Saturday December 03, 2016
Latest Updates

ബ്യൂമോണ്ട് ആശുപത്രിയിലെ നഴ്‌സുമാര്‍ സമരത്തിലേക്ക്

ബ്യൂമോണ്ട് ആശുപത്രിയിലെ നഴ്‌സുമാര്‍ സമരത്തിലേക്ക്

ഡബ്ലിന്‍: ബ്യൂമോണ്ട് ആശുപത്രിയിലെ നഴ്‌സുമാര്‍ സമരത്തിലേക്ക്. അത്യാഹിതവിഭാഗങ്ങളിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് നഴ്‌സുമാര്‍ സമരത്തിലേക്ക് നീങ്ങുന്നത്.തിങ്കളാഴ്ച്ച മുതല്‍ എ ആന്‍ഡ് ഇ യിലെ 55 നഴ്‌സിംഗ് സ്റ്റാഫ് സൂചനാപ്രതിഷേധം ആരംഭിക്കും.പ്രശ്‌നം പരിഹരിച്ചില്ലങ്കില്‍ അടുത്ത വര്‍ഷം ആദ്യമാണ് സമരം. ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡ്‌വൈഫ്‌സ് അസോസിയേഷന്‍ ഇക്കാര്യം സ്ഥിരീകരിച്ചു. മാസങ്ങളായി ബ്യൂമോണ്ട് ആശുപത്രിയിലെ പ്രതിസന്ധി വര്‍ധിച്ചു വരുന്ന സാഹചര്യമാണ്.നേരത്തെയും ഇക്കാര്യം ഉന്നയിച്ച് ഐഎന്‍എംഒ പ്രതിഷേധിച്ചിരുന്നു.

അത്യാഹിത വിഭാഗങ്ങളിലെ പ്രതിസന്ധി രോഗികളുടെ ജീവന്‍ അപകടത്തിലാക്കുന്ന സാഹചര്യമാണെന്ന് നഴ്‌സുമാര്‍ കുറ്റപ്പെടുത്തി. ചികിത്സ കാത്ത് ട്രോളിയില്‍ കാത്തിരിക്കുന്ന രോഗികളുടെ എണ്ണത്തിലും ക്രമാതീതമായ വര്‍ധന ഉണ്ടായി. അത്യാഹിത വിഭാഗങ്ങളിലെ പ്രതിസന്ധി ഇങ്ങനെ രൂക്ഷമായി തുടരുമ്പോഴും പ്രശ്‌നം പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് ഐഎന്‍എംഒ വക്താവ് ലോറെയയ്ന്‍ മോണാഗന്‍ പറഞ്ഞു. രോഗികളുടെ എണ്ണം കൂടുകയും ആവശ്യത്തിന് ജീവനക്കാരില്ലാത്ത സാഹചര്യവും രോഗികളുടെ ജീവന് സൃഷ്ടിക്കുന്ന ഭീഷണി പഠിക്കാന്‍ ബ്യൂമോണ്ട് ആശുപത്രിയില്‍ ഹിക്വ പരിശോധന നടത്തണമെന്നും ഐഎന്‍എംഒ ആവശ്യപ്പെട്ടു.

അതേസമയം അത്യാഹിത വിഭാഗങ്ങളിലെ പ്രതിസന്ധി തുടരുന്നതില്‍ ബ്യൂമോണ്ട്ആശുപത്രി ഖേദം പ്രകടിപ്പിച്ചു. രോഗികളുടെ ഡിസ്ചാര്‍ജ് വൈകുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് കൂടുതല്‍ രോഗികള്‍ ട്രോളിയില്‍ കാത്തിരിക്കേണ്ട സാഹചര്യം സൃഷ്ടിക്കുന്നതെന്ന് ബ്യൂമോണ്ട് ആശുപത്രി അധികൃതര്‍ പറഞ്ഞു. അത്യാഹിത വിഭാഗങ്ങളിലെ നീണ്ട കാത്തിരിപ്പ് ഒഴിവാക്കാന്‍ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെന്നും ബ്യൂമോണ്ട് ആശുപത്രി അധികൃതര്‍ പറഞ്ഞു.

അത്യാഹിത വിഭാഗങ്ങളിലേക്ക് എത്തുന്ന രോഗികളെ മറ്റ് ആശുപത്രികളിലേക്ക് കൂടി അയച്ച് ചികിത്സ വൈകുന്നത് ഒഴിവാക്കാന്‍ ശ്രമിക്കാറുണ്ടെന്ന് ബ്യൂമോണ്ട് ആശുപത്രി അധികൃതര്‍ പറഞ്ഞു. പ്രതിസന്ധി തരണം ചെയ്യുന്നതിന് പൊതുജനങ്ങളുടെ ഭാഗത്ത് നിന്നും സഹകരണം ഉണ്ടാകണമെന്നും ബ്യൂമോണ്ട് അധികൃതര്‍ ആവശ്യപ്പെട്ടു. നേരെ ആശുപത്രിയിലേക്ക് വരുന്നതിന് മുന്‍പ് ജിപിമാരുടെ അടുത്ത് നിന്ന് ചികിത്സ തേടാനും ആവശ്യമെങ്കില്‍ മാത്രമേ അത്യാഹിത വിഭാഗത്തിലേക്ക് റഫര്‍ ചെയ്യാവൂ എന്നും ബ്യൂമോണ്ട് അധികൃതര്‍ ആവശ്യപ്പെട്ടു.

Scroll To Top