Wednesday December 07, 2016
Latest Updates

പഴയ ഐറിഷ് നാണയത്തിന് വില 10,000 യൂറോ വരെ !,പഴയതൊന്നും വെറുതേ കളയേണ്ട 

പഴയ ഐറിഷ് നാണയത്തിന് വില 10,000 യൂറോ വരെ !,പഴയതൊന്നും വെറുതേ കളയേണ്ട 

ഡബ്ലിന്‍: പഴയ ഐറിഷ് നാണയങ്ങളും കറന്‍സികളും കൈവശം ഉള്ളവര്‍ക്ക് ഇത് ചാകരക്കാലം. നിലവിലെ യൂറോ സംബ്രദായത്തിലെക്ക് മാറുന്നതിനു മുമ്പുള്ള നാണയങ്ങള്‍ക്കും കറന്‍സികള്‍ക്കും വന്‍ തുക ലേലത്തില്‍ ലഭിക്കുമെന്ന് റിപ്പോര്‍ട്ട്. 1980 കളിലെയും 1990 കളിലെയും നാണയങ്ങള്‍ക്കാണ് ഇപ്പോള്‍ ഡിമാന്‍ഡ് വര്‍ദ്ധിച്ചിരിക്കുന്നത്. ആയിരക്കണക്കിന് യൂറോ ആണ് ഈ നയങ്ങള്‍ക്കും കറന്‍സികള്‍ക്കും ലേലത്തിലൂടെ ലഭിക്കുന്നത്. പത്ത് വര്‍ഷം മുമ്പാണ് അയര്‍ലണ്ട് യൂറോ നാണയസമ്പ്രദായത്തില്‍ ചേര്‍ന്നത്. 

യൂറോയിലേക്ക് മാറുന്നതിനു മുമ്പ് പന്റ്‌സ് എന്നറിയപ്പെടുന്ന നാണയങ്ങളും കറന്‍സികളുമാണ് അയര്‍ലണ്ടില്‍ ഉപയോഗിച്ചിരുന്നത്. യൂറോയിലേക്ക് മാറുന്നതിനു മുന്നോടിയായി പന്റ്‌സ് നാണയങ്ങളും കറന്‍സികളും കൈവശം ഉള്ളവര്‍ അവ മാറിയെടുക്കണമെന്ന് ബാങ്ക് ഓഫ് അയര്‍ലണ്ട് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ 300 മില്യന്‍ യൂറോ മൂല്യം വരുന്ന പഴയ നാണയങ്ങളും കറന്‍സികളും മാരിയെടുക്കാതെ ഇപ്പോഴും പലരുടെയും കൈവശം ഉണ്ടെന്നാണ് ബാങ്ക് ഓഫ് അയര്‍ലണ്ടിന്റെ കണക്ക്. ഇത്തരത്തില്‍ ആരും മാറിയെടുക്കാത്ത പഴയ നാണയങ്ങളിലും കറന്‍സികളിലും അപൂര്‍വമായ നാണയങ്ങളും കറന്‍സികളും ഉണ്ട്. ഇത്തരത്തില്‍ അപൂര്‍വ നാണയങ്ങളുടെയും കറന്‍സികളുടെയും മൂല്യമാണ് കുതിച്ചുയര്‍ന്നിരിക്കുന്നത്. 

1985 ലെ കോപ്പര്‍ കളറിലുള്ള 20 പന്റ്‌സ് നാണയത്തിന് ഇപ്പോള്‍ 10,000 യൂറോ ലേലത്തുക ലഭിക്കും 1992 ലെ 10 പന്റ്‌സിന്റെ ഒരു നാണയത്തിന് ഇപ്പോള്‍ 5000 യൂറോ മുതല്‍ 10,000 യൂറോ വരെ ലേലത്തുക ലഭിക്കും. ഇവ രണ്ടും കുറഞ്ഞ അളവിലാണ് പുറത്തിറക്കിയിരുന്നത്. അതുകൊണ്ട് തന്നെ ഇപ്പോള്‍ ഈ നാണയങ്ങള്‍ കിട്ടാക്കനിയായി. ലഭ്യത വളരെ കുറഞ്ഞതാണ് പഴയ നാണയങ്ങളുടെ മൂല്യം ആയിരക്കണക്കിന് യൂറോ ആയി വര്‍ദ്ധിക്കാന്‍ കാരണമെന്ന് നാണയ ശേഖരം ഹോബിയാക്കിയ മൈക്ക് കെല്ലി പറഞ്ഞു. 1938 ലെ ഒരു പെന്നി നാണയത്തിന് 12,000 യൂറോ മുതല്‍ 14,000 യൂറോ വരെ ലേലത്തുക ലഭിക്കുമെന്ന് കെല്ലി പറഞ്ഞു. പഴയ നാണയങ്ങള്‍ക്കെല്ലാം ഇത്തരത്തില്‍ മൂല്യം കുതിച്ച് ഉയര്‍ന്നിരിക്കുകയാണ്. 

വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ നാണയങ്ങള്‍ക്കും കറന്‍സികള്‍ക്കും മാത്രമാണ് മൂല്യം കുതിച്ച് ഉയര്‍ന്നത് എന്ന് കരുതേണ്ട. സമീപകാല നോട്ടുകളില്‍ ചിലതിനും വില വര്‍ദ്ധിച്ചിട്ടുണ്ട്. ‘ടി’ സീരിയല്‍ നമ്പരില്‍ അച്ചടിച്ച 500 യൂറോയുടെ നോട്ടുകള്‍ ഇപ്പോള്‍ അപൂര്‍വമായെ ലഭിക്കാനുള്ളൂ. അതുകൊണ്ട് തന്നെ ‘ടി’ സീരിയല്‍ നമ്പറിലുള്ള 500 യൂറോ നോട്ടുകള്‍ക്ക് ഇപ്പോള്‍ 800 യൂറോ വരെ വില ലഭിക്കും. 1970 കളിലെ പ്ലഗ്മെന്‍, ലേഡി ലാവേരി സീരീസുകളിലുള്ള കേടുപാടുകള്‍ ഇല്ലാത്ത നോട്ടുകള്‍ക്ക് 5,000 യൂറോ വരെ ലേലത്തില്‍ ലഭിക്കും.

Scroll To Top