിന്റെ ദേശീയോത്സവമായി കണക്കാക്കുന്ന ഓണത്തെ വരവേല്‍ക്കാന്‍ അയര്‍ലണ്ടിലെ മലയാളികളും വരും ദിവസങ്ങളിലും വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

ഡണ്‍ഗാര്‍വനില്‍ നിന്നായിരുന്നു അയര്‍ലണ്ടിലെ ഇത്തവണത്തെ ഓണത്തുടക്കം.ചിങ്ങപ്പുലരിയില്‍ തന്നെ അവിടെ ആഘോഷം തുടങ്ങി.ഡബ്ലിനിലെ ഏറ്റവും വലിയ ഓണാഘോഷമായ ‘മൈന്‍ഡ് ഓണവും,ഗാള്‍വേയിലെ മലയാളികളുടെ ആവേശപ്പൂരമായി ഗാള്‍വേ ഇന്ത്യന്‍ കള്‍ച്ചറല്‍ കമ്മ്യൂണിറ്റി സംഘടിപ്പിച്ച ഓണാഘോഷവും ഗംഭീരമായി.

നാളെ കോര്‍ക്കില്‍ സംയുക്ത ഓണാഘോഷം നടത്തപ്പെടും.ടോഗോര്‍ സെന്റ് ഫിന്‍ബര്‍ ക്ലബ്ബിലാണ് കോര്‍ക്കിലെ പ്രമുഖ സംഘടനകള്‍ ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഓണാഘോഷം.

ക്രംലിന്‍ മലയാളി അസോസിയേഷന്റെ വര്‍ഷത്തെ ഓണാഘോഷം ‘ഓണനിലാവ് 2015’നാളെ രാവിലെ 10 മണിയ്ക്ക് ക്രംലിനിലെ WSFA കമ്മ്യൂണിറ്റി ഹാളില്‍ ആരംഭിക്കും.കലാപരിപാടികളും ഓണസദ്യയുമായി വമ്പന്‍ പരിപാടികളാണ് ക്രംലിനില്‍ ഓണത്തോട് അനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്.

മൈനൂത്തിലെ മലയാളികള്‍ ഇതാദ്യമായി സംഘടിപ്പിക്കുന്ന ഓണാഘോഷവും നാളെയാണ്.

അയര്‍ലണ്ടിലെ സത്ഗമയ സദ്‌സംഘത്തിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം ഓഗസ്റ്റ് മാസം 30 ന് (ഞായര്‍) ഡബ്ലിന്‍ റാത്തോത്ത് റോഡിലുള്ള അയര്‍ലണ്ട് ഡഫ് വില്ലേജില്‍ വച്ച് കേരളത്തനിമയില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിയ്ക്കും.

അത്തപൂക്കളം,തിരുവാതിര,മോഹിനിയാട്ടം,ഭരതനാട്യം,മാവേലിയെ ആനയിയ്ക്കല്‍, ഓണസദ്യ,കുട്ടികളുടെ വിവിധ കലാപരിപാടികള്‍ ,സമ്മാനദാനം എന്നിവയും ഉണ്ടായിരിയ്ക്കും

ട്രിം നാവന്‍ മലയാളികളുടെ ഓണാഘോഷം വൈവിധ്യമാര്‍ന്ന പരിപാടികളോടെയും വിഭവസമൃദ്ധമായ ഓണസദ്യയോടെയും സെപ്തംബര്‍ 5 ശനിയാഴ്ച രാവിലെ 11:30 മുതല്‍ സെ.പാട്രിക് ദേവാലയ ഹാളില്‍ നടത്തപ്പെടും.

സ്ലൈഗോയിലും വൈവിധ്യമാര്‍ന്ന പരിപാടികളോടെ സെപ്റ്റംബര്‍ 5 ന് ഓണം കൊണ്ടാടും.

സെപ്റ്റംബര്‍ 19 നാണ് സ്വോര്‍ഡ്‌സിലെ ഓണം. 

ഡബ്ലിനിലെ വിവിധ സ്ഥലങ്ങളില്‍ മലയാളി സംഘടനകളുടെയും,കൂട്ടായ്മകളുടെയും ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചിട്ടുണ്ട്.

ബ്രേ മലയാളി കൂട്ടായ്മ ,ബ്ലാഞ്ചസ് ടൌണ്‍ ഇന്ത്യന്‍ ക്ലബ്,എന്നി സംഘടനകള്‍ വിപുലമായ ആഘോഷങ്ങളാണ് ഒരുക്കിയിട്ടുള്ളത്. 

ഓണം ഷോപ്പിംഗ് സജീവമാണ്.എങ്കിലും ഈ വര്‍ഷം ഡബ്ലിനിലെ മലയാളി കടകളില്‍ ഓണത്തിന്റെ പേരില്‍ സാധാരണയില്‍ കൂടുതല്‍ പ്രത്യേക കച്ചവടമൊന്നും നടക്കുന്നില്ലെന്ന് വ്യാപാരികള്‍ പറയുന്നു.പച്ചക്കറിയിലും തിരുവോണക്കിറ്റുകള്‍ വിതരണം ചെയ്യുന്ന കാറ്ററിംഗ് സര്‍വീസുകാരിലും ഒതുങ്ങുന്നു അയര്‍ലണ്ടിലെ മലയാളികളുടെ ഓണഷോപ്പിംഗ്.

റോയല്‍ കാറ്ററേഴ്‌സും,കോര്‍ക്കിലെ ടേസ്റ്റ് ട്രീറ്റും അടക്കമുള്ള കാറ്ററിംഗ് സര്‍വീസുകാര്‍ തിരുവോണത്തോടനുബന്ധിച്ച് ഓണകിറ്റുകള്‍ തയാറാക്കിയിട്ടുണ്ട്.ലീമറിക്കില്‍ നടത്തപ്പെടുന്ന ധ്യാനത്തിന് വലിയൊരു വിഭാഗം മലയാളികള്‍ പോവുന്നുണ്ടെങ്കിലും കഴിഞ്ഞ തവണ ലഭിച്ച ഓര്‍ഡറിന്റെ ഇരട്ടിയോളം ഓണകിറ്റുകള്‍ക്ക് ഇത്തവണയും ബുക്കിംഗ് ലഭിച്ചിട്ടുണ്ട് എന്ന് റോയലിന്റെ പാട്ണര്‍ അഭിലാഷ് രാമമംഗലം പറയുന്നു.

വീടുകളില്‍ ഓണസദ്യയൊരുക്കാനുള്ള തയാറെടുപ്പിലാണ് ഏറെ മലയാളികളും.ഇത്തവണ തിരുവോണം അവധികാലത്തായതിനാല്‍ കുട്ടികള്‍ വീടുകളില്‍ തന്നെയുള്ളത് സദ്യയൊരുക്കാന്‍ പ്രചോദനം ആയിട്ടുണ്ടെന്ന് മിക്കവരും അഭിപ്രായപ്പെടുന്നു.തിങ്കളാഴ്ച്ച മുതല്‍ വീണ്ടും അധ്യായന വര്‍ഷം ആരംഭിക്കുന്നതിനാല്‍ ഓണാഘോഷം ‘അടിച്ചുപൊളിക്കാനാണ്’കുട്ടികളുടെ താത്പര്യം.

നാട്ടിലുള്ള മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും, സുഹൃത്തുക്കളെയും രാവിലെ ഹൃദയം നിറഞ്ഞ ഓണാശംസയും ഉച്ചകഴിഞ്ഞ്’ വയറു നിറഞ്ഞ’ ഓണാശംസയും അറിയിച്ചും, ഓണ സദ്യ ഒരുക്കിയും ഓണക്കളികള്‍ കളിച്ചും,ഓണലഹരിയില്‍ മുങ്ങാനാണ് പ്രവാസികളില്‍ കൂടുതല്‍ പേര്‍ക്കും പദ്ധതി.നാട്ടില്‍ കിട്ടാത്ത ആവേശത്തോടെ പ്രവാസിലോകത്തെ സൌഹൃദ കൂട്ടായ്മകളില്‍ ഓണം ഗംഭീരമാക്കാന്‍ അവധിയെടുത്ത് കാത്തിരിക്കുകയാണ് അയര്‍ലണ്ടിലെ മലയാളികളും. onam--flowers.jpg.image.784.410

Scroll To Top