Tuesday November 13, 2018
Latest Updates

അന്നും ഇന്നും ഒരേപോലെ തന്നെ,തട്ടിപ്പില്‍ മാറ്റമില്ല :റിക്രൂട്ട് മെന്റ് തട്ടിപ്പില്‍ പെട്ട് പത്തു വര്‍ഷം മുമ്പ് മൂന്ന് ലക്ഷം രൂപ നഷ്ടപെട്ട ഗോള്‍വേയിലെ സാമൂഹ്യപ്രവര്‍ത്തകനായ നഴ്സിന് പറയാനുള്ളത്….

അന്നും ഇന്നും ഒരേപോലെ തന്നെ,തട്ടിപ്പില്‍ മാറ്റമില്ല :റിക്രൂട്ട് മെന്റ് തട്ടിപ്പില്‍ പെട്ട് പത്തു വര്‍ഷം മുമ്പ് മൂന്ന് ലക്ഷം രൂപ നഷ്ടപെട്ട ഗോള്‍വേയിലെ സാമൂഹ്യപ്രവര്‍ത്തകനായ നഴ്സിന് പറയാനുള്ളത്….

ഡബ്ലിന്‍:അയര്‍ലണ്ടിലേക്കുള്ള നഴ്സുമാരുടെ കുടിയേറ്റത്തിന് മലയാളികളായ റിക്രൂട്ട്‌മെന്റ് ഏജന്റുമാര്‍ വഹിച്ച പങ്ക് ആര്‍ക്കും ചെറുതായി കാണാനാവില്ല.എച്ച് എസ് ഇയില്‍ ആദ്യകാലം മുതല്‍ ഐറിഷ് റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ സഹായത്തോടെ തിരഞ്ഞെടുക്കപ്പെട്ടെത്തിയവര്‍ ഒഴികെ ബാക്കിയെല്ലാവരും അയര്‍ലണ്ടിലെ ഏതെങ്കിലും ഒരു റിക്രൂട്ടമെന്റ് എജന്ടുമായി ബന്ധപ്പെട്ടാണ് ഇവിടെയെത്തിയത്.

സ്പൗസ് വിസയില്‍ എത്തി കെയറര്‍ ജോലിയ്ക്ക് കയറിയ ചിലരും ,ജോലിയൊന്നും ചെയ്യാനാവാത്ത അവസ്ഥയില്‍ ഒരു പണിയായി റിക്രൂട്ട്‌മെന്റ് തുടങ്ങിയവരും ചെയ്ത സേവനം കുറച്ചൊന്നും കാണാന്‍ ആര്‍ക്കും കഴിയില്ല.അങ്കമാലിയില്‍ നിന്നും,കോലഞ്ചേരിയില്‍ നിന്നും,കോട്ടയത്തു നിന്നുമുള്‍പ്പെടെയുള്ളവരെ അയര്‍ലണ്ടിലെ നഴ്സിംഗ് ഹോമുകളില്‍ എത്തിച്ചവര്‍ അക്ഷരാര്‍ത്ഥത്തില്‍ അവരെ ദൈന്യതയുടെ പടുകുഴിയില്‍ നിന്നും രക്ഷിക്കുകയായിരുന്നു എന്ന് സമ്മതിച്ചേ പറ്റു.കേരളത്തിലെ ആശുപത്രികളില്‍ അയ്യായിരം മുതല്‍ ഏഴായിരം വരെ ശമ്പളം വാങ്ങുന്നവര്‍ക്ക് ഓരോ മാസവും രണ്ടു ലക്ഷവും,രണ്ടര ലക്ഷവും വരെ കൈയ്യില്‍ എത്തുമെന്ന വാഗ്ദാനം ലഭിച്ചപ്പോള്‍ അന്നും ഒന്നും രണ്ടും,മൂന്നും ലക്ഷം രൂപ വാങ്ങിയാണ് നഴ്സുമാരെ ഇവിടേയ്ക്ക് ‘ആദ്യകാല കുടിയേറ്റ ഏജന്റുമാര്‍’ എത്തിച്ചത്.

ഐ ഇ എല്‍ ടി എസ് പോലും വേണ്ടായിരുന്ന കാലമാണത്.നഴ്സിംഗ് കോഴ്‌സ് പാസായായവര്‍ക്ക് കൈയ്യില്‍ പണമില്ലെങ്കില്‍ ഭൂസ്ഥലമോ,വീടോ എഴുതി വാങ്ങി പ്രതിഫലം പറ്റാനും ഏജന്റുമാര്‍ക്ക് സന്തോഷമായിരുന്നു!.ഏജന്റുമാര്‍ക്ക് പണം കൊടുക്കാതെയാണ് എത്തിയതെന്ന് പറയാന്‍ ഇന്ന് അയര്‍ലണ്ടിലുള്ള പകുതിയിലധികം നഴ്സുമാര്‍ക്കും കഴിയില്ല

ഗോള്‍വേയിലെ സാമൂഹ്യ പ്രവര്‍ത്തകനായ നഴ്സിന്റെ അനുഭവം:

2005 മുതലുള്ള കാലം ഏജന്റുമാരുടെ വസന്തകാലാമായിരുന്നു,ഏറ്റുമാനൂരും അങ്കമാലിയിലുമുള്ള റിക്രൂട്ട് മെന്റ് ഏജന്റുമാര്‍ വരുമാനപണം പഞ്ചസാരചാക്കില്‍ കെട്ടി വെയ്ക്കേണ്ടി വന്ന കാലം! നഴ്സിംഗ് പാസായി വരുന്ന ഓരോരുത്തരും അയര്‍ലണ്ടും,ബ്രിട്ടണും ഒരു സ്വപ്നമായി കൊണ്ടുനടന്നവരായിരുന്നു.അപ്പോഴേക്കും ഈ രാജ്യങ്ങളില്‍ ഐഇഎല്‍ടിഎസ് നിര്‍ബന്ധമാക്കിയിരുന്നു.അത് കൊണ്ട് തന്നെ മലയാളിയുടെ ഭാഷയില്‍ ‘മിടുക്കരായവര്‍’ മാത്രമായിരുന്നു റിക്രൂട്ട്‌മെന്റിനു ശ്രമിച്ചത്.നാലോ അഞ്ചോ തവണ ഐഇഎല്‍ടിഎസ് എഴുതിയാലെ ജയിക്കുകയുള്ളു എന്നതിനാല്‍ തന്നെ ആ ഇനത്തില്‍ തന്നെ നല്ലൊരു തുക ചിലവാക്കിയ ശേഷമാണ് ഇടത്തരക്കാര്‍ ഏജന്റിനെ തപ്പി ചെല്ലുന്നത്.

ഭാഗ്യം കൊണ്ട് മാത്രം ബ്രിട്ടനിലും അയര്‍ലണ്ടിലും എത്തപ്പെട്ട ചില ചില പ്രധാന ഏജന്റുമാരുടെ നാട്ടിലെ ഓഫിസുകളില്‍ അന്നൊക്കെ ക്യൂ നിന്നാണ് നഴ്സുമാരും,ബന്ധുക്കളുമൊക്കെ ഏജന്റിനെ കണ്ടിരുന്നത്.

നാട്ടില്‍ ‘പൂജനീയ സ്ഥാന’മലങ്കരിച്ചിരുന്ന ഏജന്റുമാര്‍ അക്കാലത്ത് തന്നെ തട്ടിപ്പിന്റെ സുവിശേഷം പഠിച്ച തനി കള്ളന്മാരായിരുന്നു എന്നാണ് അക്കാലത്ത് അയര്‍ലണ്ടില്‍ എത്താനായുള്ള തന്ത്രപ്പാടില്‍ ,റിക്രൂട്ട് മെന്റ് തട്ടിപ്പില്‍ പെട്ട് മൂന്നു ലക്ഷത്തോളം രൂപ നഷ്ടപെട്ടയാളായ ഗോള്‍വേയിലെ നഴ്സിന്റെ അനുഭവം.

ഐഇഎല്‍ടിഎസ് കഴിഞ്ഞു യൂറോപ്പിലെവിടെയെങ്കിലും എത്തുക എന്ന മോഹത്തോടെയാണ് ഏറ്റുമാനൂരില്‍ അക്കാലത്തുണ്ടായിരുന്ന സെന്റ് മേരീസ് എന്ന വിശുദ്ധമായ പേരിട്ട ഏജന്‌സിയിലെത്തിയത്.ഇംഗ്‌ളണ്ടിലേക്കുള്ള റികൂട്ട് മെന്റ് തകൃതിയായി നടക്കുന്ന സമയമാണത്.ഇംഗ്‌ളണ്ട് ആയിരുന്നു ഇദ്ദേഹത്തിന്റെയും ലക്ഷ്യം. തൊട്ടടുത്ത മാസം പോകാമെന്ന് പറഞ്ഞു മൂന്നു ലക്ഷം പറഞ്ഞുറപ്പിച്ചു കൈപ്പറ്റിയ മന്നാംകുളം ഏജന്റ് കുറെ നാളത്തേയ്ക്ക് പിന്നെ നിശ്ശബ്ദനായി.പ്രധാന ഏജന്റ് ലണ്ടനിലാണ് താമസമെന്നും,എല്ലാം ശരിയാകുമ്പോള്‍ അറിയിക്കാമെന്നുമായി പിന്നീടവരുടെ ഭാഷ്യം.

മാസങ്ങള്‍ കടന്നു പോയപ്പോഴും,ദിവസം തോറും ഏജന്‍സിയുടെ ഓഫിസില്‍ കയറിയിറങ്ങിയിട്ടും ഫലമൊന്നുമുണ്ടായില്ല.അവസാനം ആ നിത്യ നടപ്പിന് മറുപടി എത്തി.’വിസയുണ്ട്.മൂന്നു മാസം…പക്ഷെ ഇംഗ്‌ളണ്ടിനല്ല,അയര്‍ലണ്ടിനാണ്. നൂറുകണക്കിന് പാലാക്കാര്‍ അയര്‍ലണ്ടില്‍ എത്തിയ അറിവുണ്ടായിരുന്നതിനാല്‍ എതിര്‍ത്തൊന്നും പറഞ്ഞില്ല…അയര്‍ലണ്ടെങ്കില്‍ അയര്‍ലണ്ട്….വീട്ടുകാര്‍ക്ക് സമാധാനമാവുമല്ലോ?

അങ്ങനെ പോകാനുള്ള ഒരുക്കങ്ങള്‍ ഒക്കെ പൂര്‍ത്തിയാക്കി.ബന്ധു വീടുകളിലൊക്കെപ്പോയി യാത്ര പറഞ്ഞു…യാത്രയ്ക്ക് ഏജന്റ് പറഞ്ഞു വെച്ചിരുന്ന തിയതിയ്ക്ക് മൂന്നു ദിവസം മുമ്പ് ഏജന്‍സിയില്‍ നിന്നും ഒരു ഫോണെത്തി.’ഒന്നിവിടെ വരെ വരണം…

സ്വീകരിച്ചിരുത്തിയ ഏജന്റിന്റ അനുചരന്‍ പറഞ്ഞത് കേട്ട് ഞെട്ടിപ്പോയി…ഒരു പ്രശനമുണ്ട്…നിങ്ങള്‍ പോകാനിരുന്ന കില്‍റഷിലെ നഴ്സിംഗ് ഹോം പൂട്ടിപ്പോയി.അങ്ങോട്ടേയ്ക്ക് ഇപ്പോള്‍ പോകാനാവില്ല…,ഒരു മൂന്നു മാസം കൂടി ക്ഷമിക്ക് …എവിടുന്നെങ്കിലും പകരം ഒരു ജോലി ഒപ്പിച്ചു തരാം…’

ചെറുപ്പത്തിന്റെ തരിപ്പില്‍ പ്രതീകരിക്കാനാണ് തോന്നിയത് എങ്കിലും അതൊക്കെ അടക്കി നിര്‍ത്തി…’എല്ലാവരോടും യാത്ര പറഞ്ഞതാണ്…കൂട്ടുകാരൊക്കെ ചേര്‍ന്ന് പാര്‍ട്ടി നടത്തി യാത്ര പറഞ്ഞപ്പോള്‍ സന്തോഷം കൊണ്ട് പൊട്ടി കരയുകയും ചെയ്തതാണ്…മീന്‍ അച്ചാറും,അത്യാവശ്യം മറ്റു വിഭവങ്ങളുമായി ‘അമ്മ ബാഗ് അടുക്കി വെച്ച് കഴിഞ്ഞിരിക്കുകയാണ്….ഇനി പോവാതിരിക്കണമെന്നോ ?

ആര്‍ക്കായാലും വിഷമം തോന്നും. മൂന്ന് മാസത്തേയ്ക്ക് വിസയിടിച്ചുകിട്ടിയിട്ടുണ്ട് …ആ ധൈര്യത്തില്‍ അയാളോട് പറഞ്ഞു.ഇനി യാത്ര മാറ്റിവെയ്ക്കാനാവില്ല ..ആകെ നാണക്കേടാവും…വിസയുണ്ടല്ലോ?

പോകുന്നതിന് കുഴപ്പമൊന്നുമില്ല,പക്ഷെ ജോലി ഉറപ്പില്ല…അവിടെ ചെന്ന് അഡാപ്‌റ്റേഷന്‍ പാസാവണം.ഞങ്ങളുടെ ഓഫിസ് ഡബ്ലിനിലെ സാഗറ്റിലുണ്ട്.അവര്‍ സഹായിക്കും.പൊന്നു പോലെ നോക്കി കൊള്ളും.

അങ്ങനെ റെഡിയാക്കിയ വിമാന ടിക്കറ്റ് നാല് വിമാനത്താവളങ്ങളില്‍ കയറി ഇറങ്ങാനുള്ള നിയോഗത്തോടെ ഉള്ളതായിരുന്നു…ഇതിനിടെ സമാന ധൈര്യത്തോടെ പുറപ്പെട്ട മറ്റൊരു സുഹൃത്തിനെയും കൂട്ടിനു കിട്ടിയെന്നത് സമാധാനമായി.എന്തായാലും ഡബ്ലിനില്‍ വിമാനമിറങ്ങി.കാത്തു നില്‍ക്കുമെന്ന് പറഞ്ഞ ആളില്ലെന്നു മാത്രമല്ല,ഒരൊറ്റ മലയാളിയെ പോലും അവിടെങ്ങും കണ്ടില്ല.

എയര്‍പോര്‍ട്ടിലെ പബ്ലിക്ക് ടെലഫോണ്‍ ബൂത്തില്‍ നിന്നും നിരവധി തവണ വിളിച്ച ശേഷമാണ് സെന്റ് മേരീസിന്റെ പ്രതിനിധി ഫോണെടുത്തത്.സജി എന്നായിരുന്നു അയാളുടെ പേര്. താല സാഗട്ടിലെ ഒറ്റ മുറിയുള്ള ഓഫിസിലുണ്ടായിരുന്ന ബെഡായിരുന്നു ആദ്യ ദിവസത്തെ അഭയം. ഒരു ചിക്കനും,ഒരു കിലോ അരിയും വാങ്ങി കൊടുത്ത സജി മുതലാളി ഒരു കാര്യം പറയാന്‍ മറന്നില്ല…ഞാനും വരാം കേട്ടോ ഉണ്ണാറാവുമ്പോഴേയ്ക്കും….വിശപ്പ് സഹിക്കാനാവാത്തതിനാല്‍ ചിക്കന്‍ കറിയുടെ ബാലപാഠങ്ങള്‍ അന്ന് പഠിച്ചെടുത്തത് ചിക്കന്‍ മസാലപ്പൊടിയുടെ പുറം ചട്ടയില്‍ നിന്നായിരുന്നു!

രാത്രി തന്നെ മുതലാളി പറഞ്ഞു…’രാവിലെ ഇവിടെ ഒരു ഇന്‍സ്‌പെക്ഷനുണ്ട് കേട്ടോ…നിങ്ങള്‍ ഒന്ന് മാറി നില്‍ക്കണം…അല്ലെങ്കില്‍ പരിചയക്കാര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ വാട്ടര്‍ ഫോര്‍ഡിലേയ്ക്ക് പൊയ്‌ക്കോ..അവിടെയാണ് അഡാപ്‌റ്റേഷന്‍ ശരിയാക്കിയിരിക്കുന്നത്….'(അടുത്ത ബാച്ച് നഴ്സുമാരെ അവിടെ താമസിപ്പിക്കാനായിരുന്നു ഞങ്ങളെ ഒഴിപ്പിച്ചതെന്ന് പിന്നീടറിഞ്ഞു.)

പാലാക്കാരായ സുഹൃത്തുക്കളുടെ സഹായത്തോടെ ഒരു വീട് ഷെറിംഗിന് സംഘടിപ്പിച്ച് പിറ്റേന്ന് തന്നെ വാട്ടര്‌ഫോര്‍ഡില്‍ എത്തി.അഡാപ്‌റ്റേഷന്‍ പാസായെങ്കിലും പിന്നീട് ജോലിയ്ക്ക് സഹായം തേടി ഏജന്റിനെ വിളിച്ചെങ്കിലും അയാള്‍ ഫോണ്‍ എടുത്തുപോലുമില്ല…

പിന്നീടാണ് ദുരിതം തുടങ്ങിയത്.കൈയിലെ പണം തീര്‍ന്നു…അഞ്ചു സെന്റ് പോലും കൈയിലില്ല…എങ്ങനെ ജീവിക്കും?എങ്കിലും നാട്ടുകാരും പരിചയക്കാരുമായ നിരവധി സുഹൃത്തുക്കളുടെ ബലത്തില്‍ അയര്‍ലണ്ടില്‍ എമ്പാടും ജോലിയ്ക്ക് അപേക്ഷകള്‍ അയച്ചു.അവസാനം ഒരു നഴ്സിംഗ് ഹോമില്‍ ജോലിയില്‍ പ്രവേശിച്ചപ്പോഴാണ് സമാധാനമായത്.

ആദ്യ ജോലി ഓഫര്‍ ചെയ്തുവെന്ന് പറഞ്ഞിരുന്ന കില്‍റഷിലെ എംപ്ലോയറെ പിന്നീട് യാദൃശ്ചികമായി കണ്ടു മുട്ടിയപ്പോള്‍ അറിയാന്‍ കഴിഞ്ഞത് രണ്ടാള്‍ക്കാരുടെ ഒഴിവേ അവിടെ ഉണ്ടായിരുന്നുള്ളു എന്നും പകരം ഉദ്യോഗാര്‍ഥികളുടെ ദൗര്‍ലഭ്യസാധ്യത പരിഗണിച്ച് അഞ്ചു ഓഫര്‍ ലെറ്ററുകള്‍ കൊടുത്തിരുന്നുവെന്നുമാണ്.ആദ്യത്തെ രണ്ടു പേര്‍ക്ക് അവിടെ ജോലി ലഭിച്ചു. ആ വിസയില്‍ വന്ന മൂന്നു പേരില്‍ നിന്നും പണം തട്ടി അവരെ വഴിയാധാരമാക്കുകയും ചെയ്തു.

സ്വന്തം കഴിവ് കൊണ്ടും,ദൈവാനുഗ്രഹം കൊണ്ടും ഇങ്ങനെ എത്തിപ്പെട്ട നൂറു കണക്കിന് നഴ്‌സുമാരുണ്ട് അയര്‍ലണ്ടില്‍.ഒരു ഓഫര്‍ ലെറ്റര്‍ ലഭിക്കുന്നത് കൊണ്ട് ഉണ്ടാക്കിയെടുക്കുന്ന അഡാപ്‌റ്റേഷന്‍ ലെറ്റര്‍ ഇപ്പോഴും ദുരുപയോഗം ചെയത് ഉദ്യോഗാര്‍ഥികളെ കബളിപ്പിക്കുന്നവരുടെ എണ്ണം ഇപ്പോഴും കുറവല്ല.

ഞാന്‍ അനുഭവിച്ച ക്ലേശങ്ങള്‍ ആരോടും പറഞ്ഞറിയിക്കാന്‍ ആവില്ല.മറ്റൊരു രാജ്യത്ത് വന്ന് ഏജന്റുമാരുടെ വിരട്ടലില്‍ പെട്ട് ,കള്ളനെ പോലെയോ അഭയാര്‍ഥിയെ പോലെയോ ജീവിക്കേണ്ടി വരുന്നത് ആര്‍ക്ക് സഹിക്കാനാവും ?അയര്‍ലണ്ടിലെ സോഷ്യല്‍ മീഡിയയിലെ പ്രധാന താരവും,അയര്‍ലണ്ടില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഫേസ് ബുക്ക് ഫ്രണ്ട് ലിസ്റ്റിലുള്ള മലയാളിയുമായ ഇദ്ദേഹം ചോദിക്കുന്നു.അന്നത്തെ അവസ്ഥ തന്നെയാണ് ഇന്നും.പണം കൊടുത്ത് കയറിവരുന്ന നഴ്സുമാര്‍ കബളിപ്പിക്കപ്പെടുന്നു.

പൊന്‍മുട്ടയിടുന്ന താറാവ്

2003 മുതല്‍ 2008 വരെ തുടര്‍ച്ചയായി ‘റിക്രൂട്ട്‌മെന്റ് കൃഷി’ നടത്തിയ പലരും നാട്ടിലേയ്ക്ക് സുഖജീവിതത്തിന് തിരിച്ചുപോയത് തന്നെ തകരുന്ന ഐറിഷ് സാമ്പത്തികാവസ്ഥ മുന്‍കൂട്ടി കണ്ടാണ്.നിയമനങ്ങള്‍ നിര്‍ത്തിവെയ്ക്കുകയും,റിക്രൂട്ട് മെന്റ്‌റുകള്‍ ഇല്ലാതാകുകയും ചെയ്തതോടെ 2013 വരെ കാര്യമായ ‘അനക്കമൊന്നും’ ഇല്ലാതെയിരുന്നിരുന്ന നഴ്സിംഗ് റിക്രൂട്ട് മെന്റ് മേഖല, 2014 മുതല്‍ ജീവന്‍ വെച്ച് തുടങ്ങി.

ആവശ്യത്തിന് നഴ്സുമാര്‍ ഇല്ലാതെ നട്ടം തിരിഞ്ഞിരുന്ന നഴ്സിംഗ് ഹോമുകാരുടെ ദയനീയാവസ്ഥ മനസിലാക്കിയ, അയര്‍ലണ്ടിലെ സര്‍ക്കാര്‍ സര്‍വീസില്‍ ജോലിയുള്ള ഒരു പ്രതിഭാശാലിയാണ് ആദ്യമായി വാണിജ്യാടിസ്ഥാനത്തില്‍ റിക്രൂട്ട്‌മെന്റ് തുടങ്ങിയത്.

അച്ചന്‍ പട്ടത്തിന്റെ മികവില്‍ നേടിയ ഇംഗ്ലീഷ് പരിജ്ഞാനവും വിനയവും വാണിജ്യാടിസ്ഥാനത്തില്‍ റിക്രൂട്ട്‌മെന്റ് നടത്താനുള്ള യോഗ്യതയാക്കിയവരായിരുന്നു അവരില്‍ ചിലര്‍ (തുടരും )

Scroll To Top