Sunday February 18, 2018
Latest Updates

സൗദിക്ക് പിന്നാലെ ഒമാനിലും മലയാളി നഴ്സുമാരെ പിരിച്ചുവിടുന്നു

സൗദിക്ക് പിന്നാലെ ഒമാനിലും മലയാളി നഴ്സുമാരെ പിരിച്ചുവിടുന്നു

മസ്‌ക്കറ്റ്: സൗദി അറേബ്യയ്ക്കു പിന്നാലെ ഒമാനിലും തൊഴില്‍ പ്രശ്‌നം രൂക്ഷമാകുന്നു. ഒമാനിലെ സര്‍ക്കാര്‍ ആശുപത്രികളിലെ സ്വദേശികളല്ലാത്ത 48 മലയാളികള്‍ ഉള്‍പ്പെടെ 76 നഴ്‌സുമാരെ പിരിച്ച് വിടാന്‍ നോട്ടീസ് നല്‍കി. സ്വദേശിവത്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഭരണകൂടം ഇത്തരത്തിലുള്ള നടപടിയുമായി മുന്നോട്ട് പോകുന്നത്.

ഇന്നു മുതല്‍ ജോലിയില്‍ പ്രവേശിക്കേണ്ടെന്നാണ് നഴ്‌സുമാര്‍ക്ക് കിട്ടിയിരിക്കുന്ന നിര്‍ദേശം. 90 ദിവസത്തെ സാവകാശമായിരുന്നു നോട്ടിസില്‍ നല്‍കിയിരുന്നത്. ഇതിന്റെ കാലാവധി ഇന്ന് അവസാനിക്കും, കൂടാതെ അടുത്ത എട്ടു ദിവസത്തിനുള്ളില്‍ ഇവിടെനിന്നു മടങ്ങണമെന്നും നഴ്‌സുമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, ഗള്‍ഫിലെ തൊഴില്‍ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ നോര്‍ക്ക സെക്രട്ടറിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. എംബസി, മലയാളി സംഘടനകള്‍, എന്നിവയെ ഏകോപിപ്പിച്ചുകൊണ്ട് വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച് അടിയന്തിര നടപടികളെടുക്കാനാണ് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുള്ളത്.

നേരത്തെ നിതാഖാത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായി പതിനായിരത്തിലധികം ഭാരതീയര്‍ക്കാണ് സൗദി അറേബ്യയില്‍ ജോലി നഷ്ടമായത്. സൗദിയില്‍ കുടുങ്ങിയവരെ തിരികെയെത്തിക്കാനുള്ള ശ്രമം കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്. ഭക്ഷണം പോലുമില്ലാതെ കുടുങ്ങിയവര്‍ക്ക് ഭക്ഷണമെത്തിക്കുന്ന നടപടി ഇന്ത്യന്‍ എംബസിയും പ്രവാസി സമൂഹവും തുടരുകയാണ്

Scroll To Top