Tuesday September 26, 2017
Latest Updates

ഓണാഘോഷങ്ങളിലെ കലാപകൊടികളും ഡബ്ലിനിലെ മലയാളി സംഘടനക്കാരും

ഓണാഘോഷങ്ങളിലെ കലാപകൊടികളും ഡബ്ലിനിലെ മലയാളി സംഘടനക്കാരും

ഡബ്ലിനിലെ മലയാളി സംഘടനകളുടെ എണ്ണം കുറഞ്ഞുവരികയാണ് ഓരോ വര്‍ഷവും.മലയാളി സംഘടനകളുടെ ബാഹുല്യം കൊണ്ട് പൊറുതി മുട്ടിയിരുന്ന ഒരു കാലത്തില്‍ നിന്നും വിരലില്‍ എണ്ണാവുന്ന സംഘടനകളിലേയ്ക്ക് മലയാളികളുടെ കൂട്ടായ്മകള്‍ കുറഞ്ഞതിന് കാരണം എന്താണ് എന്ന് അന്വേഷിക്കുമ്പോഴാണ് ഞെട്ടിപ്പിക്കുന്ന ചില കണ്ടെത്തലുകള്‍ ശ്രദ്ധയില്‍ പെട്ടത്.

സംഘടനകള്‍ കുറഞ്ഞത് ഒരു കണക്കിന് ഗുണമായി എന്ന് പറയുന്നവരുണ്ടാകും.സ്വന്തം മുഖത്തിന്റെ പബ്ലിസിറ്റിയ്ക്ക് വേണ്ടി സംഘടനാ പ്രവര്‍ത്തനം നടത്തുന്നവര്‍ ഏറെയുണ്ടാകും.പക്ഷേ അതിലുപരിയാണ് പൊതു സമൂഹത്തിന്റെ യോജിപ്പിനും സഹകരണത്തിനും അനിവാര്യമായ ചില ദൗത്യങ്ങള്‍ ഏറ്റെടുത്തു വിജയിപ്പിക്കാന്‍ രണ്ടും കല്‍പ്പിച്ചിറങ്ങുന്നവരുടെ പ്രതിബദ്ധതയെ നാം കാണേണ്ടത്.ഉദാഹരണമായി അയര്‍ലണ്ടിലെ മലയാളികളില്‍ നിന്നും യാതൊരു പ്രവേശനഫീസും വാങ്ങാതെ നടത്തുന്ന കേരളാ ഹൗസിന്റെ കാര്‍ണിവല്‍ വന്‍ വിജയമാകാന്‍ കാരണം അതിന്റെ പിന്നണിയിലുള്ള ടീമിന്റെ ആത്മാര്‍ഥമായ സഹകരണം കൊണ്ടാണ് എന്നതില്‍ ആര്‍ക്കും സംശയമില്ല.അത് കൊണ്ടാവാം ഈയിടെ കൊട്ടിഘോഷിച്ചു പ്രഖ്യാപിച്ച ശേഷം മാറ്റിവെച്ച ഇന്ത്യാ ഡേയുടെ ഗുരുക്കന്മാരോട് ‘റോയി കുഞ്ചിലക്കാടന് ദക്ഷിണവെച്ചിട്ട് വേണമായിരുന്നു തുടങ്ങാന്‍’ എന്ന് ചിലരെങ്കിലും പറയാന്‍ ഇടയാക്കിയത്.

പൊതുനന്മയ്ക്കായി പണിയെടുക്കുന്ന സംഘടനകളിലെ അംഗങ്ങള്‍ അവരുടെ സമയവും പ്രയത്‌നവും നീക്കിവെക്കുന്നതിനെ നാം അഭിനന്ദിച്ചേ മതിയാവു.ഒരു നാടിന്റെ തനിമയും സംസ്‌കാരവും കലാപാരമ്പര്യവും,ഭാഷയും ഒക്കെ ഒരു പ്രവാസദേശത്തു വളരണമെങ്കില്‍ ആരുടെയെങ്കിലും പിന്തുണയും സമയവും അതിനു ചിലവഴിച്ചേ മതിയാവു.

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയായില്‍ രസകരമായ ഒരു അഭിപ്രായം എഴുതി കണ്ടു. ഡബ്ലിനിലെ ഒരു പ്രമുഖ സംഘടനയുടെ ഓണാഘോഷത്തിന് ചെന്നവരെ അതിഥി ദേവോ ഭവ’ എന്ന് പറഞ്ഞ് മാനിച്ചില്ല എന്ന മട്ടിലായിരുന്നു എഴുത്ത്. സംഘാടകരില്‍ ഒരാള്‍ ആഘോഷ പരിപാടിയുടെ ‘ഫിനാന്‍ഷ്യല്‍ ബര്‍ഡനെ’കുറിച്ച് പൊതു സഭയില്‍ അഭിപ്രായം രേഖപ്പെടുത്തിയത് ശരിയായില്ല എന്നതായിരുന്നു ഇതിനു കാരണമായി പറഞ്ഞത്.മാത്രമല്ല ഐറിഷ്‌കാരടക്കം ഉള്ളവര്‍ ഉണ്ടായിരുന്ന ഒരു സദസില്‍ അത്തരം അഭിപ്രായം പറഞ്ഞത് നമ്മുടെ മാനം ഇടിയാന്‍ കാരണമായി എന്നും നിരീക്ഷണം ഉണ്ടായി.

സംഘടനക്കാര്‍ പിന്നെ എന്ത് ചെയ്യണം എന്നാണ് ഇവരൊക്കെ പറയുന്നത്?ദേശീയോത്സവം ആഘോഷിക്കാന്‍ അവധിയുമെടുത്ത് വന്നവരെ ഹാളില്‍ കയറ്റാതെ മടക്കി അയയ്ക്കണമായിരുന്നോ?ടിക്കറ്റ് പരിശോധിച്ച ശേഷം മാത്രം ഹാളില്‍ പ്രവേശിപ്പിക്കണമായിരുന്നോ?അപ്പോ ..സര്‍ ..ഈ അതിഥി അപമാനിക്കപ്പെടുകയില്ലേ സര്‍.വാമനന്‍ വന്നിട്ട് പോലും മാവേലി തമ്പുരാന്‍ രാജങ്കണത്തില്‍ ടിക്കറ്റ് ചോദിച്ചില്ല സര്‍.പിന്നെ ഇവിടെ എങ്ങനെ ചോദിക്കും സര്‍?

ഈയുള്ളവനും സംഘാടകരുടെ ക്ഷണം അനുസരിച്ച് അവിടെ ചെന്നിരുന്നു.അവിടെ കമ്മിറ്റിക്കാര്‍ ഒഴികെ ഭക്ഷണം കഴിക്കാതെയിരുന്നവര്‍ നിശ്ചിതസമയം കഴിഞ്ഞു വന്ന ഒന്നോ രണ്ടോ പേര്‍ മാത്രമാണ് എന്നാണ് അറിയാന്‍ കഴിഞ്ഞത്.രണ്ടരക്ക് ഭക്ഷണസമയം അവസാനിച്ചിട്ടും നാല് മണിയ്ക്ക് വന്നവര്‍ക്ക് പോലും സംഘാടകര്‍ ഓണസദ്യ വയറു നിറയെ വിളമ്പി.

ഐറിഷ്‌കാരനായ ഡബ്ലിന്‍ ഡപ്യൂട്ടി മേയര്‍ സംഘാടകരോട് ചോദിച്ചത് സദ്യക്ക് വരുമ്പോള്‍ താനെന്തു കൊണ്ട് വരണം എന്നാണ്.അത് ഐറിഷ്‌കാരന്റെ ഒരു പതിവാണ് എന്ന് എല്ലാവര്‍ക്കും അറിയാം.എന്നാല്‍ മലയാളികളില്‍ ചിലരെങ്കിലും യാതൊരു മുന്നറിയിപ്പും ഇല്ലാതെ ഓണാഘോഷ ഹാളില്‍ കയറിയത് തടയാതെ അവര്‍ക്കും സദ്യയടക്കം വിളമ്പിയ സംഘാടകരുടെ നല്ല മനസിനെ അഭിനന്ദിക്കുകയാണ് വേണ്ടത്.

പിന്നെ ഫിനാന്‍ഷ്യല്‍ ബര്‍ഡന്റെ കാര്യം.ഓരോ ആഘോഷപരിപാടികളും കഴിയുമ്പോഴും സ്വന്തം കീശയിലെ പണം വീതിച്ചു നല്‍കി സംഘടനയുടെ നഷ്ട്ടം നികത്തുന്നവരാണ് അയര്‍ലണ്ടിലെ മിക്ക സംഘടനാ നേതാക്കളും.മൈന്‍ഡ് എന്ന സംഘടനയ്ക്ക് കഴിഞ്ഞ വര്‍ഷം ഓണം കഴിഞ്ഞപ്പോള്‍ അറുനൂറോളം യൂറോ നഷ്ട്ടം വന്നുവെന്നാണ് അവരുടെ കണക്കുകള്‍ പറയുന്നത്.ഇതാര് വഹിക്കും സര്‍?

പരിപാടിയില്‍ ടിക്കറ്റ് എടുക്കാതെ വന്നവര്‍ എന്തെങ്കിലും കോണ്‍ട്രിബൂഷന്‍ നല്കണം എന്ന് പറഞ്ഞത് തെറ്റായിപോയോ സര്‍?അടുത്ത കൊല്ലവും അതിഥി ദേവോ ഭവ’ എന്നൊരു ബോര്‍ഡും പിടിച്ച് ഓണാഘോഷം സംഘടിപ്പിക്കാന്‍ ആരെങ്കിലും വേണ്ടേ സര്‍?(സംഘാടകന്‍ പറഞ്ഞ മലയാള ഭാഷയുടെ കാഠിന്യം ഇത്തിരി കൂടി പോയോ എന്ന സംശയം ഇല്ലാതില്ല…പി സി ജോര്‍ജ് പറയുന്നത് പോലെ ഓരോരുത്തര്‍ക്കും ഓരോ നാട്ടു ശൈലിയുണ്ടല്ലോ?ക്ഷമിച്ചു കളയാം!)

ഇത്തരം അനുഭവങ്ങളില്‍ നിന്നും മലയാളികള്‍ ഉള്‍ക്കൊള്ളേണ്ട ഒരു പാഠമുണ്ട്.സംഘാടകരോട് സഹകരിക്കുക.മുമ്പ് സൂചിപ്പിച്ചത് പോലെ അത്യദ്ധ്വാനത്തിന്റെ ഫലമാണ് ഓരോ ആഘോഷങ്ങളും.300 പേര്‍ക്ക് വിളംബാനുള്ള പ്രതീക്ഷയില്‍ ഓര്‍ഡര്‍ ചെയ്ത സദ്യക്ക് സംഘാടകരെ കൂടാതെ 380 പേരെത്തിയാല്‍ അവസാനനിമിഷം അവര്‍ക്കെന്തു ചെയ്യാനാവും?സാധാരണഗതിയില്‍ 
10 ശതമാനം പേര്‍ക്കെങ്കിലും കൂടുതല്‍ കരുതി ഭക്ഷണം തയാറാക്കുന്ന കാറ്ററിംഗുകാരനെയും കുറ്റം പറയാനാവില്ല !. 

മുന്‍കൂട്ടി ബുക്കിംഗ് ചെയ്യേണ്ട പരിപാടികള്‍ക്ക് മുന്‍കൂട്ടി തന്നെ ബുക്ക് ചെയ്യുക.അവസാന നിമിഷത്തേയ്ക്ക് തീരുമാനം മാറ്റിവെച്ചാല്‍ നിങ്ങളുടെ ചിലവില്‍ സംഘാടകര്‍ ചീത്തവിളി കേള്‍ക്കുന്നത് ഒഴിവാക്കാനാവും.

സംഘാടകരുടെ കീശ സാമൂഹ്യസേവനത്തിന്റെയും ഉത്സവവേളകളുടെയും പേരില്‍ കാലിയാവുന്നതാണ് ചില സംഘടനകളെങ്കിലും ഇല്ലാതാവുന്നതിനോ മറ്റു ചിലവ നിര്‍ജീവമായതിനോ കാരണം.

ആവശ്യമില്ലാത്ത പരസ്യ വിമര്‍ശനങ്ങളാണ് സംഘടനാ പ്രവര്‍ത്തനത്തില്‍ നിന്നുംപിന്‍വലിയാന്‍ മറ്റു ചിലരെ പ്രേരിപ്പിക്കുന്നത്.
വേലിപ്പുറത്തിരുന്ന് അഭിപ്രായം പറയാന്‍ ആര്‍ക്കുമാവും.ഒരു കമ്പ്യൂട്ടറും ഫേസ്ബുക്കും ഉണ്ടെങ്കില്‍ ആര്‍ക്കും ആരെയും എന്തും പറയാം എന്ന സ്വാതന്ത്ര്യത്തില്‍ ഉപരിയായി ഏതു വിഷയത്തിലും എന്ത് നെഗറ്റീവ് കണ്ടു പിടിക്കാം എന്ന് ഗവേഷണം നടത്തുന്നവരാണ് ആരോപണവുമായി വരുന്നതെന്ന് ശ്രദ്ധേയം.’ഇന്ത്യയുടെ ദാരിദ്ര്യം വിറ്റുകിട്ടുന്ന നക്കാപിച്ചയിലാണ് ചിലരുടെ കഴുകന്‍ കണ്ണുകള്‍ എന്നും മറ്റും ഗീര്‍വാണം അടിക്കുന്നവര്‍ ഓര്‍ക്കുക’. ഒരടിസ്ഥാനവും ഇല്ലാതെ ആരോപണങ്ങള്‍ വിളിച്ച് പറഞ്ഞ് സ്വയം അപഹാസ്യരാവേണ്ടത്ര മോശപെട്ടവരൊന്നുമല്ല നിങ്ങള്‍.

ഇത് നമ്മുടെ മലയാളകുടുംബമല്ലേ?കേരളത്തിലെ ഒരു മുനിസിപ്പാലിറ്റിയില്‍ ഉള്ളത്ര മലയാളികള്‍ പോലും ഇവിടെ ആകെയില്ല.നല്ലത് ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കണം.അതിന് പരസ്യവിമര്‍ശനങ്ങളും പത്രപരസ്യങ്ങളും ആവശ്യമില്ലല്ലോ?

മുക്കിന് മുക്കിന് ഘോഷിക്കുന്നതിനു പകരം ഡബ്ലിന്‍ അടക്കമുള്ള പ്രധാനനഗരങ്ങളിലെ മലയാളികളെങ്കിലും മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് ഒരൊറ്റ മനസോടെ ഒരേ ദിവസം ദേശീയോത്സവമായ ഓണം എങ്കിലും കൊണ്ടാടാന്‍ തീരുമാനിച്ചാല്‍ അത് സ്വാഗതാര്‍ഹമാവും എന്നതില്‍ സംശയമില്ല.കോര്‍ക്കിലെ പ്രധാന മലയാളി സംഘടനകള്‍ ഇക്കാര്യത്തില്‍ തുടങ്ങിവെച്ച മാതൃക അനുകരണീയമാണ്.

മലയാളി സംസ്‌കാരത്തിന്റെയും തനിമയുടെയും പ്രകാശനം അടുത്ത വര്‍ഷം മുതലെങ്കിലും അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെച്ച് ഒന്നിച്ചു നടത്താന്‍ സംഘടനാ നേതാക്കള്‍ തന്നെ നേതൃത്വം എടുക്കട്ടെ.ആയിരക്കണക്കിന് മലയാളികള്‍ ഉള്ള ഡബ്ലിനില്‍ ഓണത്തോട് അനുബന്ധിച്ച് ഒരു ഘോഷയാത്രയടക്കം സംഘടിപ്പിക്കാവുന്നതാണ്.നൂറു കണക്കിന് പ്രതിഭാശാലികള്‍ അണിനിരക്കുന്നതാണ് ഡബ്ലിനിലെ മലയാളി സമൂഹം.എല്ലാ മേഖലയിലും പ്രശസ്തരായവര്‍.ഇവരുടെയൊക്കെയൊരു സാംസ്‌കാരിക സംഗമവും കൂടിയാവണം ഓണം. 

റെജി സി ജേക്കബ്

Scroll To Top