Tuesday January 16, 2018
Latest Updates

മാനുഷരെല്ലാരും ഒന്ന് പോലെ…

മാനുഷരെല്ലാരും ഒന്ന് പോലെ…

ണം വന്നു എന്നറിയിച്ചുകൊണ്ട് എന്തായാലും ഓണത്തുമ്പികള്‍ ഇത്തവണയും മുറ്റത്തെത്തി. മുറ്റത്തിനരികില്‍ ആകെ ശേഷിക്കുന്ന ഒന്നോ രണ്ടോ തുമ്പകള്‍ കഴിഞ്ഞ കാലത്തിന്റെ ഓര്‍മ്മയിലെന്ന പോലെ കുഞ്ഞു പൂക്കളുടെ വെളുത്ത ചിരിയോടെ നില്‍ക്കുന്നുണ്ട്. കുട്ടിക്കാലത്ത് ഒട്ടനേകം തുമ്പകള്‍ ചേര്‍ന്ന ഒരു കൂട്ടച്ചിരിയായിരുന്നല്ലോ എന്ന് ഓര്‍ക്കുകയും ചെയ്തു. ചെറുപ്പത്തില്‍ പൂക്കളത്തിലിടാനായി ഇറുത്തെടുത്ത പലതരം ചെടികളിലെ പൂക്കളൊന്നും ഇപ്പോള്‍ കാണുന്നില്ലല്ലോ എന്ന സങ്കടവുമുണ്ട്.

ഓണം കുട്ടിക്കാലത്തേക്കുള്ള ഒരു മടക്കമാണ് ഓരോ തവണയും. എന്റെ മുന്‍ തലമുറയിലുള്ളവര്‍ പറയും. അവരുടെ ചെറുപ്പത്തിലായിരുന്നു ശരിക്കുള്ള ഓണം എന്ന്. ഓരോരുത്തരും അവരവരുടെ കുട്ടിക്കാലത്തായിരുന്നു ഓണം എന്ന് നിഷ്‌കളങ്കമായി വിശ്വസിക്കുന്നു. എന്നാല്‍ അതിലും പ്രധാനമായ ഒരു കാര്യം മലയാളിത്തത്തിന്റെയോ മനുഷ്യ വംശത്തിന്റെ തന്നെയോ കുട്ടിക്കാലത്തെക്കുറിച്ച് ഒരു ഓര്‍മ്മ അതു പങ്കിടുന്നുണ്ട് എന്നതാണ്. ആരോമല്‍പ്പൈങ്കിളിപ്പെണ്‍കിടാവേ എന്നു തുടങ്ങുന്ന ഓണപ്പാട്ടിലെ മാനുഷരെല്ലാരും ഒന്നുപോലെയായ, കള്ളവും ചതിയുമില്ലാത്ത, എല്ലാവര്‍ക്കും സമൃദ്ധിയും സ്നേഹവുമുള്ള ഒരു കാലത്തെക്കുറിച്ച് നമ്മള്‍ നിര്‍മ്മിച്ചെടുത്ത ചില സ്വപ്നങ്ങളുടെ ഓര്‍മ്മകള്‍ ഓണപ്പരിപാടികളുടെ ഭാഗമായിട്ടെങ്കിലും പാടാറുമുണ്ട്.

ആഘോഷങ്ങള്‍ക്കെല്ലാം അവയുടെ അര്‍ത്ഥം നഷ്ടപ്പെട്ടു എന്നു നാം പറയാറുണ്ട്. അതിന്റെ അനുഷ്ഠാനങ്ങള്‍ക്കും കുറവു വന്നിട്ടുണ്ട്. ഓണത്തിന്റെ കാര്യത്തില്‍ കുട്ടിക്കാലത്തെ അനുഭവങ്ങള്‍ വച്ച് എനിക്കും അങ്ങനെ തോന്നാറുണ്ട്. അന്നൊക്കെ കര്‍ക്കടകമാസത്തിലെ ഓണമായ പിള്ളേരോണം മുതല്‍ മുറ്റത്ത് ചാണകം മെഴുകി തുമ്പപ്പൂവും തുളസിപ്പൂവും കൊണ്ട് പൂക്കളമിട്ടു തുടങ്ങും. അത്തം മുതല്‍ ഉത്രാടം വരെ മറ്റു പൂക്കളും ചേര്‍ത്തു തുടങ്ങും. നാലഞ്ചു ദിവസം കഴിഞ്ഞാല്‍ പൂക്കളത്തില്‍ കുട കുത്തിത്തുടങ്ങും. ഉത്രാടത്തിന് ധാരാളം പൂക്കുട കുത്തി ആവുന്നത്ര സമൃദ്ധിയോടെ വലിയ പൂക്കളം തീര്‍ക്കും. തിരുവോണത്തിന് വെളുപ്പിന് എഴുന്നേറ്റിരുന്ന് കുട്ടികള്‍ ഓണത്തപ്പാ കുടവയറാ പുലരെപ്പുലരെ തിരുവോണം എന്നു ഓണത്തപ്പനെ വിളിക്കും. അന്നു രാവിലെ പൂമാറ്റല്‍. മണ്ണുരുള കൊണ്ട് മാതേവരെ ഉണ്ടാക്കി പൂജ. ഇതു പൂക്കളത്തിന്റെ കാര്യം മാത്രം. പിന്നെ ഓണക്കോടി, ഓണസദ്യ, ഓണക്കളികള്‍ തുടങ്ങിയ ആഘോഷപ്പൊലിമ വേറെയും. ഇതിലൊക്കെ മിക്കയിടങ്ങളിലും ഇപ്പോള്‍ കാര്യമായ കുറവു വന്നിട്ടുണ്ട്.

ഇക്കാര്യത്തില്‍ നാട്ടുമ്പുറം, നഗരം എന്നിങ്ങനെയുള്ള വ്യത്യാസങ്ങള്‍ക്കും പങ്കുണ്ട്. നാട്ടുമ്പുറത്ത് ഇതൊക്കെയാവാം. നഗരങ്ങളില്‍ ഇതൊന്നും പറ്റില്ല. അതു സ്വാഭാവികം മാത്രം. കൗതുകകരമായ ഓണാഘോഷങ്ങള്‍ പ്രവാസി ദേശങ്ങളിലാണുള്ളത്. ഓരോ മലയാളി സംഘടനയും ഒന്നു കഴിഞ്ഞു മറ്റൊന്ന് എന്ന മട്ടില്‍ ആഘോഷിച്ചു വരുമ്പോള്‍ അഞ്ചാറു മാസമെങ്കിലുമെടുക്കും ഓണാഘോഷം തീരാന്‍! പഞ്ചവാദ്യവും മാവേലി വേഷവുമൊക്കെയുള്ള ഘോഷയാത്ര, ഓണ സദ്യ എന്നിങ്ങനെ അവരുടെ ജീവിതപരിസരത്തിനനുസരിച്ച് മലയാളിത്തം കണ്ടെടുത്തുകൊണ്ടുള്ള അനുഷ്ഠാനങ്ങള്‍ അവിടെയുമുണ്ട്.

ഇങ്ങനെ അനുഷ്ഠാനങ്ങള്‍ക്ക് കുറവു വരുന്നതിനോ ഇതൊക്കെ മറ്റൊന്നാവുന്നതിനോ ആണ് അര്‍ത്ഥം നഷ്ടപ്പെട്ടു എന്നു നാം പറയാറുള്ളത്. അങ്ങനെ നിശ്ചിതമായ ഒരര്‍ത്ഥം ഓണത്തിനുണ്ടോ? ഓണം ഓരോ കാലത്തും ഓരോ രീതിയിലാണല്ലോ ആഘോഷിക്കപ്പെട്ടിട്ടുള്ളത്. സാമൂഹിക പദവിയിലും സമുദായത്തിലുമൊക്കെയുള്ള വ്യത്യാസങ്ങള്‍ക്കനുസരിച്ചും ഓണാഘോഷത്തില്‍ വ്യത്യാസമുണ്ട്. ബുദ്ധമതവുമായുള്ള ബന്ധം, മഹാബലിയുടെയും വാമനന്റെയും കഥ, പരശുരാമനുമായും ചേരമാന്‍ പെരുമാളുമായുമൊക്കെ ബന്ധിപ്പിച്ചുള്ള ഐതിഹ്യങ്ങള്‍ ഇവയൊക്കെയായി എന്തെന്ത് പുരാവൃത്തങ്ങളും ചരിത്രവുമാണ് ഓണവുമായി ബന്ധിപ്പിച്ച് പറയാറുള്ളത്! ഓരോ ദേശത്തിനും സമുദായത്തിനും അവരവരുടെ ഓണം എന്നു തോന്നും!

ഇതൊക്കെയായാലും പ്രാഥമികമായി ഓണം ഒരു വിളവെടുപ്പുത്സവമാണ്. പഞ്ഞക്കര്‍ക്കടകത്തിനു ശേഷം പൊട്ടിയെ പുറത്താക്കി ശീപോതിയെ അകത്താക്കുന്ന സമൃദ്ധിയുടെ ഉത്സവം. പഴയ വിളവെടുപ്പിന്റെയും വിദേശ വ്യാപാരത്തിന്റെയും ഓര്‍മ്മ. പണ്ടു കാലത്ത് പൊന്നുമായി മറുനാടന്‍ കപ്പലുകള്‍ കേരളത്തിന്റെ തീരത്തടുക്കുന്നതു കൊണ്ടാണ് ഓണം നമുക്കു പൊന്നോണമായത് എന്നു കേട്ടിട്ടുണ്ട്. മറ്റെന്തൊക്കെ വൈവിധ്യങ്ങളുണ്ടായിരുന്നെങ്കിലും വിളവെടുപ്പ് ഉണ്ടായിരുന്നിടത്തോളം നമ്മള്‍ ആ അര്‍ത്ഥം നിലനിറുത്തുകയും ചെയ്തു. പിന്നെ നമ്മള്‍ ആവുന്നത്ര വയല്‍ നികത്തി. പച്ചക്കറി കൃഷി ചെയ്യാതായി. പശു ഉള്‍പ്പെടെയുള്ള വീട്ടുമൃഗങ്ങളെ വളര്‍ത്താതെയായി. മാവും പ്ലാവും ആഞ്ഞിലിയും വെട്ടി. അപ്പോള്‍ ഓണം ഈ കാലത്തിന്റെ ശരിക്കുള്ള അര്‍ത്ഥത്തിലായതിന് മറ്റാരെയും പഴിച്ചിട്ടു കാര്യമില്ല.

അതുകൊണ്ട് നമുക്ക് ഓണച്ചന്തയില്‍ പോകാം. ഓണത്തിനിറങ്ങുന്ന കോമഡി കാസറ്റുകള്‍ വാങ്ങാം. ടെലിവിഷനിലെ ഓണപ്പടങ്ങള്‍ കാണാം. ഓണസദ്യ പാഴ്സലായി വരുത്താം. പൂക്കളം ഒരു പ്ലാസ്റ്റിക്ക് മാറ്റായി കിട്ടുമെങ്കില്‍ അത് അങ്ങനെത്തന്നെ മുറ്റത്തു വിരിക്കുകയും ചെയ്യാം! പക്ഷെ ഞങ്ങളുടെ ചെറുപ്പത്തിലായിരുന്നു ഓണം എന്നു പറഞ്ഞ് കുട്ടികളെ വെറുതെ കൊതിപ്പിക്കരുത്!.

മനോജ് കുറൂര്‍

Scroll To Top