Monday August 21, 2017
Latest Updates

ഓണസിനിമകള്‍ :ഉട്ട്യോപ്യയിലെ രാജാവ് മുതല്‍ കുഞ്ഞിരാമായണം വരെ 

ഓണസിനിമകള്‍ :ഉട്ട്യോപ്യയിലെ രാജാവ് മുതല്‍ കുഞ്ഞിരാമായണം വരെ 

ഉട്ടോപ്യയിലെ രാജാവില്‍ മമ്മൂട്ടി

ത്തവണ ഓണത്തിന് മലയാള സിനിമ പ്രേക്ഷകര്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ചലച്ചിത്രങ്ങള്‍ ഏറെയാണ്.

മോഹന്‍ലാല്‍-രഞ്ജിത് കൂട്ടുകെട്ടിലുള്ള ലോഹം എന്ന സിനിമ ഓണത്തിന് മുമ്പേ എത്തിയപ്പോള്‍ ഒന്നാം ഓണത്തിനും തിരുവോണത്തിനുമായി നാല് ചിത്രങ്ങള്‍ എത്തുകയാണ്. മമ്മൂട്ടിയുടെ ഉട്ടോപ്യയിലെ രാജാവ്, പൃഥ്വിരാജ്,ആര്യ,ഇന്ദ്രജിത്ത് എന്നിവര്‍ ഒരുമിക്കുന്ന ലിജോ പെല്ലിശേരി ചിത്രം ഡബിള്‍ ബാരല്‍,കുഞ്ചാക്കോ ബോബന്‍ ചിത്രം ജമുനാപ്യാരി,ബേസില്‍ ജോസഫ് ഒരുക്കിയ കുഞ്ഞിരാമായണം എന്നിവയാണ് ഓണ റിലീസ് ചിത്രങ്ങള്‍
കോക്രാങ്കരയിലെ മമ്മൂട്ടികഥ 
കോക്രാങ്കര എന്ന സാങ്കല്‍പ്പിക ദേശത്തെ രാഷ്ട്രീയവും പ്രശ്‌നങ്ങളും ജീവിതവുമാണ് ഉട്ടോപ്യയിലെ രാജാവ് എന്ന സിനിമ. ഇടക്കാലത്തിന് ശേഷം കമല്‍ വീണ്ടും ആക്ഷേപഹാസ്യം കൈകാര്യം ചെയ്യുന്നു. കുമരങ്കരിയിലെ സ്വപ്നഭൂമികയും നാട്ടുജീവിതവും തൂലികയില്‍ തീര്‍ത്ത പി എസ് റഫീക്കാണ് തിരക്കഥ. സിപി സ്വതന്ത്ര്യന്‍ എന്ന കാരിക്കച്ചര്‍ ശൈലിയില്‍ തീര്‍ത്ത കഥാപാത്രമായി മമ്മൂട്ടി. പഞ്ചവടിപ്പാലം പോലെ ആക്ഷേപഹാസ്യസ്വഭാവത്തിലുള്ള നര്‍മ്മമാണ് ഇതിവൃത്തമെന്ന് കമല്‍ വ്യക്തമാക്കുന്നു.ഗ്രാന്റേ ഫിലിം കോര്‍പ്പറേഷന്‍സിന്റെ ബാനറില്‍ ഹസീബ് ഹനീഫ്, നൗഷാദ് കണ്ണൂര്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ ജ്യുവല്‍ മേരിയാണ് നായിക.

ജോയ് മാത്യു, നന്ദു, സുനില്‍ സുഖദ, ശ്രീകുമാര്‍,സാജു നവോദയ,സേതുലക്ഷ്മി,ശശി കലിംഗ എന്നിവരും താരനിരയിലുണ്ട. ഛായാഗ്രഹണം നീല്‍ ഡി. കുഞ്ഞ നിര്‍വഹിക്കുന്നു. പി എസ് റഫീക്കിന്റെ വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം പകരുന്നു. ചിത്രത്തിലെ ഉപ്പിന് പോണ വഴിയേതാ എന്ന ഗാനം ഇതിനോടകം ശ്രദ്ധേയമായിക്കഴിഞ്ഞു.

മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ നാലാമത്തെ ചിത്രമാണ് ഉട്ടോപ്യയിലെ രാജാവ്,ആദ്യമെത്തിയ ഫയര്‍മാന്‍ ആവറേജ് വിജയവും വിഷു റിലീസായെത്തിയ ഭാസ്‌കര്‍ ദ റാസ്‌കല്‍ വിജയചിത്രവുമായിരുന്നു. റംസാന്‍ ചിത്രം അച്ഛാ ദിന്‍ നിലംതൊടാതെ പോയി. ഗാംഭീര്യമുള്ള വിജയമാണ് ഉട്ടോപ്യയിലെ രാജാവില്‍ മമ്മൂട്ടിയും ആരാധകരും പ്രതീക്ഷിക്കുന്നത്.
കോമഡിയായി ഡബിള്‍ ബാരല്‍
അവതരണശൈലിയില്‍ സ്വന്തം കയ്യൊപ്പിട്ട ലിജോ പെല്ലിശ്ശേരി ആമേന്‍ എന്ന ചിത്രത്തിന് ശേഷം ഒരുക്കിയ ചിത്രമാണ് ഡബിള്‍ ബാരല്‍. സമീപകാലത്ത് ഏറ്റവും വലിയ കാത്തിരിപ്പുണ്ടായതും ഈ സിനിമയ്ക്ക് വേണ്ടിയാണ്. ഗാംഗ്സ്റ്റര്‍ കോമഡി ഗണത്തില്‍ മലയാളത്തിലെത്തുന്ന ആദ്യ സിനിമയാണ് ഡബിള്‍ ബാരല്‍. ഒരു രത്‌നം തേടിയിറങ്ങുന്നവരും അവരെ വേട്ടായാടാന്‍ എത്തുന്നവരുമായി അടിയുടെയും ഇടിയുടെയും വെടിയുടെയും പൂരമൊരുക്കുന്ന ചിത്രമാകും ഡബിള്‍ ബാരല്‍. ഒരു കോമിക് ബുക്ക് അല്ലെങ്കില്‍ ടോം ആന്‍ഡ് ജെറി പോലെ യുക്തിയെ പരിഗണിക്കാതെ ആസ്വദിച്ച് എത് വിഭാഗക്കാര്‍ക്കും കാണാവുന്ന സിനിമയെന്നാണ് സംവിധായകന്‍ ഡബിള്‍ ബാരലിന് മുഖവുര നല്‍കുന്നത്. പൃഥ്വിരാജ്,ഇന്ദ്രജിത്ത്,ആര്യ,ആസിഫലി,സ്വാതി റെഡ്ഡി,ഇഷാ ഷെര്‍വാണി,ചെമ്പന്‍ വിനോദ് ജോസ് തുടങ്ങി വന്‍ താരനിരയുണ്ട് ചിത്രത്തില്‍. കേരളത്തിലും ഗോവയിലുമായി ചിത്രീകരിച്ച സിനിമയില്‍ ആറ് ക്യാമറകള്‍ വരെ ഒരേ സമയം ചിത്രീകരണത്തിന് ഉപയോഗിച്ചിട്ടുണ്ട്.

ശബ്ദസങ്കലനം,സംഗീതം,ഛായാഗ്രഹണം,എന്നിവയില്‍ ഹോളിവുഡ് സിനിമകളോട് കിടപിടിക്കുന്ന നിലവാരമാണ് ലിജോ പെല്ലിശേരി ഈ സിനിമയ്‌ക്കൊപ്പം വാഗ്ദാനം ചെയ്യുന്നത്. ഓഗ്സ്റ്റ് സിനിമാസും ആമേന്‍ മൂവീ മൊണാസ്റ്ററിയുമാണ് നിര്‍മ്മാണം. അഭിനന്ദ് രാമാനുജമാണ് ക്യാമറ. പ്രശാന്ത് പിള്ളയാണ് സംഗീതം,രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈന്‍.

സ്ഥിരം ഫോര്‍മുലാ വിജയങ്ങള്‍ അല്ലാതെ പരീക്ഷണസ്വഭാവമുള്ള സിനിമകളെയും മലയാളം സ്വീകരിക്കുമെന്ന പ്രതീക്ഷയാണ് ഡബിള്‍ ബാരലിനൊപ്പം ഉള്ളത്.

ആഘോഷചിത്രമായി ജമുനാപ്യാരി
കൂട്ടുകെട്ടിനൊപ്പമല്ലാതെ ഒറ്റനായക വിജയത്തിനായി കുഞ്ചാക്കോ ബോബന്‍ ഒരു കൈ നോക്കുകയാണ് ജമുനാ പ്യാരി എന്ന സിനിമയിലൂടെ. പി ആര്‍ അരുണിന്റെ രചനയില്‍ തോമസ് സെബാസ്റ്റിയന്‍ സംവിധാനം ചെയ്ത ജമുനാ പ്യാരി ആഘോഷസ്വഭാവത്തിലുള്ള സിനിമയാണ്. കുഞ്ചാക്കോ ബോബന്‍ വാസൂട്ടന്‍ എന്ന ഓട്ടോ ഡ്രൈവറുടെ വേഷത്തിലാണ്. 2014 ലെ മിസ് കേരള ആയ ഗായത്രി സുരേഷാണ് ചിത്രത്തിലെ പാര്‍വതി എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത്. കുഞ്ചാക്കോ ബോബന്‍ തൃശൂര്‍ ഭാഷ സംസാരിക്കുന്ന ചിത്രവുമാണ് ജമ്‌നാപ്യാരി. ജോയ് മാത്യു, നീരജ് മാധവ്, രഞ്ജി പണിക്കര്‍,അനു മോള്‍, അജു വര്‍ഗീസ് തുടങ്ങിയവരും വിവിധ കഥാപാത്രങ്ങളായി ചിത്രത്തിലുണ്ട്. ആര്‍ ജെ ക്രിയേഷന്‍സിന്റെ ബാനറില്‍ ജയ്‌സണ്‍ എളങ്ങുളം നിര്‍മ്മിച്ച ചിത്രത്തിന് ഗോപി സുന്ദറാണ് സംഗീതം.

കുഞ്ചാക്കോ ബോബന്‍ബിജു മേനോന്‍ കൂട്ടുകെട്ടിലുള്ള മധുരനാരങ്ങയ്ക്ക് പിന്നാലെയാണ് കുഞ്ചാക്കോ ബോബന്റെ സോള്‍ ഹീറോ ഹിറ്റ് എന്ന പ്രതീക്ഷയുമായി ജമുനാ പ്യാരി വരുന്നത്. കുഞ്ചാക്കോ ബോബന്‍ എന്ന താരം ഒറ്റയ്ക്ക് നായകനായി എത്തുന്ന സിനിമയുടെ വിജയം എന്ന പ്രതീക്ഷയാണ് ബോക്‌സ് ഓഫീസില്‍ ജമുനാ പ്യാരിക്കൊപ്പമുള്ളത്.

ന്യൂ ജനറേഷന്‍ കുഞ്ഞിരാമായണം
തനിനാടന്‍ കഥയും ജീവിതവുമായാണ് യുവതലമുറ ക്യാമറയ്ക്ക് മുന്നിലും പിന്നിലും അണിനിരന്ന കുഞ്ഞിരാമായണം എത്തുന്നത്. ബേസില്‍ ജോസഫിന്റെ ആദ്യ സംവിധാന സംരംഭമാണ് കുഞ്ഞിരാമായണം. വീനിത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനുമാണ് കേന്ദ്രകഥാപാത്രങ്ങള്‍. ഇവര്‍ ആദ്യമായി ഒരുമിച്ചെത്തുന്ന സിനിമയുമാണിത്. ദേശം എന്ന സാങ്കല്‍പ്പിക ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് കുഞ്ഞിരാമായണം. ദുബായ് കുഞ്ഞിരാമന്‍ എന്ന പൊങ്ങച്ചക്കാരനായ ചെറുപ്പക്കാരനായി വിനീതും കുഞ്ഞിരാമന്റെ അമ്മാവന്റെ മകനും എടുത്തുചാട്ടക്കാരനുമായ ലാലുവായി ധ്യാനും കഥാപാത്രങ്ങളാകുന്നു. കുട്ടന്‍. കുഞ്ചൂട്ടന്‍, ഭീകരന്‍, ശശി, രതീഷ് എന്നിവരും ഈ സംഘത്തിനൊപ്പമുണ്ട് 

അജു വര്‍ഗ്ഗീസ്.ബിജുക്കുട്ടന്‍, ഹരീഷ്, നീരജ് മാധവ്, ദീപക് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് ദീപു പ്രദീപ് ആണ്. മനു മഞ്ജിത്തിന്റെ ഗാനങ്ങള്‍ക്ക് ജസ്റ്റിന്‍ പ്രഭാകര്‍ ഈണം പകരുന്നു. വിഷ്ണു ശര്‍മ്മയാണ് ഛായാഗ്രാഹകന്‍. അപ്പു ഭട്ടതിരിയാണ് എഡിറ്റിംഗ് ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ.വര്‍ക്കിയാണ് ചിത്രം നിര്‍മിക്കുന്നത്. ഈ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.

പ്രേമം എന്ന ചിത്രം ട്രെന്‍ഡ് സെറ്ററാവുകയും മലയാളത്തിലെ വന്‍വിജയമാവുകയും ചെയ്തതിന് പിന്നാലെ യുവതയുടെ കയ്യൊപ്പില്‍ മറ്റൊരു വന്‍ ഹിറ്റ് പ്രതീക്ഷയാണ് കുഞ്ഞിരാമായണം ലക്ഷ്യമിടുന്നത്.

Scroll To Top