Saturday December 03, 2016
Latest Updates

ക്രോസ് കെയര്‍ ഫുഡ് ബാങ്കില്‍ ഭക്ഷ്യ ക്ഷാമം;ഡബ്ലിനിലെ മലയാളി സംഘടനയും സഹായഹസ്തവുമായി രംഗത്ത് 

ക്രോസ് കെയര്‍ ഫുഡ് ബാങ്കില്‍ ഭക്ഷ്യ ക്ഷാമം;ഡബ്ലിനിലെ മലയാളി സംഘടനയും സഹായഹസ്തവുമായി രംഗത്ത് 

ഡബ്ലിന്‍: ഡബ്ലിനിലെ ക്രോസ് കെയര്‍ ഫുഡ് ബാങ്കില്‍ സാധനങ്ങള്‍ക്ക് ക്ഷാമം. ഫുഡ്ബാങ്കിലെ ഷെല്‍ഫുകള്‍ ശൂന്യമായി തുടങ്ങി. ഈ സാഹചര്യത്തില്‍ ക്രോസ് കെയര്‍ ഫുഡ് ബാങ്കിലേക്ക് സുമനസുകള്‍ ഭക്ഷണ സാധനങ്ങള്‍ ദാനം ചെയ്യണമെന്ന് ഡബ്ലിന്‍ ആര്‍ച്ച്ബിഷപ്പ് ഡെര്‍മീറ്റ് മാര്‍ട്ടിന്‍ ആവശ്യപ്പെട്ടു. ഡബ്ലിന്‍ രൂപതയുടെ നിയന്ത്രണത്തിലുള്ള ക്രോസ് കെയര്‍ ഫുഡ് ബാങ്ക് കഴിഞ്ഞ വര്‍ഷം 750 ടണ്‍ ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്തിരുന്നു.

ആഹാരത്തിനു ബുദ്ധിമുട്ടുന്നവര്‍ക്ക് ആഹാരം എത്തിച്ച് നല്‍കുക എന്ന ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ചാരിറ്റി സംഘടനയാണ് ക്രോസ് കെയര്‍ ഫുഡ് ബാങ്ക്. ഇതിനായി കഴിഞ്ഞ വര്‍ഷം മാത്രം നാല് ഫുഡ് ബാങ്കുകള്‍ ക്രോസ് കെയര്‍ തുടങ്ങിയിരുന്നു. കഴിഞ്ഞ മാസം വരെ വിതരണം ചെയ്യാന്‍ ആവശ്യത്തിന് ഭക്ഷണ സാധനങ്ങള്‍ ക്രോസ് കെയര്‍ ഫുഡ് ബാങ്കില്‍ ഉണ്ടായിരുന്നു. ക്രിസ്തുമസ് അടുക്കുമ്പോള്‍ ഭക്ഷ്യ ക്ഷാമം നേരിടുന്നത് സ്ഥാപനത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് ക്രോസ് കെയര്‍ ഫുഡ് സര്‍വീസ് സീനിയര്‍ മാനേജര്‍ മൈക്കല്‍ മക് ഡൊണാഗ് പറഞ്ഞു.

ഡബ്ലിന്‍ നഗരത്തിലെ നൂറുകണക്കിന് പേരാണ് ക്രോസ് കെയര്‍ ഫുഡ് ബാങ്കിനെ ആശ്രയിച്ച് കഴിയുന്നത്. ഭക്ഷണ സാധനങ്ങള്‍ ദാനം
ചെയ്യാന്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടത് കൂടാതെ ഡബ്ലിനിലെ പള്ളികളോടും പൊതു സംഘടനകളോടും ഡബ്ലിന്‍ രൂപത ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്.

ഡബ്ലിനിലെ ഓട്ട്‌ലാന്‍ഡസ് ഇന്ത്യന്‍ കമ്മ്യൂണിറ്റി ക്രോസ് കെയര്‍ അയര്‍ലണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു രംഗത്ത് വന്നുകഴിഞ്ഞു.ക്രോസ് കെയറിന് മലയാളി സമൂഹത്തിന്റെ പിന്തുണയറിയിച്ചു കൊണ്ട് ക്രിസ്മസ് ന്യൂ ഇയര്‍ സമയത്ത് ഓട്ട്‌ലാന്‍ഡസ് ഇന്ത്യന്‍ കമ്മ്യൂണിറ്റി ബ്ലാക്ക്‌റോക്കില്‍ ഫുഡ് ഡ്രൈവ് (Food Drive) സംഘടിപ്പിക്കുന്നു.അയര്‍ലണ്ടില്‍ ഏറ്റവുമധികം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്റ്റില്ലൊര്‍ഗനിലെ ഓട്ട്‌ലാന്‍ഡസ് സ്‌കൂളിലെ രക്ഷാകര്‍ത്താക്കളുടെ സംഘടനയാണ് ഓട്ട്‌ലാന്‍ഡസ് ഇന്ത്യന്‍ കമ്മ്യൂണിറ്റി.

ഡിസംബര്‍ മാസത്തിലെ എല്ലാ തിങ്കള്‍, ചൊവ്വാ, വെള്ളി ദിവസങ്ങളിലും 9 മണി മുതല്‍ 12 മണി വരെബ്ലാക്ക്‌റോക്കില്‍ ഉള്ള St.Andrew’s Presbyterian Church ഹാളില്‍ വെച്ച് ഫുഡ് ഡ്രൈവ് നടത്തപ്പെടുന്നു. താല്പര്യമുള്ള എല്ലാ ആളുകളും ഇതിനോട് സഹകരിച്ചു സാധ്യമായ രീതിയില്‍ ഭക്ഷണസാധനങ്ങള്‍(പെട്ടന്ന് കേടാത്തവ) സംഭാവന ചെയ്തു ഈ മഹത്തായ ഉദ്യമത്തില്‍ പങ്കു ചേരണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ ആവശ്യമുള്ളവര്‍ മനോജ് തോമസ്: 0872989892  ജിബി ജേക്കബ് : 0868054500എന്നിവരുമായി ബന്ധപ്പെടുക.

ഇപ്രകാരം ശേഖരിക്കപ്പെടുന്ന ഭക്ഷ്യ സാധനങ്ങള്‍ ക്രോസ് കെയര്‍ പ്രവര്‍ത്തകര്‍ ഏറ്റെടുത്ത് അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യും. 

cross care


Scroll To Top