Tuesday September 25, 2018
Latest Updates

നഴ്സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പുകളും,കുതിരലായ കഥകളും : യാഥാര്‍ഥ്യങ്ങള്‍ പുറത്തുവരട്ടെ….

നഴ്സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പുകളും,കുതിരലായ കഥകളും : യാഥാര്‍ഥ്യങ്ങള്‍ പുറത്തുവരട്ടെ….

ഡബ്ലിന്‍: നഴ്സിംഗ് റിക്രൂട്ട് മെന്റുമായി ബന്ധപ്പെട്ട് അയര്‍ലണ്ടില്‍ ഉയരുന്ന തര്‍ക്കങ്ങള്‍ സഭ്യതയുടെ അതിര്‍വരമ്പുകളും സാമാന്യനീതിയും ലംഘിച്ചു മുന്നേറുകയാണോ?’ അത്തരമൊരു സംശയത്തിലാണ് ഇപ്പോള്‍ അയര്‍ലണ്ടിലെ മലയാളികള്‍.

നഴ്സിംഗ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് അയര്‍ലണ്ടില്‍ വിവാദമായിരിക്കുന്ന തര്‍ക്കങ്ങള്‍ അപ്രതീക്ഷിതമായി പൊട്ടിപുറപ്പെട്ടു എന്ന് കരുതാനാവില്ല.ഏതാനം നാളുകളായി യാതൊരു മുന്നറിയിപ്പുകളും വക വെയ്ക്കാതെ അയര്‍ലണ്ടിലെ മലയാളികളെ മുഴുവന്‍ വിഡ്ഢികളാക്കി പരസ്പരം പൊരുതുന്ന നഴ്സിംഗ് റിക്രൂട്ട്‌മെന്റ് മലയാളികളായ ഏജന്റുമാരുടെ മത്സരത്തിന്റെ ബാക്കി പത്രം മാത്രമാണ് ഇപ്പോഴത്തെ തര്‍ക്കങ്ങള്‍.

അതിനായി കുതിരാലയത്തിന്റെ കഥ മെനെഞ്ഞടുത്തു എന്നതാണ് സത്യം.ഐറിഷ് മലയാളി മുമ്പ് റിപ്പോര്‍ട്ട് ചെയ്തത് പോലെ അയര്‍ലണ്ടില്‍ ജോലി തേടി എത്തിയ ആറു നഴ്സുമാര്‍ക്ക്,നഴ്സിംഗ് ഹോമിന്റെ പെര്‍മിറ്റ് പുതുക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നം നിമിത്തം മുന്‍ ധാരണ പ്രകാരം ജോലിയില്‍ പ്രവേശിക്കാനായില്ല എന്നതൊഴിച്ചാല്‍ മറ്റൊരു പ്രശ്നവും ലീമെറിക്കില്‍ ഉണ്ടായിരുന്നില്ല.

ഏജന്റ് മുഖേനെ റിക്രൂട്ട് ചെയ്തുകൊണ്ട് വന്ന നഴ്സുമാരെ കൈയ്യൊഴിയാന്‍ നഴ്സിംഗ് ഹോം ഉടമ തയാറാല്ലായിരുന്നത് കൊണ്ടാണ് അയാള്‍ മറ്റു സ്ഥലങ്ങളിലേക്ക് അവര്‍ക്ക് ജോലി ചെയ്യാനുള്ള എന്‍ ഓ സി നല്‍കാതിരുന്നതും,താല്‍ക്കാലിക താമസവും,ഭക്ഷണചിലവിനുള്ള പണവും നല്‍കിയത്.

നഴ്സിംഗ് ഹോം ഉടമയുടെ നിര്‍ദേശമനുസരിച്ച് അയര്‍ലണ്ടിലേക്ക് നഴ്സുമാരുടെ സംഘം യാത്ര തിരിക്കും മുമ്പേ ഏജന്റ് ഇവരോട് യാത്ര മാറ്റി വെയ്ക്കാന്‍ അറിയിച്ചു എന്നാണ് പറയപ്പെടുന്നത്.ഇത് നഴ്സുമാരും സമ്മതിക്കുണ്ട്.എന്നാല്‍ ടിക്കറ്റടക്കം എല്ലാ കാര്യങ്ങളും തയാറായതിനെ തുടര്‍ന്ന് ഇവര്‍ അയര്‍ലണ്ടിലേക്ക് പുറപ്പെടുകയായിരുന്നു.

രണ്ടു മാസം ജോലി ചെയ്യാനാവാത്ത അവസ്ഥ തുടര്‍ന്നതോടെയുണ്ടായ സംഘര്‍ഷമാണ് അനാവശ്യ വിവാദങ്ങളിലേയ്ക്ക് വളര്‍ന്നത്.

കഴിഞ്ഞ ഒരു വര്‍ഷക്കാലമായി അയര്‍ലണ്ടില്‍ സ്വകാര്യ മേഖലയില്‍ ആവശ്യമായ നഴ്സുമാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതിനെ തുടര്‍ന്ന് ഭൂരിഭാഗം നഴ്സിംഗ് ഹോം ഉടമകളും ഏജന്റുമാരുടെ റിക്രൂട്ട്‌മെന്റ് കമ്മീഷന്‍ വെട്ടിക്കുറച്ചതാണ് ഏജന്റുമാരെ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പണം വാങ്ങാന്‍ പ്രേരിപ്പിച്ചത്,2014 മുതല്‍ കഴിഞ്ഞ വര്‍ഷം മെയ് മാസം വരെ വന്ന കൂടുതല്‍ നഴ്സുമാരും,എജന്ടുമാര്‍ക്ക് പണം കൊടുക്കാതെയോ,നാമമാത്ര സര്‍വീസ് ചാര്‍ജ് നല്‍കിയോ ആണ് ഇവിടെ എത്തിയത്.എന്നാല്‍ മുമ്പ് നല്‍കിയിരുന്ന മുന്തിയ കമ്മീഷന്‍ (അയ്യായിരം മുതല്‍ പതിനയ്യായിരം വരെ ഒരോ നഴ്സിനും കമ്മീഷന്‍ വാങ്ങിയവരുണ്ട്. തൊഴിലുടമകള്‍ നിഷേധിക്കുകയും,ഒപ്പം ഏജന്റ്മാര്‍ തമ്മിലുള്ള കിട മത്സരം മൂലം ചുരുങ്ങിയ കമ്മീഷന്‍ വാങ്ങി നഴ്സുമാരെ തൊഴിലുടമകള്‍ക്ക് സപ്ലെ ചെയ്യുകയും ചെയ്തതോടെ ഉദ്യോഗാര്‍ത്ഥികളെ കുത്തിപ്പിഴിഞ്ഞു പണം വാങ്ങാന്‍ ഏജന്റുമാര്‍ ‘നിര്‍ബന്ധിതരായി’!

ഇങ്ങനെ പണം വാങ്ങിയവരില്‍ ലീമെറിക്കില്‍ നഴ്സുമാരെ സപ്ലെ ചെയ്ത ഏജന്റ് മാത്രമല്ല,അയര്‍ലണ്ടിലെ ചെറുതും വലുതുമായ എല്ലാ നഴ്സിംഗ് ഏജന്റുമാരും ഉണ്ടെന്നതില്‍ യാതൊരു തര്‍ക്കവുമില്ല.വിദ്യാര്‍ഥികളായി പഠനത്തിനെത്തിയവരുടെയും,നഴ്സിംഗ് ജോലി ചെയ്യുന്നവരുടെയും ചെറുകിട ഏജന്‍സികള്‍ മുതല്‍,പോര്‍ക്ക് കച്ചവടക്കാരും,പലചരക്ക് കച്ചവടക്കാരും,വരെ വിദഗ്ദ സേവനത്തിനെത്തി.അച്ചന്‍ പട്ടം പൂര്‍ത്തിയാക്കാതെ തിരിച്ചു വന്ന് നഴ്സുമാരുടെ ഭര്‍ത്താക്കന്മാരായ അര ഡസനോളം പേരാണ് അയര്‍ലണ്ടില്‍ റിക്രൂട്ട്‌മെന്റ് രംഗത്ത് പരിലസിക്കുന്നത്!.പലരും പറയും പോലെ ശത കോടികളുടെ ഭൂസ്വത്തും സമ്പാദ്യവും ഉണ്ടാക്കിയവരും അയര്‍ലണ്ടില്‍ സ്വന്തമായി ഓഫിസും സ്റ്റാഫുമിട്ട് പ്രവര്‍ത്തിക്കുന്നവരും ഏറെ.സ്വകാര്യ നഴ്സിംഗ് ഹോമുകളിലെ വിരുതകളായ ചില നഴ്‌സ് മാനേജര്‍മാര്‍ മാത്രമല്ല,അവരുടെ കുടുംബാംഗങ്ങളും കൂടി ചേരുന്ന റിക്രൂട്ട് മെന്റ് കുടുംബങ്ങള്‍ വരെ ഇപ്പോള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.കുടുംബാംഗങ്ങളായ വൈദീകരെയും,കന്യാത്രീകളെയും ഉപയോഗിച്ചാണ് മറ്റൊരു കൂട്ടരുടെ കളി!

ഇത്രയധികം ഏജന്റുമാര്‍ സുഗമമായി പണം വാങ്ങിയിട്ടും എന്തോ കൊണ്ടാണ് അവരൊന്നും പെടാത്ത കുരുക്കില്‍ ലീമെറിക്കിലെ ഏജന്റ് മാത്രം ചെന്ന് പെട്ടു? ഐഇഎല്‍ ടി എസ് തട്ടിപ്പ് നടത്താനും,സര്‍ട്ടിഫിക്കേറ്റ് തിരുത്തി ജോലി നേടാനും വിദഗ്ദ ഉപദേശം കൊടുക്കുന്നവരൊക്കെ രക്ഷപ്പെടുന്നു?

ഉദ്യോഗാര്‍ത്ഥികളുടെ പേരില്‍ ഇ മെയില്‍ ഐ ഡി വരെയുണ്ടാക്കി ,അവര്‍ക്കായി മുന്‍ പരിചയത്തിന്റെ കള്ളസര്‍ട്ടിഫിക്കേറ്റും ഉണ്ടാക്കി ജോലി വാങ്ങി കൊടുമ്പോള്‍ ലക്ഷങ്ങള്‍ കമ്മീഷന്‍ വാങ്ങാന്‍ പാടില്ലേയെന്ന് പരസ്യമായി ചോദിക്കുന്നവരെയൊന്നും എന്ത് കൊണ്ടാണ് നമ്മുടെ പൊതു സമൂഹത്തിന് നേരിടാന്‍ കഴിയാത്തത്? ഐറിഷ് സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്ത്, അംഗീകൃത റിക്രൂട്ടിംഗ് ജോലിയാണ് തങ്ങള്‍ ചെയ്യുന്നത് എന്ന് മേനി പറയുമ്പോഴും അവര്‍ പരസ്പരം ഒരുക്കുന്ന ചതിക്കുഴികള്‍ നമ്മുടെ നഴ്സിംഗ് സമൂഹത്തിന് മാത്രമല്ല,മലയാളിയ്ക്ക് മൊത്തം നാണക്കേടാണെന്ന് അവര്‍ പഠിക്കാത്തത് എന്താണ്? നാളെ മുതല്‍ ‘ഐറിഷ് മലയാളി’യില്‍ വായിക്കുക…

പലതവണ ‘ഐറിഷ് മലയാളി’ നഴ്സുമാരെ വിഷയം പൊതുജനസമക്ഷം അവതരിപ്പിച്ചിട്ടുണ്ട്.കഴിഞ്ഞ ഏതാനം മാസങ്ങള്‍ക്കുള്ളില്‍ മാത്രം ആയിരക്കണക്കിന് പേര്‍ ഷെയര്‍ ചെയ്തു ചാര്‍ച്ചാവിഷയമാക്കിയ വാര്‍ത്തകളുടെ ലിങ്കുകള്‍ താഴെ പുനഃപ്രസിദ്ധീകരിക്കുന്നു.

ഐറിഷ് മലയാളി’യ്ക്ക് ഏതെങ്കിലും പ്രത്യേക താത്പര്യം ഏതെങ്കിലും കക്ഷികളുടെ പേരില്‍ ഉണ്ടെന്ന് ആരോപിക്കുന്നവര്‍ ഓര്‍ക്കുക….ഈ വാര്‍ത്തകളൊക്കെ ശത്രുക്കളുടെ എണ്ണം കൂട്ടാന്‍ മാത്രമേ സഹായിച്ചിട്ടുള്ളു.എങ്കിലും ഈ വാര്‍ത്തയുടെ ലിങ്കുകളിലൂടെ ഒട്ടേറെ പേര്‍ക്ക് കൃത്യമായ ദിശാബോധം നല്‍കാനും ,തിരഞ്ഞെടുപ്പ് നടത്താനും കഴിഞ്ഞുവെന്ന് ഒരു എഡിറ്റര്‍ എന്ന നിലയില്‍ എനിക്ക് ഉറപ്പുണ്ട്.ശരി എഴുതുന്നതിന്റെ പേരില്‍ കൂടുതല്‍ ശത്രുക്കള്‍ രംഗത്തിറങ്ങിയാലും അത്തരം ദുരാരോപണങ്ങളെ നേരിടാന്‍ ആയിരക്കണക്കിന് വായനക്കാര്‍ നിശബ്ദമായെങ്കിലും ഞങ്ങളോടൊപ്പമുണ്ട് എന്നത് ഒരാശ്വാസമാണ് എന്നതും നന്ദിയോടെ ഓര്‍ക്കട്ടെ..

റെജി സി ജേക്കബ് (എഡിറ്റര്‍)

RELATED LINKS:
അയര്‍ലണ്ടിലേക്ക് പോരാനൊരുങ്ങുന്ന ഇന്ത്യന്‍ നഴ്‌സുമാരുടെ ശ്രദ്ധയ്ക്ക്,’പോന്നോളൂ ..പക്ഷേ …’
http://irishmalayali.com/fraud-documents-inmb-checknews-ireland/

അയര്‍ലണ്ടിലെ നഴ്‌സിംഗ്-ഐഇഎല്‍ടിഎസ് തട്ടിപ്പ്: സ്വകാര്യ ഏജന്റുമാരെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഏജന്‍സി വഴി ഇന്റര്‍വ്യൂ അടുത്ത ആഴ്ച്ച മുതല്‍
http://irishmalayali.com/nursing-recruitment-ireland-news/

അയര്‍ലണ്ടില്‍ എത്തുന്ന പുതിയ നഴ്‌സുമാര്‍ക്ക് ലഭിക്കുന്നത് മണിക്കൂറിന് 10 യൂറോ ശമ്പളം!തൊഴിലുടമകള്‍ ചൂഷണം ചെയ്യുന്നുവെന്ന് ഉദ്യോഗാര്‍ഥികള്‍,പുറത്തുവരുന്നത് റിക്രൂട്ട്മെന്റ് ഏജന്റുമാരുടെ കള്ളക്കളികള്‍

http://irishmalayali.com/new-recruited-nurses-to-ireland-contract-violation-news/

അയര്‍ലണ്ടിലേയ്ക്കുള്ള നഴ്‌സിംഗ് ഇന്റര്‍വ്യൂവിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം 

http://www.irishmalayali.ie/nursing-recruitment-ireland/


 

 

Scroll To Top