Friday December 09, 2016
Latest Updates

റിലീസ് സിനിമകള്‍ പുതുമ മാറാതെ ഓണ്‍ലൈനില്‍,ജൂലൈ 20 മുതല്‍ ലാല്‍ ജോസിന്റെ ‘നീന’യുമായി തുടക്കം 

റിലീസ് സിനിമകള്‍ പുതുമ മാറാതെ ഓണ്‍ലൈനില്‍,ജൂലൈ 20 മുതല്‍ ലാല്‍ ജോസിന്റെ ‘നീന’യുമായി തുടക്കം 

കൊച്ചി:കേരളത്തില്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ പുതുമ മാറാതെ ഔദ്യോഗികമായി തന്നെ പ്രവാസി മലയാളികള്‍ക്ക് ഓണ്‍ ലൈനായി കാണുന്നതിനുള്ള സംവിധാനം ഒരുങ്ങുന്നു.അല്‍ഫോന്‍സ് പുത്രന്റെ പ്രേമം വ്യാജ പ്രിന്റ് ഇറക്കി സിനിമാ നിര്‍മ്മിതാക്കളെ വെട്ടിലാക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ റിലീസ് ചിത്രങ്ങള്‍ ഓണ്‍ ലൈനായി ഇന്ത്യയ്ക്ക് വെളിയിലുള്ള ആവശ്യക്കാര്‍ക്ക് ലഭ്യമാക്കാനുള്ള നീക്കം ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്.
റീല്‍ മോങ്ക്.കോം എന്ന കൊച്ചി കേന്ദ്രമാക്കിയുള്ള കമ്പനിയാണ് പുതിയ പരീക്ഷണം നടത്തുന്നത്.ജൂലൈ 20 മുതല്‍ ഓണ്‍ ലൈന്‍ പ്രദര്‍ശനം ആരംഭിക്കുന്ന കമ്പനി ആദ്യ ചിത്രമായി ലാല്‍ ജോസിന്റെ ‘നീന’എന്ന സിനിമ റിലീസ് ചെയ്യും എന്നാണ് അറിയിച്ചിരിക്കുന്നത്.
സൈറ്റില്‍ പേര്‍ രജിസ്റ്റര്‍ ചെയ്ത് നിശ്ചിത ഫീസ് അടച്ചാല്‍ ചിത്രം ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.എത്ര യൂറോയാണ് ഇതിനു ചാര്‍ജ് ചെയ്യുന്നത് എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.പത്തു യൂറോയില്‍ താഴെയാവും എച്ച് ഡി ക്വാളിറ്റിയുള്ള സിനിമ ഡൌണ്‍ ലോഡ് ചെയ്യാനായി നല്‌കേണ്ടി വരിക.
താരമൂല്യമില്ലെന്ന പേരില്‍ തിയറ്ററുകളും ടെലിവിഷന്‍ ചാനലുകളും കയ്യൊഴിഞ്ഞ ചില സിനിമകള്‍ ഓണ്‍ലൈന്‍ റിലീസിങില്‍ മുമ്പും ഭാഗ്യംപരീക്ഷിക്കുകയുണ്ടായി.സാബു ചെറിയാന്‍ നിര്‍മിച്ച എയ്റ്റ് ട്വിന്റിയെന്ന ചിത്രമാണ് ഇതിലൊന്ന്.
നവാഗതനായ ശ്യാം മോഹനായിരുന്നു 8.20 ഒരുക്കിയത്.പുതുമുഖങ്ങളായ അര്‍ജ്ജുന്‍ നന്ദകുമാറും അവന്തികയുമാണ് പ്രധാനവേഷങ്ങളില്‍. 

അതുകൊണ്ട് തന്നെ ടെലിവിഷന്‍ ചാനലുകളാരും ചിത്രം വാങ്ങാന്‍ തയ്യാറായില്ല. വരുമാനത്തിലുണ്ടായേക്കാവുന്ന കുറവ് ചൂണ്ടിക്കാട്ടി തിയറ്ററുകളും പിന്‍വലിഞ്ഞതോടെയാണ് ഓണ്‍ലൈന്‍ റിലീസിങിനെക്കുറിച്ച് അണിയറക്കാര്‍ ചിന്തിച്ചത്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലെറ്റ്ഫിലിം.കോമാണ് ചിത്രം ഓണ്‍ലൈനില്‍ പ്രേക്ഷകരിലെത്തിച്ചത്. ഈ വെബ്‌സൈറ്റ് വഴി സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യുവാനും സ്ട്രീം ചെയ്ത് കാണാനും കഴിയുമായിരുന്നു.300 രൂപയാണ്(നാല് യൂറോയോളം) ഓരോ ഡൗണ്‍ലോഡിനും ഈടാക്കിയിരുന്നത്.എന്നിട്ടും പ്രചാരണത്തിന്റെ അഭാവത്തില്‍ ചിത്രം ശ്രദ്ധിക്കപ്പെട്ടില്ല.

ഇന്ത്യയ്ക്ക് വെളിയിലുള്ള മലയാളികളില്‍ 20 % പേര്‍ 2 യൂറോ വീതം മുടക്കി സിനിമ ഓണ്‍ ലൈനില്‍ കണ്ടാല്‍ പോലും മിക്ക സിനിമയ്ക്കും മുടക്ക് മുതല്‍ തിരിച്ചു കിട്ടുമെന്നാണ് ചലച്ചിത്രപ്രവര്‍ത്തകര്‍ പറയുന്നത്.

എന്നാല്‍ മോങ്ക് റിലീസ് .കോം വളരെ വ്യത്യസ്തമായ ചട്ടവട്ടങ്ങലോടെ പ്രേക്ഷകരെ സമീപിക്കുന്നതിനാലും,താരതമ്യേനെ പുതിയ സിനിമകള്‍ ഓണ്‍ ലൈന്‍ വഴി പുറത്തു വിടുന്നതിനാലും വിജയിച്ചേക്കും എന്ന പ്രതീക്ഷയിലാണുള്ളത്. 

Scroll To Top