Sunday December 04, 2016
Latest Updates

നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റ് കേസില്‍ കേരളം ആസ്ഥാനമായി 400 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായി സി ബി ഐ

നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റ് കേസില്‍ കേരളം ആസ്ഥാനമായി 400 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായി സി ബി ഐ

ചുരുങ്ങിയ കാലയളവിനുള്ളില്‍ കേരളം ആസ്ഥാനമായി നടത്തപ്പെട്ടത് 400 കോടിയോളം രൂപയുടെ കള്ളപ്പണ ഇടപാടെന്ന് സി ബി ഐ. ഇതില്‍ ഭൂരിഭാഗവും അടുത്തിടെ വിവാദമായ നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റ് കേസുമായി ബന്ധപെട്ടാണ് നടന്നതെന്നും സി ബി ഐ വൃത്തങ്ങള്‍ പറയുന്നു. ആദായനികുതി വകുപ്പ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സി ബി ഐ നിഗമനം.

കുവൈത്ത് നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റ് കേസില്‍ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാത്യു ഇന്റര്‍നാഷണല്‍ റിക്രൂട്ടിങ്ങ് ഏജന്‍സി 100 കോടിയിലേറെ രൂപയുടെ കള്ളപ്പണ ഇടപാട് നടത്തിയെന്നാണ് സി ബി ഐ റിപ്പോര്‍ട്ട്. കേസില്‍ നേരത്തെ പ്രതി ചേര്‍ക്കപ്പെട്ട കൊച്ചിയിലെ അല്‍സഫറ റിക്രൂട്ടിങ്ങ് ഏജന്‍സി 240 കോടിയിലേറെ രൂപയുടേയും തട്ടിപ്പ് നടത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് മറ്റ് ആറ് ഏജന്‍സികളെ കൂടി സി ബി ഐ നിരീക്ഷിച്ചു വരികയാണ്.

കേസില്‍ മാത്യു ഇന്റര്‍നാഷണലിനേയും മറ്റ് ഏജന്‍സികളേയും ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനായി നാളെ വരെ കാത്തിരിക്കാന്‍ സി ബി ഐക്ക് നിയമോപദേശം ലഭിച്ചു. നാളെയാണ് അല്‍സഫറ ഉടമ ഉതുപ്പ് വര്‍ഗ്ഗീസിന്റെ മുന്‍കൂര്‍ ജാമാപ്യേക്ഷയില്‍ തീരുമാനമാവുക. വിദേശ അധോലോക ബന്ധവും, കള്ളക്കടത്തുമുള്‍പ്പടെ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുന്നതിനാല്‍ മുന്‍പ് അഞ്ചുതവണ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം മാറ്റി വയ്ക്കപ്പെട്ടിരുന്നു. എന്നാല്‍ കേസ് അനന്തമായി നീളുന്നതോടെ കുവൈറ്റില്‍ സ്വൈര്യമായി പണപ്പിരിവ് നടത്താന്‍ ഉതുപ്പിന് അവസരം ഒരുങ്ങുന്നതായി സി ബി ഐ ആരോപിക്കുന്നു.

 

 

 

 

Scroll To Top