Friday December 09, 2016
Latest Updates

നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റ്; എമിഗ്രേഷന്‍ നടപടികള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തെഴുതി

നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റ്; എമിഗ്രേഷന്‍ നടപടികള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തെഴുതി

മേയ് 30 ന് മുമ്പ് ഇന്റര്‍വ്യൂ നടപടികള്‍ പൂര്‍ത്തിയാക്കി തിരഞ്ഞെടുക്കപ്പെട്ട എല്ലാ നഴ്‌സുമാര്‍ക്കും എമിഗ്രേഷന്‍ ക്ലിയറന്‍സ് ഒഴിവാക്കാമെന്ന ഉറപ്പ് കേന്ദ്ര സര്‍ക്കാര്‍ പാലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന് കത്തയച്ചു.

സംസ്ഥാന പ്രവാസികാര്യ മന്ത്രിമാരുടെ സമ്മേളനത്തില്‍ മന്ത്രി കെ.സി. ജോസഫിന്റെ നിര്‍ദേശം അംഗീകരിച്ചുകൊണ്ട്, എമിഗ്രേഷന്‍ നടപടികള്‍ ഒഴിവാക്കാമെന്ന് വിദേശകാര്യ മന്ത്രി ഉറപ്പ് നല്‍കിയിരുന്നു. ഇത് നടപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നഴ്‌സിംഗ് രംഗത്തെ റിക്രൂട്ട്‌മെന്റ് തട്ടിപ്പ് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ മുഖ്യമന്ത്രി സ്വാഗതം ചെയ്തു.

എന്നാല്‍ ഇത് നടപ്പാകണമെങ്കില്‍ എമിഗ്രേഷന്‍ ക്‌ളിയറന്‍സ് നിര്‍ബന്ധമാക്കിയ 18 രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ അതത് രാജ്യങ്ങളിലെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ സ്വീകരിക്കണം. കുവൈറ്റ് ഒഴികെ ഒരു രാജ്യത്തെയും ഇന്ത്യന്‍ എംബസികള്‍ ഇതുവരെ ഈ കാര്യത്തില്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. അതിനാല്‍ 18 രാജ്യങ്ങളിലേക്ക് മേയ് 30 ന് ശേഷം ഇന്ത്യയില്‍ നിന്നും ആര്‍ക്കും ജോലിക്ക് പോകാന്‍ കഴിയുന്നില്ല. ഈയവസരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി പ്രശ്‌നത്തില്‍ ഇടപെട്ടില്ലെങ്കില്‍ ഇന്ത്യക്കാര്‍ക്ക് ലഭിക്കേണ്ട അവസരങ്ങള്‍ നഷ്ടപ്പെടുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

 

Scroll To Top