Monday December 05, 2016
Latest Updates

നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ്; പ്രൊട്ടക്റ്റര്‍ ഒഫ് എമിഗ്രന്റ്‌സ് അറസ്റ്റില്‍

നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ്; പ്രൊട്ടക്റ്റര്‍ ഒഫ് എമിഗ്രന്റ്‌സ് അറസ്റ്റില്‍

കോടികളുടെ തട്ടിപ്പു നടന്ന നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റ് കേസില്‍ വിദേശ മന്ത്രാലയ ഉദ്യോഗസ്ഥന്‍ പ്രൊട്ടക്റ്റര്‍ ഒഫ് എമിഗ്രന്റ്‌സ് അഡോള്‍ഫ് ലോറന്‍സിനെ സിബിഐ അറസ്റ്റ് ചെയ്തു. കൊച്ചിയിലുള്ള സിബിഐ യൂണിറ്റ് ഓഫിസിലേക്ക് വിളിച്ചു വരുത്തിയായിരുന്നു അറസ്റ്റ്. കുവൈറ്റ് ആരോഗ്യകാര്യ മന്ത്രാലയത്തിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്ത് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ റിക്രൂട്ടിങ്ങ് ഏജന്‍സിയായ അല്‍ സറഫ ഏജന്‍സി ഉടമ ഉതുപ്പ് വര്‍ഗീസുമായി ഗൂഢാലോചന നടത്തിയതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നത്.

റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട നാലു തട്ടിപ്പ് കേസുകളിലെ ഒന്നാം പ്രതിയാണ് ലോറന്‍സ്. തട്ടിപ്പിനു കൂട്ടു നിന്ന ഇയാള്‍ അല്‍ സറഫയില്‍നിന്ന് മൂന്നു ലക്ഷം രൂപ പ്രതിഫലം കൈപറ്റിയതായി സ്ഥാപനത്തിലെ ജീവനക്കാര്‍ തന്നെ സിബിഐക്ക് മൊഴി നല്‍കിയിരുന്നു.

തട്ടിപ്പിലൂടെ ലഭിച്ച പണം നിയമവിരുദ്ധമായി വിദേശത്തേക്കു കടത്തിയതുമായി ബന്ധപ്പെട്ട് ഉതുപ്പിന്റെ സഹായി വി.എസ്. സുരേഷ് ബാബുവിനെ കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് അറസ്റ്റ് ചെയ്തിരുന്നു. റിക്രൂട്ട്‌മെന്റ് തട്ടിപ്പിലൂടെ സ്ഥാപനം 234 കോടി രൂപയിലേറെ തട്ടിയെടുത്തിട്ടുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ വിലയിരുത്തുന്നത്.

ഇതിനിടെ, മുഖ്യ പ്രതി ഉതുപ്പ് വര്‍ഗീസ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനു ശ്രമം തുടങ്ങിക്കഴിഞ്ഞു. കുവൈറ്റില്‍ ഒളിവില്‍ കഴിയുന്ന ഇയാള്‍ക്കായി സിബിഐ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും കൂടാതെ ഇന്റര്‍പോളിന്റെ സഹായം തേടുകയും ചെയ്തിട്ടുണ്ട്.

 

Scroll To Top