Tuesday December 06, 2016
Latest Updates

ഈ നാണക്കേട് അയര്‍ലണ്ട് എങ്ങനെ സഹിക്കും?ഒളിംപിക് കൗണ്‍സില്‍ മേധാവി ജയിലില്‍,ഐറിഷ് സംഘ നേതൃത്വത്തെ തിരിച്ചു വിടില്ല ?

ഈ നാണക്കേട് അയര്‍ലണ്ട് എങ്ങനെ സഹിക്കും?ഒളിംപിക് കൗണ്‍സില്‍ മേധാവി ജയിലില്‍,ഐറിഷ് സംഘ നേതൃത്വത്തെ തിരിച്ചു വിടില്ല ?

ഡബ്ലിന്‍: റിയോ ഒളിംപിക്സ് അവസാനിച്ചപ്പോള്‍ അയര്‍ലണ്ടിന്റെ തല നാണത്താല്‍ താഴുന്നു. മെഡല്‍ നേടി അഭിമാനമുയര്‍ത്തിയെങ്കിലും ടിക്കറ്റ് വില്‍പ്പനയില്‍ തിരിമറി കാണിച്ചതിന്റെ പേരില്‍ ഐറിഷ് ഒളിംപ്ക് കൗണ്‍സില്‍ പ്രസിഡന്റ് പാറ്റ് ഹിക്കി (71) റിയോ ഡി ജനീറോയിലെ ജയിലിലാണ്. കഴിഞ്ഞ ബുധനാഴ്ചയാണ് ഇദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. 1989 മുതല്‍ പ്രസിഡന്റാണ് ഹിക്കി. കനത്ത സുരക്ഷയിലാണ് ഇദ്ദേഹത്തെ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. കുറ്റം തെളിഞ്ഞാല്‍ ഏഴു വര്‍ഷത്തോളം ജയില്‍ശിക്ഷ ലഭിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.മാത്രമല്ല ഐറിഷ് സംഘത്തിന്റെ മുഴുവന്‍ പേരില്‍ അഴിമതി ആരോപണം ഉയരുകയും ചെയ്തു.

ടിക്കറ്റ് വില്‍പ്പന തിരിമറി നടത്തിയിലൂടെ 2.8 മില്ല്യണ്‍ ഡോളര്‍ അനധികൃതമായി സമ്പാദിച്ചു എന്നാണ് കേസ്. ഹിക്കിയുടെ ഫോണുകള്‍, ലാപ്ടോപ്പുകള്‍ എന്നിവ തങ്ങള്‍ പരിശോധിച്ചതില്‍ നിന്നും ന്യായമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ബ്രസീലിയന്‍ പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു ഐറിഷുകാരനായ കെവിന്‍ ജെയിംസ് (36) ഒളിംപിക്സ് ആരംഭിച്ചതു മുതല്‍ പൊലീസ് കസ്റ്റഡിയിലാണ്. 823ഓളം ഒളിംപിക്സ് ടിക്കറ്റുകള്‍ ഇരട്ടിക്കണക്കിന് വിലയ്ക്ക് വിറ്റു എന്നാണ് കേസ്.

പ്രോ 10 എന്ന സ്പോര്‍ട്സ് മാനേജ്മെന്റ് കമ്പനിയെയാണ് ഐറിഷ് ഒളിംപിക് അസോസിയേഷന്‍ ടിക്കറ്റ് വില്‍ക്കാനായി ഏല്‍പ്പിച്ചിരുന്നത്. എന്നാല്‍ പ്രോ 10ന് റിയോയില്‍ പ്രതിനിധികളാരും തന്നെയില്ലാത്തതിനാല്‍ ടി.എച്ച്.ജി എന്ന കമ്പനിയിലെ കലക്ഷന്‍ ഏജന്റായ കെവിന്‍ മാലണ്‍ എന്നയാളെ ടിക്കറ്റ് ഏല്‍പ്പിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്.

എഫ്.എ.ഐ ചീഫ് എക്സിക്യുട്ടിവും ഒളിംപിക് കൗണ്‍സില്‍ ഓഫ് അയര്‍ലണ്ട് (ഒ.സി.ഐ) വൈസ് പ്രസിഡന്റുമായ ജോണ്‍ ഡെലാനിയുടെയും പാസ്പോര്‍ട്ട് പിടിച്ചെടുക്കാന്‍ ബ്രസീലില്‍ കോടതി ഉത്തരവിട്ടു. റിയോയിലെ വിവാദമായ ടിക്കറ്റ് വില്‍പ്പന കേസുമായി ബന്ധപ്പെട്ടാണ് പുതിയ ഉത്തരവ്. ഡെലാനിയുടെ ഫോണുകള്‍, മറ്റ് രേഖകള്‍, ലാപ്ടോപ്പുകള്‍ എന്നിവ.ും പിടിച്ചെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഡെലാനിക്കു പുറമെ ഒ.സി.ഐ താല്‍ക്കാലിക പ്രസിഡന്റ് വില്യം ഒബ്രിയന്‍, ഒ.സി.ഐ ഉദ്യോഗസ്ഥരായ ലിന്‍ഡ ഒ റെയ്ലി, ഡെര്‍മണ്ട് ഹെനിഹാന്‍, കെവിന്‍ കില്‍റ്റി, സ്റ്റീഫന്‍ മാര്‍ട്ടിന്‍ എന്നിവരുടെ പാസ്പോര്‍ട്ടുകളും പിടിച്ചെടുക്കാന്‍ കോടതി ഉത്തരവു നല്‍കിയിട്ടുണ്ട്. കേസില്‍ കഴിഞ്ഞ ആഴ്ച അറസ്റ്റിലായ ഒ.സി.ഐ പ്രസിഡന്റ് പാറ്റ് ഹിക്കിയുടെ പേഴ്സണല്‍ അസിസ്റ്റന്റാണ് ലിന്‍ഡ ഒ റെയ്ലി.

അറസ്റ്റ് ചെയ്യപ്പെട്ട ശേഷം കാരണം ഹിക്കിയെ ദേഹാസ്വാസ്ഥ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഒരു ദിവസത്തിനു ശേഷം അദ്ദേഹത്തെ കനത്ത സുരക്ഷയുള്ള ബാങ്കു ജയിലിലേയ്ക്ക് മാറ്റി. തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും ഹിക്കി നിഷേധിച്ചിട്ടുണ്ട്. ഐറിഷ് ഒളിംപിക് കൗണ്‍സിലും ഹിക്കി നിരപരാധയാണെന്ന് നിലപാടെടുത്തു. സംഭവം തങ്ങളുടേതായ രീതിയില്‍ അന്വേഷിക്കുമെന്ന് ഐറിഷ് സ്പോര്‍ട്സ് മന്ത്രി ഷെയ്ന്‍ റോസും, ജൂനിയര്‍ മിനിസ്റ്റര്‍ പാട്രിക് ഓ ഡോണോവനും അറിയിച്ചു.
ടിക്കറ്റ് വില്‍പ്പനയുമായി ബന്ധപ്പെട്ട അഴിമതിയെക്കുറിച്ച് ഒളിംപിക്സ് കൗണ്‍സില്‍ ഓഫ് അയര്‍ലണ്ട് (ഒ.സി.ഐ) അന്വേഷിക്കും. ഇതിന്റെ ഭാഗമായി ഈ ആഴ്ച അവസാനം അധികൃതര്‍ കൂടിക്കാഴ്ച നടത്തും.
ആരോപണങ്ങള്‍ വളരെ ഗൗരവത്തോടെ കാണുന്നതായി ഒ.സി.ഐ ബോര്‍ഡ് വ്യക്തമാക്കി.

Scroll To Top