Friday November 24, 2017
Latest Updates

ഒരു ലിറ്റര്‍ ക്രൂഡോയിലിന് ഒരു ലിറ്റര്‍ വെള്ളത്തെക്കാള്‍ വിലയിടിഞ്ഞു,ആഗോളകമ്പനികള്‍ പാപ്പരാവുന്നു,ഗള്‍ഫില്‍ മുതല്‍ മുടക്കിയ യൂറോപ്പും ആശങ്കയില്‍ 

ഒരു ലിറ്റര്‍ ക്രൂഡോയിലിന് ഒരു ലിറ്റര്‍ വെള്ളത്തെക്കാള്‍ വിലയിടിഞ്ഞു,ആഗോളകമ്പനികള്‍ പാപ്പരാവുന്നു,ഗള്‍ഫില്‍ മുതല്‍ മുടക്കിയ യൂറോപ്പും ആശങ്കയില്‍ 

ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത ഇന്ധനത്തിന്റെ വില വീണ്ടും താഴോട്ട് പതിക്കുന്നു. ബാരലിന് 31.4 യു.എസ് ഡോളര്‍ എന്ന നിരക്കിലാണ് ഇന്നലെ ന്യൂയോര്‍ക്ക് വിപണിയില്‍ വ്യാപാരം നടന്നത്. ഇതോടെ എണ്ണവില 12 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി.

ഇന്നലെ മാത്രം ബാരലിന് 1.75 യു.എസ് ഡോളറിന്റെ കുറവാണ്(5.28ശതമാനം) രേഖപ്പെടുത്തിയത്. സാമ്പത്തിക മാന്ദ്യം നേരിടുന്നതിന് ചൈന യുവാന്റെ മൂല്യം വെട്ടിക്കുറച്ചതാണ് എണ്ണവിപണിക്ക് ആഘാതമായത്.ഒന്നര വര്‍ഷത്തിനിടെ എണ്ണവിലയില്‍ വന്‍ ഇടിവാണ് സംഭവിച്ചിരിയ്ക്കുന്നത്. എഴുപത് ശതമാനത്തോളം ഇടിവ്.

ഗള്‍ഫ് മേഖല കഴിഞ്ഞാല്‍ യൂറോപ്പിനെയാണ് എണ്ണ വിലയിടിവ് ഏറ്റവും ബാധിക്കുക.എണ്ണ വിപണിയില്‍ ഏറ്റവും മുടക്കുമുതലുള്ളത് യൂറോപ്പില്‍ നിന്നും ആണെന്നതാണ് കാരണം.സ്റ്റോക്ക് മാര്‍ക്കറ്റുകളില്‍ ഇതിന്റെ പ്രതിഫലനം കണ്ടു തുടങ്ങികഴിഞ്ഞു.

എണ്ണ ഉത്പാദകമേഖലയിലെ മുപ്പതോളം കമ്പനികള്‍ തകര്‍ച്ചയെ തുടര്‍ന്ന് പാപ്പര്‍ ഹര്‍ജികള്‍ ഫയല്‍ ചെയ്തതായി അമേരിക്കന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു,വില ഇനിയും ഇടിഞ്ഞാല്‍ വന്‍ പ്രതിസന്ധിയിലെയ്ക്കാവും ലോകം നീങ്ങുക

അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുത്തനെ താഴ്‌ന്നെങ്കിലും ആഭ്യന്തര വിപണിയില്‍ വില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാവാത്തതിനാല്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കില്ല.

ചൈനീസ് ഓഹരി വിപണിയില്‍ ഇന്നലെ കനത്ത തകര്‍ച്ച നേരിട്ടിരുന്നു. അഞ്ചു ശതമാനത്തിലേറെയാണ് വിപണി കൂപ്പു കുത്തിയത്. ഇതിനെ പ്രതിരോധിക്കുന്നതിനു വേണ്ടിയാണ് യുവാന്റെ മൂല്യം ഇടിച്ചത്. ഇതേതുടര്‍ന്ന് ഓഹരി വിപണിയില്‍ നേരിയ പുരോഗതി പ്രകടമായി. അതേസമയം അന്താരാഷ്ട്ര എണ്ണവിപണിയെ ചൈനയുടെ നടപടി പ്രതിസന്ധിയിലാക്കി.

തകര്‍ച്ചാ പ്രവണത പ്രകടിപ്പിക്കുന്ന എണ്ണവില വീണ്ടും താഴോട്ട് വരാന്‍ ഇത് കാരണമാവുകയും ചെയ്തു. 2003 ഡിസംബറിനുശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയിലാണ് ക്രൂഡ്ഓയില്‍ ഇപ്പോഴുള്ളത്. 159 ലിറ്ററുള്ള ഒരു ബാരല്‍ ക്രൂഡ് ഓയിലിന് നല്‍കേണ്ടത് 2103 രൂപയാണ്. അതായത് ലിറ്ററിന് 13.21 രൂപ.(നമ്മുടെ നാട്ടില്‍ കുപ്പിവെള്ളത്തിന് ലിറ്ററിന് 20 രൂപയാണ് വില എന്നോര്‍ക്കണം.) ഇറക്കുമതി ചെലവും സംസ്‌കരണ ചെലവും ചേര്‍ത്താലും ഇതിനേക്കാള്‍ എത്രയോ കൂടിയ വിലയാണ് ആഭ്യന്തര വിപണിയില്‍ പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് ഈടാക്കുന്നത്.

കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ഈടാക്കുന്ന വില്‍പ്പന നികുതിക്കു പുറമെ, മൂന്നു തവണകളിലായി ഏഴു രൂപയിലധികം കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് തീരുവ ഉയര്‍ത്തിയതും ജനങ്ങള്‍ക്ക് തിരിച്ചടിയായി. എണ്ണവില നിര്‍ണയം സ്വതന്ത്രമാക്കിയിട്ടും അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവ് ആഭ്യന്തര വിപണിയില്‍ ലഭ്യമാക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധം ശക്തമാണ്.2014 സെപ്തംബറിലാണ് അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറയുന്ന പ്രവണത തുടങ്ങിയത്.

അന്ന് ബാരലിന് നൂറു ഡോളറിന് മുകളിലായിരുന്നു വില. 2015 അവസാനത്തോടെ 50 ഡോളറിന് താഴേക്കെത്തിയ വില ഇപ്പോള്‍ 30 ഡോളറിനോട് അടുത്തുകൊണ്ടിരിക്കുകയാണ്.ഗള്‍ഫ് മേഖലയിലെ നിലവിലെ യുദ്ധ സാഹചര്യത്തില്‍ എണ്ണവില ബാരലിന് 20 ഡോളര്‍ വരെ താഴ്‌ന്നേക്കാമെന്നാണ് ഗോള്‍ഡ്മാന്‍ സ്‌നാച്ച് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഏജന്‍സികളുടെ വിലയിരുത്തല്‍. സൗദി അറേബ്യ ഉള്‍പ്പെടെയുള്ള എണ്ണഉദ്പാദക രാഷ്ട്രങ്ങളെയും ഇത് കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടും

Scroll To Top