അയര്‍ലണ്ടിലും കേരളാ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശം: ഓ ഐ സി സി അയര്‍ലണ്ട് യൂ ഡി എഫിന് വേണ്ടിയുള്ള പ്രചാരണ പ്രവര്‍ത്തനത്തിന് തുടക്കമായി

ഡബ്ലിന്‍: കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ പ്രവാസി മലയാളികളുടെ സംഘടനയായ ഒഐസിസി അയര്‍ലണ്ട് ഘടകം, ഡബ്ലിനിലെ ബ്ലൂമൗണ്ടിലുളള ആര്ട്ടന് ബ്ലൂമൗണ്ട് റിക്രിയേഷന്‍ സെന്ററില്‍ യോഗം ചേര്‍ന്ന് മെയ് മാസം കേരളത്തില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍, കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചരണം നടത്തുവാന്‍ തീരുമാനിച്ചു.
നാട്ടിലുളള ബന്ധുമിത്രാദികളെ ബന്ധപ്പെട്ടുകൊണ്ട് അവരുടെ വോട്ടുകള്‍ യുഡിഎഫിന് അനുകൂലമായി ചെയ്യിക്കുവാനാണ് ഒഐസിസി ലക്ഷ്യമിട്ടിരിക്കുന്നത്. ഒഐസിസി ഭാരവാഹികള്‍ നേരിട്ട് ഇലക്ഷന് പ്രവര്‍ത്തനങ്ങളിലും ബന്ധപ്പെടുവാന്‍ തീരുമാനമായി. കെപിസിസി പ്രസിഡന്റ് വി. എം. സുധീരന്റേയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേയും ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടേയും നേതൃത്വത്തില്‍ കേരളത്തില്‍ നടക്കുന്ന മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ്ണ പിന്തുണ നല്കാന് യോഗം തീരുമാനിച്ചു.
ഒഐസിസി അയര്‍ലണ്ട് ഘടകം പ്രസിഡന്റ് എം. എം. ലിങ്ക് വിന്‍സ്റ്റാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍, വൈസ് പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍, സെക്രട്ടറി സാന്‍ജോ മുളവരിയ്ക്കല്‍, ജോയിന്റ് സെക്രട്ടറി റോണി കുരിശുങ്കല്‍പറമ്പില്‍, ട്രഷറര്‍ ഫ്രാന്‍സിസ് ജോസഫ് ലൗത്ത്, ജീനിഷ് ക്രംലിന്, ഫ്രാന്‍സിസ് ഇന്ട്രി തുടങ്ങിയവര്‍ സംസാരിച്ചു