Wednesday August 23, 2017
Latest Updates

അയര്‍ലണ്ടില്‍ ജോലിയെന്ന സ്വപ്നം മലയാളി നഴ്‌സുമാര്‍ക്ക് മരീചികയാകുമോ?..

അയര്‍ലണ്ടില്‍ ജോലിയെന്ന സ്വപ്നം മലയാളി നഴ്‌സുമാര്‍ക്ക് മരീചികയാകുമോ?..

ഡബ്ലിന്‍:അയര്‍ലണ്ടില്‍ നഴ്‌സിംഗ് ജോലിയ്ക്ക് ഏര്‍പ്പെടുത്തിയവര്‍ക്ക് പുതിയതായി ഏര്‍പ്പെടുത്തിയ ആപ്റ്റിറ്റിയൂഡ് ടെസ്റ്റിന്റെ ആദ്യ ബാച്ചിലേയ്ക്കുള്ള പ്രവേശന വിജ്ഞാപനം ഇന്ന് വൈകിട്ട് http://www.rcsi.ie/overseasaptitudetest    യില്‍ പ്രസിദ്ധീകരിക്കും 

ഒക്ടോബര്‍ 28 ന് വൈകിട്ട് 5 മണിയ്ക്ക് RCSI യുടെ വെബ് സൈറ്റില്‍ ആദ്യ ബാച്ചിലേയ്ക്കുള്ള ആപ്റ്റിറ്റിയൂഡ് ടെസ്റ്റിന്റെ വിജ്ഞാപനം പ്രസിദ്ധീകരിക്കുമ്പോള്‍ മുതല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.ആദ്യ 28 പേര്‍ തികയുന്ന മുറയ്ക്ക് അഥവാ നവംബര്‍ 12 വരെയാവും ആദ്യ ബാച്ചിന്റെ അപേക്ഷ സ്വീകരിക്കുന്നത്.ഡിസംബര്‍ 5 ന് തിയറി ടെസ്റ്റും,വിജയിക്കുന്നവര്‍ക്ക് ഡിസംബര്‍ 12 ന് പ്രാക്റ്റിക്കലും നടത്തപ്പെടും.16 ന് ഫലം പ്രസിദ്ധീകരിക്കും.

നൂറുകണക്കിന് പേരാണ് അയര്‍ലണ്ടില്‍ ജോലി സ്വപ്നവുമായി കാത്തിരിക്കുന്നത് എന്നതിനാല്‍ ആദ്യ മിനുട്ടുകളില്‍ തന്നെ ആദ്യ ബാച്ചിനുള്ള അപേക്ഷകളുടെ ക്വാട്ട പൂര്‍ത്തിയായേക്കും.അഡാപ്‌റ്റേഷന്‍ കോഴ്‌സുകള്‍ ക്രമേണ നിര്‍ത്തലാക്കുന്നതിനാലാണ് RCSI മുഖേനെ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് നടത്താന്‍ ഐറിഷ് നഴ്‌സിംഗ് ബോര്‍ഡ് തീരുമാനിച്ചിട്ടുള്ളത്.

ഇതിനിടെ അടുത്ത വര്‍ഷം അഞ്ച് അഡാപ്‌റ്റേഷന്‍ കോഴ്‌സുകള്‍ കൂടി അയര്‍ലണ്ടില്‍ നടത്തുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി ലിയോ വരെദ്കര്‍ പറഞ്ഞതായുള്ള വാര്‍ത്തകള്‍ പടച്ച് വിട്ടു അപേക്ഷകരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് ഒട്ടേറെ ഉദ്യോഗാര്‍ഥികള്‍ ‘ഐറിഷ് മലയാളിയെ അറിയിച്ചു.

ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇത്ര പെട്ടെന്നു നടപ്പാക്കുമെന്നറിയാതെ കേരളത്തില്‍ പോയി കഴിഞ്ഞ മാസങ്ങളില്‍ ഇന്റര്‍വ്യൂ നടത്തി ഏജന്റുമാര്‍ കണ്ടെത്തിയ നിശ്ചിത യോഗ്യതയുള്ള നഴ്‌സുമാര്‍ക്ക് വേണ്ടത്ര അഡാപ്‌റ്റേഷന്‍ കോഴ്‌സുകള്‍ ഉണ്ടായില്ലെങ്കില്‍ അവര്‍ മറ്റു രാജ്യങ്ങള്‍ തേടി പോകാന്‍ സാധ്യതയുണ്ട്.അതേ സമയം ഡിസംബറില്‍ വരെയുള്ള അഡാപ്‌റ്റേഷന്‍ കോഴ്‌സുകളെ ഇതേ വരെ ഔദ്യോഗികമായി പ്രഖ്യാാപിച്ചിട്ടുല്ലു എന്നതിനാല്‍ കേരളത്തില്‍ നിന്നും കണ്ടെത്തിയിട്ടുള്ള ഉദ്യോഗാര്‍ഥികളും ആശങ്കയിലാണ്.

കേരളത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് അഡാപ്‌റ്റേഷന്‍ കോഴ്‌സിന് അവസരം ഒരുക്കിയില്ലെങ്കില്‍ ഓരോ ആള്‍ക്കും ആപ്റ്റിറ്റിയൂഡ് ടെസ്റ്റിന് 2800 യൂറോ ഫീസ് നല്‍കണം എന്നത് മാത്രമല്ല ടെസ്റ്റ് പാസായില്ലെങ്കില്‍ ഉദ്യോഗാര്‍ഥികള്‍ അയര്‍ലണ്ടില്‍ നിന്നും തിരിച്ചു പോകേണ്ടിയും വരും.

ഇത്തരം ഒരു സാഹചര്യത്തില്‍ ഏജന്റുമാര്‍ കണ്ടെത്തിയിട്ടുള്ള നഴ്‌സുമാരുടെ ആപ്റ്റിറ്റിയൂഡ് ടെസ്റ്റിന്റെ ചെലവ് മുടക്കാന്‍ എത്ര തൊഴിലുടമകള്‍ തയാറാവും എന്നും കാത്തിരുന്നു കാണേണ്ടി വരും.ടെസ്റ്റിന്റെ ചെലവ് മാത്രമല്ല ,അയര്‍ലണ്ടിലേയ്ക്കുള്ള അവരുടെ യാത്രയുടെയും,താമസത്തിന്റെയും ചിലവുകള്‍ കൂടി ചേരുമ്പോള്‍ ചുരുങ്ങിയത് എഴായിരത്തോളം യൂറോ ഓരോ ഉദ്യോഗാര്‍ഥിക്കും ആദ്യഘട്ടത്തില്‍ കണ്ടെത്തേണ്ടി വരും.

നിലവില്‍ യൂ കെ യില്‍ സമാന സമ്പ്രദായത്തിലാണ് നഴ്‌സുമാരെ തിരഞ്ഞെടുക്കുന്നത് എങ്കിലും അവര്‍ക്ക് തിയറി പരീക്ഷ കേരളത്തിലിരുന്ന് ഓണ്‍ ലൈനായി എഴുതാനുള്ള അവസരമുണ്ട്.അയര്‍ലണ്ടിലാവട്ടെ ഇത് ഡബ്ലിനിലെ നിശ്ചിത കേന്ദ്രത്തിലെത്തി വേണം എഴുതാന്‍.

ചുരുക്കത്തില്‍ അയര്‍ലണ്ടിലേയ്ക്കുള്ള മലയാളി നഴ്‌സുമാരുടെ പ്രവേശനത്തിന് വന്‍ തടസങ്ങളാണ് പുതിയ സംവിധാനം വഴി ഉണ്ടായിരിക്കുന്നത്.ഒട്ടേറെ പേരുടെ ജോലി സ്വപ്നങ്ങള്‍ തകരുന്ന സൂചനകളാണ് ഉരുത്തിരിയുന്നത്.പ്രവേശന യോഗ്യത നിര്‍ണ്ണയിക്കാന്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് നിര്‍ബന്ധമാക്കണമെന്ന ഐറിഷ് നഴ്‌സിംഗ് ബോര്‍ഡിന്റെ അഭിപ്രായത്തിന് പിന്തുണ കൂടിയാല്‍ അഡാപ്‌റ്റേഷന്‍ കോഴ്‌സുകളുടെ എണ്ണം നാമമാത്രമാവും എന്നുറപ്പാണ്.അതില്‍ എത്ര മലയാളികള്‍ക്ക് പ്രവേശനം കിട്ടും എന്നും കണ്ടറിയണം.

എന്നാല്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് വഴി ഒരു കൈ നോക്കാന്‍ ഉദ്യോഗാര്‍ഥികള്‍ മടിയ്‌ക്കേണ്ടതില്ല.ഓരോ ബാച്ചിലും 28 പേര്‍ക്കാണ് പ്രവേശനം നല്കുന്നതെങ്കിലും ആദ്യ പരീക്ഷണങ്ങള്‍ വിജയകരമായാല്‍ തുടര്‍ച്ചയായി ഓരോ മാസവും ഒന്നിലധികം ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് നടത്താനാവുമെന്നാണ് RCSI വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.അയര്‍ലണ്ടില്‍ നിലവിലുള്ള നഴ്‌സിംഗ് ക്ഷാമം പരിഹരിക്കാന്‍ പെട്ടന്നുള്ള വഴി എന്ന നിലയില്‍ മാത്രമല്ല,സാമ്പത്തികമായി രാജ്യത്തിനും സ്ഥാപനങ്ങള്‍ക്കും ഗുണം ചെയ്യുമെന്നതിനാലും ആപ്റ്റിറ്റിയൂഡ് ടെസ്റ്റിനെ നഴ്‌സിംഗ് ബോര്‍ഡും പിന്തുണയ്ക്കുന്നുണ്ട്.

ഐറിഷ് മലയാളി ന്യൂസ് ബ്യൂറോ 

ആപ്റ്റിറ്റിയൂഡ് ടെസ്റ്റിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ http://www.rcsi.ie/overseasaptitudetest  സന്ദര്‍ശിക്കുക

Scroll To Top