Wednesday December 07, 2016
Latest Updates

ബരാക്ക് ഒബാമ ഇന്ത്യാ സന്ദര്‍ശനം തുടങ്ങി,പ്രോട്ടോക്കോള്‍ മുടക്കി മോഡി 

ബരാക്ക് ഒബാമ ഇന്ത്യാ സന്ദര്‍ശനം തുടങ്ങി,പ്രോട്ടോക്കോള്‍ മുടക്കി മോഡി 

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമ മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി ന്യൂഡല്‍ഹിയിലെത്തി. രാവിലെ ഒന്‍പതേമുക്കാലിന് ന്യൂഡല്‍ഹി പാലം വിമാനത്താവളത്തില്‍ ഭാര്യ മിഷേലിനൊപ്പമാണ് ഒബാമ എത്തിയത്. കഴിഞ്ഞ ആറു പതിറ്റാണ്ടിനിടെ ഇന്ത്യ സന്ദര്‍ശിക്കുന്ന ആറാമത്തെ അമേരിക്കന്‍ പ്രസിഡണ്ടാണ് ബരാക്ക് ഒബാമ. രണ്ടുവട്ടം ഇന്ത്യയിലെത്തിയ ആദ്യ യു. എസ്. പ്രസിഡണ്ട് കൂടിയാണ് അദ്ദേഹം. 2010 നവംബര്‍ ആറിനാണ് ഒബാമ ഇതിന് മുന്‍പ് ഇന്ത്യയിലെത്തിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി ഹസ്തദാനം നല്‍കിയും ആലിംഗനം ചെയ്തും സ്വീകരിച്ചു. നേരത്തെ ഊര്‍ജവകുപ്പ്മന്ത്രി പീയുഷ് ഗോയല്‍ ഒബാമയെ സ്വീകരിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. പ്രോട്ടോക്കോളില്‍ നിന്ന് വ്യതിചലിച്ചാണ് മോദി ഒബാമയെ സ്വീകരിക്കാനെത്തിയത്. 2010ല്‍ തന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനവേളയില്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും പ്രാട്ടോക്കോള്‍ തെറ്റിച്ച് ഒബാമയെ സ്വീകരിക്കാന്‍ എത്തിയിരുന്നു.

ഒബാമയും മിഷേലും ഇന്ത്യയുടെയും അമേരിക്കയുടെയും പതാകകള്‍ ഘടിപ്പിച്ച ബീസ്റ്റ് കാറിലാണ് വിമാനത്താവളത്തില്‍ നിന്ന് പുറത്തേയ്ക്ക് പോയത്. ഹോട്ടലില്‍ അല്‍പനേരം വിശ്രമിച്ചശേഷം ഒബാമ രാഷ്ട്രപതിഭവനിലെത്തി. രാഷ്ട്രപതിയും പ്രധാനമന്ത്രിയും സംയുക്തമായി വിരുന്നു നല്‍കി. തുടര്‍ന്ന് രാജ്ഘട്ടിലെത്തി ഗാന്ധി സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി. യമുനാ തീരത്ത് ഒബാമ ആല്‍മരത്തൈ നടുകയും ചെയ്തു.

നാളത്തെ റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങിലെ മുഖ്യാതിഥിയാണ് ഒബാമ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് ഒബാമ എത്തുന്നത്. ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങില്‍ മുഖ്യാതിഥിയാകുന്ന ആദ്യത്തെ അമേരിക്കന്‍ പ്രസിഡണ്ടാണ് ഒബാമ. ഒബാമയുടെ സന്ദര്‍ശനം പ്രമാണിച്ച് കനത്ത സുരക്ഷയാണ് ന്യൂഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Scroll To Top