Thursday December 08, 2016
Latest Updates

നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റ്; കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളിലെ അപാകതകള്‍ക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങി നഴ്‌സുമാരുടെ സംഘടന

നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റ്; കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളിലെ അപാകതകള്‍ക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങി നഴ്‌സുമാരുടെ സംഘടന

വിദേശത്ത് ജോലിയില്‍ ചേരാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ നഴ്‌സുമാര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മാനദണ്ഡങ്ങളിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി കേരളത്തില്‍ കൊച്ചിയില്‍ നിയമ സഹായ സമിതി രൂപീകരണവും, ഒപ്പം കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനു നല്‍കാന്‍ ഭീമഹര്‍ജിയും തയ്യാറാക്കുമെന്ന് യു എന്‍ എ സംസ്ഥാന പ്രസിഡണ്ട് ജാസ്മിന്‍ ഷാ പറഞ്ഞു.

മന്ത്രിയുമായുള്ള കൂടികാഴ്ച്ചയ്ക്കു ശേഷം പാര്‍ലമന്റ് മാര്‍ച്ച് അടക്കമുള്ള സമരപരിപാടികള്‍ക്കും സംഘടന രൂപം നല്‍കുന്നുണ്ട്.

പത്താം ക്‌ളാസ്സ് ജയിച്ചവര്‍ക്ക് എമിഗ്രേഷന്‍ ആവശ്യമില്ലെന്നിരിക്കേ നഴ്‌സുമാര്‍ക്കു മാത്രം ഈ നിബന്ധനയില്‍ വിവേചനം കൊണ്ടുവരുന്നത് അനീതിയാണ്. സ്വകാര്യ ഏജന്‍സികളുടെ കൊള്ള അവസാനിപ്പിക്കുന്നതിനു പകരം ഇപ്പോഴെടുത്ത തീരുമാനം യുക്തിരഹിതമാണ്. റിക്രൂട്ട്‌മെന്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി മാത്രമാക്കുന്നതിനു മുന്‍പ് ഈ ഏജന്‍സികള്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഉണ്ടെന്ന് ഉറപ്പു വരുത്തണമായിരുന്നുവെന്നും ജാസ്മിന്‍ ഷാ പറയുന്നു.

കുവൈറ്റിലേക്കുള്ള റിക്രൂട്ട്‌മെന്റ് പ്രതിസന്ധികള്‍ പരിഹരിക്കാനായി കൊണ്ടു വന്ന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പ്രകാരം ഫലത്തില്‍ എല്ലാ രാജ്യങ്ങളിലേക്കുമുള്ള റിക്രൂട്ട്‌മെന്റ് തടസപ്പെട്ടിരിക്കുകയാണ്. നിലവിലുള്ള ജോലി പോലും ഉപേക്ഷിച്ച് ഇന്റര്‍വ്യൂ നടപടികള്‍ പൂര്‍ത്തിയാക്കിയ പലരും വിദേശത്ത് പോകാന്‍ കഴിയാതെ കഷ്ടപ്പെടുകയാണെന്നും ജാസ്മിന്‍ ഷാ ചൂണ്ടിക്കാണിക്കുന്നു.

ജൂണ്‍ 9 ന് കലൂരില്‍ ചേരുന്ന നിയമ സഹായ സമിതിയുമായി കൂടിയാലോചിച്ച് സുപ്രിം കോടതിയെ സമീപിക്കുനതിനുള്ള സാധ്യതകള്‍ തേടുമെന്നും ജാസ്മിന്‍ ഷാ പറഞ്ഞു. യോഗത്തില്‍ പി രാജീവ് എം.പി, മുന്‍ എം.പി സെബാസ്റ്റ്യന്‍ പോള്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും.

 

Scroll To Top