Thursday April 26, 2018
Latest Updates

ചിക്കുവിന്റെ കൊലപാതകം:ഭര്‍ത്താവ് കുറ്റക്കാരനല്ലെന്ന ഉറച്ച വിശ്വാസത്തില്‍ ഒമാന്‍ മലയാളികള്‍

ചിക്കുവിന്റെ കൊലപാതകം:ഭര്‍ത്താവ് കുറ്റക്കാരനല്ലെന്ന ഉറച്ച വിശ്വാസത്തില്‍ ഒമാന്‍ മലയാളികള്‍

അങ്കമാലി:ഒമാനില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് ചിക്കു റോബര്‍ട്ടിന്റെ ഭര്‍ത്താവ് ലിന്‍സണ്‍ സംഭവത്തില്‍ കുറ്റക്കാരനല്ല എന്ന ഉറച്ച വിശ്വാസത്തില്‍ ഒമാന്‍ മലയാളികള്.

ലിന്‍സനുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ നാളെ പൂര്‍ത്തിയാകുമെന്നാണ് വിവരം ലഭിച്ചതെന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ലിന്‍സനെ നാട്ടിലെത്തിക്കാനാകുമെന്നും ബാദര്‍ അല്‍ സാ മാ ഗ്രൂപ്പ് ഓഫ് ഹോസ്പ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റിവ് ഡയറക്ടറുടെ സെക്രട്ടറി ജെയ്‌സണ്‍ പറഞ്ഞു.ചിക്കുവിന്റെ മൃതദേഹത്തോടൊപ്പം നാട്ടിലെത്തിയ ജെയ്‌സണ് അന്വേഷണത്തില്‍ പൂര്‍ണ്ണ വിശ്വാസമാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ ലഭ്യമായിട്ടില്ല. റോയല്‍ ഒമാന്‍ പൊലീസ് ഇന്ത്യന്‍ എംബസിയുമായി മാത്രമേ കൂടുതല്‍ അന്വേഷണ വിവരങ്ങള്‍ പങ്കുവയ്ക്കുകയുള്ളൂ. ആശുപത്രിയില്‍ നിന്നുള്ള സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിന് കൈമാറിയതായി ജെയ്‌സണ്‍ പറഞ്ഞു. ഡോഗ് സ്‌ക്വാഡെത്തി ഫ്‌ലാറ്റില്‍ പരിശോധന നടത്തി. ഫ്‌ലാറ്റിന്റെ കെയര്‍ടേക്കറായ പാക്കിസ്ഥാന്‍ സ്വദേശി ഉള്‍പ്പെടെയുള്ളവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളതെന്നും ജെയ്‌സണ്‍ പറഞ്ഞു.

ജെയ്‌സന്റെ അഭിപ്രായമിതാണ്. ‘ഒരേ ആശുപത്രിയിലെ ജീവനക്കാരായ ചിക്കുവും ഭര്‍ത്താവ് ചങ്ങനാശേരി മാടപ്പിള്ളി വെങ്കോട്ട ആഞ്ഞിലിപ്പറമ്പില്‍ ലിന്‍സനും താമസിക്കുന്ന ഫ്‌ലാറ്റ് ആശുപത്രിയുടെ എതിര്‍വശത്താണ്. മൂന്നു നിലയുള്ള ഫ്‌ലാറ്റിലെ ഒന്നാം നിലയിലാണ് ഇവരുടെ താമസം. രാത്രി 10 മണിക്ക് ഡ്യൂട്ടിക്ക് കയറേണ്ട ചിക്കു ആശുപത്രിയില്‍ എത്താതിരുന്നതിനെത്തുടര്‍ന്ന് ആശുപത്രിയില്‍നിന്നു ലിന്‍സണ്‍ ഫ്‌ലാറ്റില്‍ അന്വേഷിച്ചു ചെന്നു. സാധാരണ 9.55ന് ആശുപത്രിയിലെത്തി പഞ്ച് ചെയ്യേണ്ടതുണ്ട്. ഫ്‌ലാറ്റിന്റെ വാതില്‍ പൂട്ടിയിരിക്കുകയായിരുന്നു. ചിക്കുവിന്റെയും ലിന്‍സന്റെയും കയ്യില്‍ ഓരോ താക്കോല്‍ വീതം സൂക്ഷിച്ചിട്ടുണ്ട്. ലിന്‍സണ്‍ താക്കോലിട്ട് വാതില്‍ തുറന്നു. ബെഡ്‌റൂമിന്റെ വാതില്‍ തുറന്നു കിടക്കുകയായിരുന്നു. കട്ടിലില്‍ പുതപ്പിട്ട് മൂടിയ നിലയിലായിരുന്നു ചിക്കു. ഉറങ്ങുകയാണെന്നു കരുതി തട്ടിവിളിച്ചെങ്കിലും എഴുന്നേറ്റില്ല. പുതപ്പുമാറ്റി നോക്കിയപ്പോള്‍ രക്തം കണ്ടു. ഉടനെ തന്നെ തൊട്ടടുത്ത ആശുപത്രിയിലെത്തി വിവരം പറഞ്ഞു.

ഗര്‍ഭിണി ആയതിനാല്‍ അത്തരത്തിലുള്ള അപകടസാധ്യതകള്‍ ഉണ്ടായിരിക്കാമെന്ന കണക്കുകൂട്ടലില്‍ ആശുപത്രിയില്‍ നിന്നു ജീവന്‍രക്ഷാ സംവിധാനങ്ങളുമായി ഡോക്ടര്‍മാരും നഴ്‌സുമാരും എത്തി. ഡോക്ടറുടെ പരിശോധനയില്‍ പള്‍സ് നഷ്ടപ്പെട്ടതായി കണ്ടെത്തി. തുടര്‍ന്ന് ആംബുലന്‍സില്‍ സലാലയിലെ സുല്‍ത്താന്‍ കാബൂസ് യൂണിവേഴ്‌സിറ്റി ആശുപത്രിയിലേക്കു കൊണ്ടുപോയി. അവിടെയെത്തിയപ്പോള്‍ മരണം സ്ഥിരീകരിച്ചു. ദേഹത്തുണ്ടായിരുന്ന 12 പവനിലേറെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു. കാതുകള്‍ അറുത്തെടുത്ത നിലയിലാണ്. ദേഹമാസകലം കുത്തേറ്റിട്ടുണ്ടെന്നാണ് പൊലീസ് പറഞ്ഞത്. കൊലയാളിയുടെ കുത്ത് തടുത്തതുപോലെയുള്ള പാടുകള്‍ ഇരുകൈകളിലുമുണ്ട്. കിടപ്പുമുറിയുടെ ജനല്‍ തുറന്നുകിടക്കുകയായിരുന്നു. മുറിക്കുള്ളില്‍ കടക്കാവുന്ന വിധത്തില്‍ വിസ്താരമുള്ള ജനലുകളാണ്. പരിശോധനയ്‌ക്കെത്തിയ നായ ജനലിന് ഉള്ളിലൂടെ പുറത്തേക്കു ചാടി സമീപത്തെ മതില്‍ വരെ ഓടി. ചിക്കു ഉപയോഗിച്ചിരുന്ന താക്കോല്‍ കിടപ്പുമുറിയില്‍ നിന്നു പൊലീസ് കണ്ടെടുത്തിട്ടുണ്ട്.’

കൊലപാതകത്തിനു ശേഷം അക്രമി ചിക്കു കിടന്ന മുറിയുടെ വാതിലും വീടും പുറത്തുനിന്നും പൂട്ടിയിരുന്നുവെന്നാണ് ലഭിക്കുന്ന സൂചന. ഭര്‍ത്താവ് ലിന്‍സണ്‍ വന്നപോള്‍ അടച്ചു പൂട്ടിയ മുറിയാണ് കണ്ടത്. ചിക്കു ജോലിചെയ്യുന്ന ആശുപത്രി സ്റ്റാഫ് വന്നപ്പോഴും പുറത്തുനിന്നും പൂട്ടിയ നിലയിലായിരുന്നുവെന്ന് അനുജന്‍ ലിജുവും വെളിപ്പെടുത്തി. കഴിഞ്ഞ 20 നാണ് കറുകുറ്റി തെക്കേല്‍ അയിരൂക്കാരന്‍ റോബര്‍ട്ടിന്റെ മകള്‍ ചിക്കു (27) നെ താമസസ്ഥലത്തുകൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മോഷണശ്രമത്തിനിടെ കൊല്ലപ്പെട്ടതായാണ് വിവരം.

Scroll To Top