Sunday March 25, 2018
Latest Updates

അയര്‍ലണ്ടിലെ മലയാളി നഴ്സുമാര്‍ എന്ത് കൊണ്ടാണ് ഇപ്പോഴും രാജ്യം വിട്ടുപോകാന്‍ തയ്യാറെടുക്കുന്നത്? പൊരുതി നേടാന്‍ മടിക്കുന്നതെന്തിന് ?

അയര്‍ലണ്ടിലെ മലയാളി നഴ്സുമാര്‍ എന്ത് കൊണ്ടാണ് ഇപ്പോഴും രാജ്യം വിട്ടുപോകാന്‍ തയ്യാറെടുക്കുന്നത്? പൊരുതി നേടാന്‍ മടിക്കുന്നതെന്തിന് ?

ഡബ്ലിന്‍:അയര്‍ലണ്ടില്‍ നിന്നും പുറം രാജ്യങ്ങളില്‍ ജോലിയന്വേഷിച്ചു പോകുന്ന നഴ്സുമാരുടെ എണ്ണം കൂടുന്നതായാണ് ഈയിടെയുള്ള റിപ്പോര്‍ട്ട്. പലരും തിരികെ ഇവിടേയ്ക്ക് വരാന്‍ പോലും ആഗ്രഹിക്കാതെ വിദേശരാജ്യങ്ങളില്‍ സ്ഥിരതാമസക്കാരാകുകയും ചെയ്യുന്നു. നഴ്സുമാരെ ഇവിടേയ്ക്ക് ആകര്‍ഷിക്കാനായി സര്‍ക്കാരും മറ്റ് അധികൃതരും കൊട്ടിഘോഷിച്ചു കൊണ്ടുവന്ന പല പദ്ധതികളും ദയനീയമായി പരാജയപ്പെടുന്ന കാഴ്ചയും നമ്മള്‍ കണ്ടു കഴിഞ്ഞു. ശമ്പളക്കുറവ്, ജോലിഭാരം എന്നിങ്ങനെ നിരവധി കാരണങ്ങളാണ് ഇതിന് കാരണമായി പറയുന്നത്.

എന്തുകൊണ്ടാണ് നഴ്സുമാര്‍ അയര്‍ലണ്ട് വിട്ടുപോകുന്നത്? ഓസ്ട്രേലിയക്ക് കുടിയേറിയ ഐറിഷ് നഴ്സായ കിം റൂണി അയര്‍ലണ്ടിലെ ഒരു ദേശിയ മാധ്യമത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയത് ഇങ്ങനെയായിരുന്നു:

കഴിഞ്ഞ നാലു വര്‍ഷമായി ഓസ്ട്രേലിയയില്‍ നഴ്സായി ജോലി ചെയ്തുവരികയാണ് ഐറിഷുകാരിയായ കിം റൂണി. നഴ്സിങ്ങില്‍ ഹോണ്ഴേസ് ഡിഗ്രിയുമായി 2011ല്‍ ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജില്‍ നിന്നാണ് കിം പഠനം പൂര്‍ത്തിയാക്കിയത്. ശേഷം നോര്‍ത്ത് ഡബ്ലിനിലെ ഒരു പ്രൈവറ്റ് ഹോസ്പിറ്റലില്‍ ജോലിക്ക് ചേര്‍ന്നു. എന്നാല്‍ ജോലിക്ക് സ്ഥിരതയില്ല എന്ന് മനസ്സിലായതോടെ തൊട്ടുത്ത വര്‍ഷം കിം ജോലിയന്വേഷിച്ച് ഓസ്ട്രേലിയയിലേയ്ക്ക് പറന്നു.

അയര്‍ലണ്ടില്‍ ജോലി ചെയ്തിരുന്നപ്പോള്‍ സ്വന്തമായി യാതൊരു സമ്പാദ്യവും തനിക്കുണ്ടായിരുന്നില്ലെന്ന് കിം പറയുന്നു. എന്നാല്‍ ഇപ്പോള്‍ ഓസ്ട്രേലിയയില്‍ വീട്ടുവാടക, ബില്ലുകള്‍ എന്നിവയെല്ലാം അടച്ചുകഴിഞ്ഞാലും മിച്ചം തുക എല്ലാം മാസവും സമ്പാദ്യത്തിലേയ്ക്ക് കൂട്ടിവയ്ക്കാന്‍ കഴിയും- കിം പറയുന്നു.

2011ല്‍ ആദ്യം ഓസ്ട്രേലിയയിലെത്തിയ കിമ്മിന് അവിടുത്തെ ജീവിതരീതി വളരെ ഇഷ്ടപ്പെട്ടു. ഓസ്ട്രേലിയയില്‍ ജോലി ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ തിരികെ അയര്‍ലണ്ടിലെത്തി. അയര്‍ലണ്ടില്‍ നിന്നും കൂടുതല്‍ വര്‍ക്ക് എക്സ്പീരിയന്‍സ് ലഭിച്ച ശേഷം വീണ്ടും ഓസ്ട്രേലിയയിലെത്തി ജോലി നേടി.

ഓസ്ട്രേലിയയില്‍ നഴ്സുമാര്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങള്‍ ഏറെയാണെന്ന് കിം പറയുന്നു. അയര്‍ലണ്ടില്‍ നഴ്സുമാര്‍ക്ക് വര്‍ഷത്തില്‍ നാല് ആഴ്ചയാണ് ലീവ് ലഭിക്കുക. എന്നാല്‍ ഓസ്ട്രേലിയയില്‍ ഇത് ആറ് ആഴ്ചയാണ്. കൂടാതെ ഓരോ മാസവും ഒരു ദിവസം ശമ്പളത്തോടുകൂടിയും ലീവെടുക്കാം. ഇതിനെല്ലാം പുറമെ ‘സാലറി സാക്രിഫൈസിങ്’ എന്ന പേരില്‍ പലവിധ സേവിങ് ഇന്‍സന്റീവുകളും ഓസ്ട്രേലിയയില്‍ നഴ്സുമാര്‍ക്ക് നല്‍കപ്പെടുന്നു. ഇതിന്റെ ഭാഗമായി വാടക ഇനത്തില്‍ 9,000 ഡോളറും , ഭക്ഷണം, വിനോദം എന്നിവയ്ക്കായി 5,000 ഡോളറും ഇവര്‍ക്ക് ഓരോ വര്‍ഷവും ഇന്‍സന്റീവായി ലഭിക്കുന്നു. മാത്രമല്ല കമ്പനി വക കാര്‍, കമ്പനി വക ഫോണ്‍ എന്നീ സൗകര്യങ്ങളും തനിക്കുണ്ടെന്ന് കിം കൂട്ടിച്ചേര്‍ത്തു. നഴ്സുമാര്‍ക്ക് ഓസ്ട്രേലിയയില്‍ സുഖകരമായ ജീവിതമാണെന്നും കിം പറയുന്നു.

നാട്ടിലെ നഴ്സിങ് മേഖലയില്‍ ജോലി ചെയ്യുന്ന സുഹൃത്തുക്കളുമായി സംസാരിക്കുമ്പോള്‍ അവര്‍ ഏറെ പരിവേദനം പറയാറുള്ളതായി കിം പറയുന്നു. അവര്‍ എപ്പോഴും ബില്ലുകളെപ്പറ്റിയും, സമ്പാദ്യം ഇല്ലാത്തതിനെപ്പറ്റിയും ആകുലരാണ്. ശരിക്ക് ഒരു അവധി പോലും എടുക്കനാകാത്ത സാഹചര്യമാണ് അവര്‍ക്ക്. അതേസമയം ജോലിഭാരം ഏറെയുള്ളപ്പോള്‍പ്പോലും, വേണ്ടത്ര പരിഗണന ലഭിക്കുന്നുമില്ല അയര്‍ലണ്ടിലെ നഴ്സുമാര്‍ക്ക്.

അയര്‍ലണ്ടിലെ ഭവനപ്രതിസന്ധിയെയും കിം പരാമര്‍ശിച്ചു. നിലവില്‍ വന്‍ തുക ഡെപ്പോസിറ്റ് നല്‍കിയാല്‍ മാത്രമേ അയര്‍ലണ്ടില്‍ ഒരു വീട് വാങ്ങാന്‍ കഴിയൂ. വാടകവീടുകള്‍ക്കാണെങ്കില്‍ പലപ്പോഴും താങ്ങാന്‍ പറ്റാത്തത്ര മാസ വാടകയും. ഇതിനു പുറമെ കാര്‍ ഇന്‍ഷുറന്‍സും നഴ്സിങ് മേഖലയിലടക്കം ജോലി ചെയ്യുന്നവരുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്നു.

കിമ്മിനും ബോയ്ഫ്രണ്ടിനും ഈയിടെ ഓസ്ട്രേലിയയില്‍ സ്ഥിരതാമസത്തിന് അനുമതി ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഇത്രയും സൗകര്യങ്ങള്‍ ഇവിടെ ലഭിക്കുമ്പോള്‍ തിരികെ അയര്‍ലണ്ടില്‍ വന്ന് ജോലി ചെയ്യാന്‍ തനിക്ക് താല്‍പര്യമില്ലെന്നും കിം വ്യക്തമാക്കുന്നു.

ഇതാണ് അയര്‍ലണ്ട് വിട്ടുപോയ മിക്ക നഴ്സുമാരും ഒരേ മനസോടെ ആവര്‍ത്തിക്കുന്നത്.’നിലവിലുള്ള അവസ്ഥയില്‍ അയര്‍ലണ്ടിലേക്ക് തിരിച്ചുവരുന്നില്ല!

സമരം ഈ വര്‍ഷം തന്നെ…ഇനി പൊരുതി വാങ്ങണം ..
അയര്‍ലണ്ടില്‍ നഴ്സിങ് ജോലിക്ക് ആളെ കിട്ടാനില്ലെന്ന കാര്യം ഐ.എന്‍.എം.ഒ ജനറല്‍ സെക്രട്ടറി ലിയാം ഡോറന്‍ കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ചു. ശരിയായ ആനുകൂല്യങ്ങള്‍ നല്‍കാന്‍ കഴിയാത്തതാണ് ഇതിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വര്‍ഷം അവസാനിക്കും മുമ്പ് ഒരു നഴ്സിങ് സമരം എന്ന സാധ്യത അദ്ദേഹം തള്ളിക്കളഞ്ഞുമില്ല.

2011നും 2015നും ഇടയില്‍ യോഗ്യത നേടിയവര്‍ക്ക് ഇന്‍ക്രിമെന്റല്‍ ക്രെഡിറ്റ് നല്‍കണമെന്നാവശ്യപ്പെട്ട് നഴ്സുമാര്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റിനു മുന്നില്‍ പ്രതിഷേധിച്ചിരുന്നു. ഈ കാലയളവിനു മുമ്പും പിന്‍പും യോഗ്യത നേടിയ ഇവരുടെ സഹപ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്നതിനെക്കാള്‍ 1,400ഓളം യൂറോ കുറവാണ് ഇവര്‍ക്ക് ലഭിക്കുന്ന ശമ്പളം.

ഫേസ്ബുക്കില്‍ ഒരു ഐറിഷ് നഴ്സ് കുറിച്ചത് ഇങ്ങനെ: ‘എന്റെ കുഞ്ഞിന് മതിയാകുന്നത്ര ഭക്ഷണം നല്‍കാനോ, കാര്‍ ടാക്സ്, ഇന്‍ഷുറന്‍സ്, ഇലക്ട്രിസിറ്റി ബില്‍ എന്നിവ അടയ്ക്കാനോ എനിക്ക് (ഇപ്പോള്‍ ലഭിക്കുന്ന ശമ്പളം കൊണ്ട്) കഴിയുന്നില്ല. മഞ്ഞുകാലത്ത് ഹീറ്റര്‍ വാങ്ങാന്‍ പണമില്ലാത്തതിനാല്‍ കൊടിയ തണുപ്പിലാണ് കഴിയുന്നത്. പുതിയ വസ്ത്രങ്ങള്‍ വാങ്ങാന്‍ പണമില്ലാത്ത എന്റെ സോക്സുകള്‍ നിറയെ ദ്വാരങ്ങളാണ്. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പരിപാടികളിലോ ചടങ്ങുകളിലോ പണമില്ലാത്തതിനാല്‍ പങ്കെടുക്കാന്‍ കഴിയുന്നുമില്ല.’

ആയിരക്കണക്കിന് നഴ്സുമാരാണ് ഇന്ത്യയില്‍ നിന്നുമെത്തി അയര്‍ലണ്ടില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത്.ഇവരുടെ അവസ്ഥയും വ്യത്യസ്തമൊന്നുമല്ല.ഇവരില്‍ കൂടുതല്‍ പേര്‍ക്കും ഇപ്പോള്‍ ഐറിഷ് പൗരത്വം ലഭിച്ചു കഴിഞ്ഞു(അവകാശങ്ങള്‍ കൃത്യമായി ലഭിക്കുന്നില്ലെങ്കില്‍ ഒരു സമരത്തില്‍ പങ്കെടുക്കാന്‍ പോലും കാലമായെന്നു ചുരുക്കം).അയര്‍ലണ്ടിലെ ഇന്ത്യന്‍ നഴ്സുമാര്‍ ഐ എന്‍ എം ഓയോ മറ്റു യൂണിയനുകളോ സംഘടിപ്പിക്കുന്ന അവകാശ സമരങ്ങളില്‍ നിന്നും മാറി നില്‍ക്കുന്ന പതിവാണുള്ളത്.ന്യായമായ വേതനത്തിന് വേണ്ടിയുള്ള ദേശീയമായ സമര മുന്നേറ്റങ്ങളിലെങ്കിലും പങ്കെടുക്കുവാനുള്ള തയാറെടുപ്പുകള്‍ ഇന്ത്യയില്‍ നിന്നുള്ള നഴ്സുമാര്‍ അയര്‍ലണ്ടില്‍ നടത്തേണ്ടതുണ്ട്.ഒപ്പം ആശയപ്രചാരണവും.

ന്യായമായ വേതനത്തില്‍ ഉപരിയായ പ്രശ്നമാണ് അശാസ്ത്രീയമായ സമയക്രമം.12 മണിക്കൂര്‍ ജോലിയാണ് ചെയ്യേണ്ടതെങ്കിലും അതില്‍ കൂടുതലാണ് മുപ്പത് ശതമാനം നഴ്സുമാരും ഒരു ദിവസം ചെയ്യേണ്ടി വരുന്നതെന്ന് പഠനങ്ങള്‍ തന്നെയുണ്ട്.നഴ്സുമാര്‍ കുടുംബിനികളും അമ്മമാരുമാണ് എന്ന യാഥാര്‍ഥ്യം മറന്നാണ് മിക്ക ആശുപത്രികളും നഴ്‌സ് മാനേജര്‍മാരും അവരെ കൊണ്ട് ജോലിയെടുപ്പിക്കുന്നത്.ആശയപ്രചാരണത്തില്‍ കൂടി,നിലവിലുള്ള ജോലി സമയം കുറയ്ക്കാന്‍ വേണ്ടി പൊരുതുക എന്നതാണ് ആയുസിനും ആരോഗ്യത്തിനും അടുത്ത തലമുറയ്ക്കും വേണ്ടി നഴ്സുമാര്‍ അടിയന്തരമായി ചെയ്യാനായുള്ളത്.8 മണിക്കൂര്‍ ഡ്യൂട്ടി എന്ന സാര്‍വദേശീയ നയം പ്രാവര്‍ത്തികമാക്കുക എന്നത് തന്നെയാണ് ഇവിടെയും കരണീയം.

ഐഎന്‍എംഓ പോലെ തന്നെ ഓവര്‍സീസ് മൈഗ്രന്റ് നഴ്സുമാരുടെ ഒരു കൂട്ടായ്മ നിലവിലില്ലാത്തതും അഭിപ്രായരൂപീകരണത്തില്‍ നമ്മുടെ നഴ്സുമാര്‍ അവഗണിക്കപ്പെടാന്‍ കാരണമാവുന്നുണ്ട്.അയര്‍ലണ്ടിലെ ആതുരശുശ്രൂഷാ രംഗത്തു പ്രവര്‍ത്തിക്കുന്നവരില്‍ നല്ലൊരു ശതമാനം വരുന്ന വിദേശ നഴ്സുമാരുടെ ഏകോപനം അതുകൊണ്ടു തന്നെ ആവശ്യമാണ്.ഇന്ത്യന്‍ നഴ്സുമാര്‍ തന്നെ അത് തുടങ്ങി വെയ്ക്കുവാന്‍ മടിക്കേണ്ടതില്ല.

എന്തുകൊണ്ട് അയര്‍ലണ്ടിലെ എല്ലാ ആശുപത്രികളിലും ഇന്ത്യന്‍ നഴ്സുമാരുടെ ഒരു സംഘടന അഥവാ ‘കള്‍ച്ചറല്‍ ഗ്രൂപ്പ്’ ഉണ്ടാക്കിയെടുക്കാന്‍ നമുക്ക് ശ്രമിച്ചു കൂടാ? ഒരു സാംസ്‌കാരിക ധാരയില്‍ നിന്നും വന്നവര്‍ എന്ന നിലയിലുള്ള ഒരു കൂടിച്ചേരലിന് ആരും അനുമതി നിഷേധിക്കാന്‍ സാധ്യതയില്ല.അഥവാ അത്തരം ഒരു ഗ്രൂപ്പ് വര്‍ക്ക് പ്‌ളേസിന് പുറത്തായി ഒന്നിച്ചു കൂടുന്നതിനെ ആര്‍ക്കും തടയാനാവില്ല.സാംസ്‌കാരികമായ തനിമ സൂക്ഷിക്കാന്‍ ഒന്ന് ചേരുന്നതിനൊപ്പം അവകാശങ്ങള്‍ക്കു വേണ്ടി പൊരുതാനും,മെച്ചപ്പെട്ട ജോലിസമയവും,ജോലി സ്ഥിരതയും,വേതനവും ഉറപ്പുവരുത്തുവാനും,തൊഴില്‍ തര്‍ക്കങ്ങളിലോ,ജോലിസ്ഥലത്തെ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ക്ക് ഒന്ന് ചേര്‍ന്ന് പരിഹാരം നേടിയെടുക്കാനുമുള്ള
വേദിയാവണം അത്തരം ഓരോ കൂട്ടായ്മകളും.

ഡബ്ലിന്‍ ബസ് ഡ്രൈവര്‍മാര്‍ വര്‍ഷങ്ങള്‍ നീണ്ട സമരത്തിനൊടുവില്‍ കഴിഞ്ഞ ആഴ്ച നേടിയെടുത്തത് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ മാത്രമാണ്.ഗാര്‍ഡ സമരത്തിനിറങ്ങും മുമ്പേ അവരാവശ്യപ്പെടുന്ന ‘അവകാശങ്ങള്‍’ ന്യായമാണെന്ന് പറയുന്ന മന്ത്രിമാര്‍ തന്നെയുള്ള രാജ്യമാണിത്.പിന്നെ എന്ത് കൊണ്ടാണ് നഴ്സുമാര്‍ അവഗണിക്കപ്പെടുന്നത്?നഴ്സുമാരുടെ സേവനത്തെ വില കുറച്ചു കാണുന്നവരല്ല ഐറിഷ് ജനത.ഒരു കാലത്ത് ഐറിഷ് നഴ്സുമാര്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്നവരായിരുന്നു.കഴിഞ്ഞ വര്‍ഷം പുറത്തുവന്ന ഒരു പഠനമനുസരിച്ചും ശമ്പളത്തില്‍ കാര്യമായ കുറവൊന്നും ഉണ്ടായിട്ടില്ലെങ്കിലും അയര്‍ലണ്ടിലെ ജീവിതച്ചിലവ് കുതിച്ചുയര്‍ന്നതിനാല്‍ ഒരു സമ്പാദ്യവും ഇല്ലാത്തവരുടെ പട്ടികയിലും ഐറിഷ് നഴ്സുമാരുണ്ട്! കൂടുതല്‍ ജോലി സമയവും,ആവശ്യത്തിന് നഴ്സുമാര്‍ ലഭ്യമല്ലാത്തതു കൊണ്ടുള്ള ജോലിഭാരവും പേറുന്ന നഴ്സുമാരാണ് ഡ്രൈവര്‍മാരെക്കാളും,ഗാര്‍ഡയെക്കാളും മുമ്പേ പരിഗണനയര്‍ഹിക്കുന്നവര്‍ എന്ന് കരുതുന്നവരാണ് ഭൂരിപക്ഷം ഐറിഷ്‌കാരും.

സാഹചര്യങ്ങള്‍ നഴ്സുമാര്‍ക്ക് അനുകൂലമാണ്.പിന്നെന്തിനാണ് നാട് വിട്ടുപോകുന്നതടക്കമുള്ള ബദല്‍ മാര്‍ഗങ്ങള്‍ അവര്‍ അന്വേഷിക്കണം? അവകാശങ്ങള്‍ പൊരുതി നേടിയെടുക്കുന്നവരുടെ സംസ്‌കാരമുള്ളവരുടെ നാടാണ് ഇത്.മല പോലെ വന്ന വാട്ടര്‍ ചാര്‍ജ് എവിടെയാണിന്ന്? ബസ് ജീവനക്കാരും ഗാര്‍ഡായും പൊരുതി നേടുന്നത് എന്താണ് ?പിന്നെന്തു കൊണ്ട് നഴ്സുമാര്‍ മാറി നില്‍ക്കണം…’ഞാനും എന്റെ ഭര്‍ത്താവും പിന്നെ തട്ടാപ്പണിക്കനും മാത്രം മതി ഈ ലോകത്ത്’ എന്ന് പണ്ട് പറഞ്ഞ ഭാര്യയുടെ അവസ്ഥയിലേക്ക് മാറിപോകുന്നവരാവരുത് എന്ന് തന്നെ…

അയര്‍ലണ്ട് പോലെ സമ്പന്നവും,താരതമ്യേനെ സമാധാനപരവുമായ ഒരു രാജ്യം വിട്ടുപോകാന്‍ ആലോചിക്കും മുമ്പ് ഇവിടെ തന്നെ നിലനില്‍ക്കാനുള്ള മെച്ചപ്പെട്ട സാഹചര്യം സൃഷ്ടിക്കാനുള്ള അവസരങ്ങള്‍ ഉണ്ടാക്കിയെടുക്കേണ്ട കടമ ഇവിടെ കുടിയേറിയവര്‍ക്കും ഉണ്ട്. പൊതു ദേശിയ സമരമുന്നേറ്റമാര്‍ഗങ്ങള്‍ രൂപപ്പെടുത്തിയെടുക്കാന്‍ കേരളത്തില്‍ നിന്നുള്ള നഴ്സുമാര്‍ മാത്രം മതി!.ഒരു തീപ്പൊരി പോലെ മറ്റുള്ളവരെയും സമാനചിന്താഗതിയിലേക്ക് ആനയിക്കാനും,ഭാവിയില്‍ ഐഎന്‍എംഓ അടക്കമുള്ള സംഘടനകള്‍ നയിക്കാനൊരുങ്ങുന്ന സമരപരിപാടികള്‍ക്ക് ഊര്‍ജം പകരാനും നമുക്കാവണം.കുത്തകകളും ബാങ്കുകാരും നശിപ്പിച്ച ഐറിഷ് സമ്പദ് വ്യവസ്ഥയെ പുനരുദ്ധരിക്കാന്‍ ശമ്പളം വെട്ടികുറച്ചപ്പോള്‍ സാമ്പത്തിക അച്ചടക്കം പാലിച്ചവരാണ് നഴ്സുമാരും.രാജ്യത്തിന്റെ വളര്‍ച്ചയുടെ ഫലം പങ്കിടാനും അവര്‍ക്ക് അര്‍ഹതയുണ്ടെന്നതില്‍ തര്‍ക്കമില്ല.
ഐറിഷ് മലയാളി ന്യൂസ്
(NB:’അയര്‍ലണ്ടിലെ ഇന്ത്യന്‍ നഴ്സുമാരും മെച്ചപ്പെട്ട ജോലി-വേതന സാഹചര്യങ്ങള്‍ക്ക് വേണ്ടി പൊരുതേണ്ടതുണ്ടോ?’മേല്‍ വിഷയത്തില്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍  infoirishmalayali@gmail.com എന്ന വിലാസത്തില്‍ അറിയിക്കാവുന്നതാണ് )

Scroll To Top