Saturday March 24, 2018
Latest Updates

ആഘോഷലഹരിയില്‍ അയര്‍ലണ്ട്, ഓണം കൊണ്ടാടി മലയാളി സമൂഹം

ആഘോഷലഹരിയില്‍ അയര്‍ലണ്ട്, ഓണം കൊണ്ടാടി മലയാളി സമൂഹം

ഡബ്ലിന്‍:അയര്‍ലണ്ടിലെമ്പാടും ഓണാഘോഷത്തിന്റെ ലഹരി.പതിവിലധികം ഊര്‍ജ്വസ്വലതയോടെയാണ് മലയാളി സമൂഹം ഇത്തവണ ഓണം ആഘോഷിക്കുന്നത്.ഉത്രാടവും തിരുവോണവും ആയില്ലെങ്കിലും ഓണക്കളികളും ഓണസദ്യയുമായി എങ്ങും ആഘോഷങ്ങള്‍ അരങ്ങു തകര്‍ക്കുകയാണ്

ഗോള്‍വേ ഇന്ത്യന്‍ കമ്യൂണിറ്റിയാണ് ഇത്തവണത്തെ ഓണം തുടങ്ങിവെച്ചത്.നഗരത്തിലും പ്രാന്തപ്രദേശങ്ങളിലുമുള്ള മുഴുവന്‍ ഗോള്‍വേ മലയാളികളും തന്നെ ഓണത്തിന് അണിനിരന്നു.

വാട്ടര്‍ഫോര്‍ഡ്: വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള ഈ വര്‍ഷത്തെ ഓണാഘോഷം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഇന്നലെ നടത്തപ്പെട്ടു. വാട്ടര്‍ഫോര്‍ഡ് ഡി ലെ സാലസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വന്‍ ജനാവലിയാണ് പങ്കെടുത്തത്.ചീട്ടുകളി മത്സരവും കുട്ടികളുടെ കലാ സാഹിത്യ മത്സരങ്ങളും വടംവലി മത്സരവും വഞ്ചിപ്പാട്ടുമായി ഓണാഘോഷം വാട്ടര്‍ഫോര്‍ഡുകാര്‍ക്ക് മറക്കാനാവാത്ത അനുഭവമായി.

മെറിയോണ്‍ റോഡ് :സെന്റ്.ജോസഫ് കൂട്ടായ്മയുടെ തിരുവോണാഘോഷം ഇന്നലെ സ്റ്റില്ലോര്‍ഗനിലുള്ള സെന്റ്. ബ്രിജിഡ്സ് ആഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെട്ടു.രാവിലെ അത്തപ്പൂകളമിട്ടു തുടങ്ങിയ ആഘോഷം വൈകിട്ട് നീണ്ടുനിന്നു.ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകുവാന്‍ പുരുഷന്മാരുടേയും സ്ത്രീകളുടേയും വടംവലി മത്സരവും മാവേലിമന്നന്റെ എഴുന്നള്ളത്ത് വിഭവസമൃദ്ധമായ തിരുവോണ സദ്യ എന്നിവയും ഒരുക്കിയിട്ടുണ്ടായിരുന്നു.

സ്വോര്‍ഡ്സ്:ആഘോഷ തിമിര്‍പ്പിലായിരുന്നു സ്വോര്‍ഡ്സ് മലയാളികള്‍ ഇന്നലെ.വടം വലി, നാടന്‍ കളികള്‍,കോമഡി സ്‌കിറ്റ്, ഫാഷന്‍ ഷോ തുടങ്ങി നിരവധി പരിപാടികളാണ് സ്വോര്‍ഡ്‌സില്‍ ഒരുക്കിയിരുന്നത്. ലസ്‌ക്, ഡോണാബെറ്റ്,മാലഹൈഡ്,ക്ലെയര്‍ ഹാള്‍,ഓള്‍ഡ് ടൗണ്‍ , സ്വോര്‍ഡ്സ് എന്നിവടങ്ങളിലെ മലയാളികളെല്ലാം ഓണാഘോഷങ്ങളില്‍ പങ്കെടുക്കാനെത്തി.ona2

ലൂക്കന്‍ :ഒരു ദശാബ്ദിയുടെ നിറവില്‍ ലൂക്കന്‍ മലയാളി ക്ലബ് ലൂക്കന്‍ മേഖലയിലെ മലയാളി സമൂഹത്തെ ഒന്നാകെ പങ്കെടുപ്പിച്ച് കൊണ്ടാണ് പത്തു ദിവസത്തെ ഓണാഘോഷ പരിപാടികള്‍ ഒരുക്കിയിരിക്കുന്നത്.ഇന്നലെ ഉച്ചയ്ക്ക് 12 മുതല്‍ കുട്ടികള്‍ക്കായി ക്രമീകരിച്ച കായികമത്സരങ്ങളില്‍ പങ്കെടുക്കാന്‍ പുതുതലമുറയൊന്നാകെ എത്തിയിരുന്നു.

താലാ: സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയില്‍ ഇടവകാ തിരുനാളിനൊപ്പമാണ് മലയാളികളുടെ ദേശീയോത്സവമായ തിരുവോണാഘോഷവും സംഘടിപ്പിച്ചത്.ഇന്നലെ നടന്ന ആവേശോജ്വലമായ ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ മലയാളി സമൂഹം ഒന്നടങ്കം എത്തിയിരുന്നു.

ഡബ്ലിന്‍ നസ്രേത്ത് മാര്‍ത്തോമാ ചര്‍ച്ചിന്റെ ആഭിമുഖ്യത്തിലും വര്‍ണ്ണപകിട്ടാര്‍ന്ന ഓണാഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

ഡ്രോഗഡ :ഡ്രോഗഡ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഇന്നലെ നടത്തപ്പെട്ട ഓണാഘോഷം വര്‍ണ്ണോജ്ജലമായി.ഡി എം എ യുടെ പത്താം വാര്‍ഷികാഘോഷവും ഇതോടൊപ്പം നടത്തപ്പെട്ടു.ദ്രോഗഢ മേഖലയിലെ മുഴുവന്‍ മലയാളികളും തന്നെ ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കാനെത്തി.

ട്രിം :ട്രിം,നാവന്‍ മേഖലയിലെ മലയാളികള്‍ക്കും ഓണാഘോഷം ഇന്നലെയായിരുന്നു. തിരുവാതിര കളി,ഓണ സദ്യ,മുതിര്‍ന്നവരുടേയും കുട്ടികളുടേയും കലാ കായിക പരിപാടികള്‍ എന്നിവയെല്ലാം ആഘോഷത്തിന് അരങ്ങു കൂട്ടി.

നോര്‍ത്ത് ഡബ്ലിന്‍: മേഖലയിലെ പ്രമുഖ സംഘടനയായ മൈന്‍ഡിന്റെ നേതൃത്വത്തിലുള്ള ഓണാഘോഷം ‘തിരുവോണം 2016’ ഗ്രിഫിത്ത് അവന്യു മരീനോയില്‍ ആഘോഷപൂര്‍വ്വം കൊണ്ടാടി.രാവിലെ വടംവലി മത്സരത്തോടെ ആരംഭിച്ച ആഘോഷ പരിപാടികളില്‍ ഓണസദ്യ, വിവിധ കലാപരിപാടികള്‍, മൈന്‍ഡ് ഐക്കണ്‍ അവാര്‍ഡുദാനം, ലിവിംഗ് സെര്‍ട്ടില്‍ മികച്ച വിജയം നേടിയ കുട്ടികള്‍ക്കുള്ള അവാര്‍ഡുദാനം, സോള്‍ ബീറ്റ്‌സിന്റെ ഗാനമേള തുടങ്ങിയവയും ഒരുക്കിയിരുന്നു.

ബ്രേ:ഇത്തവണത്തെ ഓണം അടിപൊളി പരിപാടികളോടെയാണ് ബ്രേയിലെ മലയാളി സമൂഹം ആഘോഷിച്ചത്.

ഡബ്‌ളിന്‍ കൌണ്ടിയുടെ തെക്ക് ചെറിവുഡ് മുതല്‍ അയര്‍ലണ്ടിന്റെ പൂന്തോട്ടം എന്നറിയപ്പെടുന്ന വിക്ലോ കൌണ്ടിയുടെ വിവിധ പ്രദേശങ്ങളില്‍ കഴിയുന്ന മലയാളി കുടുംബങ്ങള്‍ ജാതിമതഭേദമെന്യേ ഇന്നലെ ബ്രേയിലെ വോള്‍ഫ് ടോണ്‍ യൂത്ത് ക്‌ളബില്‍ ഒത്തു ചേര്‍ന്നു.തിരുവാതിരകളിയോടെ ആരംഭിച്ച ആഘോഷപരിപാടികളില്‍ തങ്ങള്‍ക്ക് നഷ്ടപ്പെട്ട ബാല്യകാലം തങ്ങളുടെകുട്ടികളിലേക്ക് പകര്‍ന്ന് നല്‍കുവാന്‍ നാട്ടില്‍ ഓണക്കാലത്ത് നടത്തി വന്നിരുന്ന വിവിധയിനം വിനോദപരമായ കലാ-കായികമത്സരങ്ങളും , കൈകൊട്ടിക്കളി , കോലുകളി , വഞ്ചിപ്പാട്ട് , നേരിന്റെ നേരായ നാടന്‍ പാട്ട് , വടംവലി തുടങ്ങി മലയാളത്തിന്റെ തനിമ നിറയെ ഒരിക്കല്‍ കൂടി അനുഭവിച്ചറിയാന്‍ ബ്രേ മലയാളികള്‍ക്കായി.കൂടാതെ വിഭവ സമൃദ്ധമായ തിരുവോണസദ്യയും.

ബ്ലാക്ക് റോക്ക് :ബ്‌ളാക്ക് റോക്കിലെ ഓട്‌ലാന്‍ഡ്സ് ഇന്ത്യന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള ഓണാഘോഷം സെപ്റ്റംബര്‍ 25 ശനിയാഴ്ച്ചയാണ് നടത്തപ്പെടുക.സെപ്റ്റംബര്‍ 25 ന് ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് 6 മണിവരെ ബ്‌ളാക്ക് റോക്ക് സെന്റ് ആന്‍ഡ്രൂസ് ഹാളില്‍ വൈവിധ്യപൂര്‍ണ്ണമായ പരിപാടികളാണ് ഇതോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്.

ക്രംലിന്‍:അയര്‍ലണ്ടിലെ ഹിന്ദു മലയാളി കൂട്ടായമയായ സത്ഗമയ സദ്‌സംഘത്തിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം ക്രംലിന്‍ WSAF ഹാളില്‍ വച്ച് സെപ്റ്റംബര്‍ 11(ഇന്ന് -ഞായറാഴ്ച )വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടത്തപ്പെടും.കുട്ടികളുടെ കലാപരിപാടികള്‍ ,തിരുവാതിരകളി,മോഹിനിയാട്ടം,ഭരതനാട്യം,ഗാനമേള, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ മുഖ്യ ആകര്‍ഷണങ്ങളായിരിയ്ക്കും..

വെക്‌സ്‌ഫോര്‍ഡ് :വെക്‌സ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷവും ഇന്നാണ്. (സെപ്റ്റംബര്‍ 11 ന് ഞായറാഴ്ച്ച)

ഉച്ചയ്ക്ക് 11 മുതല്‍ വെക്‌സ്‌ഫോര്‍ഡ് മലയാളി സമൂഹത്തിലെ എല്ലാ അംഗങ്ങളും ജന്മനാടിന്റെ ദേശീയോത്സവം ആഘോഷിക്കാന്‍ ഒന്നിച്ചു ചേരും.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കലാ കായിക മത്സരങ്ങളും,വടംവലി മത്സരവും ഇതോടനുബന്ധിച്ച് നടത്തപ്പെടും.ഗംഭീരമായ തിരുവോണ സദ്യയും ഒരുക്കിയിട്ടുണ്ട്.

കോര്‍ക്ക് :കോര്‍ക്കില്‍ ഒരുമയുടെ ഓണത്തിന് കോര്‍ക്കിലെ പ്രധാന സാംസ്‌കാരിക സംഘടനകള്‍ എല്ലാം ഒരേ മനസോടെയാണ് അണിനിരക്കുന്നത്.സെപ്റ്റംബര്‍ 17നാണ് കോര്‍ക്കില്‍ ഓണാഘോഷം.

കാവന്‍:കൗണ്ടി കാവനിലും പരിസരങ്ങളിലുമുള്ള മലയാളികള്‍ ഓണാഘോഷത്തിനായി കാവന്‍ ഇന്ത്യന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 17ന് ഒത്തു ചേരും.

ബാലിനാസ്ലോ :കൌണ്ടി ഗോള്‍വേയിലെ ബാലിനസ്ലോയിലെ മലയാളി സമൂഹം ഓണാഘോഷത്തിന് ഒരുക്കങ്ങള്‍ ആരംഭിച്ചു,സെപ്റ്റംബര്‍ 17 ന് ശനിയാഴ്ച്ചയാണ് ബാലിനസ്ലോയിലെ ഓണമഹോത്സവം.

ക്രേയ്ഗ് നാഷണല്‍ സ്‌കൂളില്‍ രാവിലെ 10 മണിക്ക് ഓണദീപം തെളിയുന്നതോടെ പരിപാടികള്‍ക്ക് തുടക്കമാവും.ഘോഷയാത്രയ്ക്ക് ശേഷം അത്തപ്പൂക്കള മത്സരം ആരംഭിക്കും.ഓണസദ്യ 12.30 നാണ്.പിന്നീട് കുട്ടികളുടെ കലാമത്സരങ്ങളും,ഗെയിംസും.

Scroll To Top