Wednesday December 07, 2016
Latest Updates

നഴ്‌സുമാര്‍ക്ക് 12 മണിക്കൂര്‍ നീണ്ട ഷിഫ്റ്റുകള്‍ ഒഴിവാക്കണമെന്ന് പഠനറിപ്പോര്‍ട്ട് 

നഴ്‌സുമാര്‍ക്ക് 12 മണിക്കൂര്‍ നീണ്ട ഷിഫ്റ്റുകള്‍ ഒഴിവാക്കണമെന്ന് പഠനറിപ്പോര്‍ട്ട് 

ഡബ്ലിന്‍:12 മണിക്കൂറുകള്‍ നീളുന്ന ഷിഫ്റ്റുകള്‍ നഴ്‌സുമാരെ ശാരീരികമായും മാനസികമായും തളര്‍ത്തുന്നുവെന്നും ജോലിയില്‍ അസംതൃപ്തി സൃഷ്ടിക്കുന്നുവെന്നും പഠന റിപ്പോര്‍ട്ട്. 12 യൂറോപ്യന്‍ രാജ്യങ്ങളിലെ 31,000 നഴ്‌സുമാര്‍ക്കിടയില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. യൂണിവേഴ്‌സിറ്റി ഓഫ് സൗത്താംപ്റ്റണിന്റെ നേതൃത്വത്തിലായിരുന്നു പഠനം. ഈ കണ്ടെത്തലുകള്‍ ദീര്‍ഘനേരം നീളുന്ന ഷിഫ്റ്റുകളെന്ന പതിവിനെ ചോദ്യം ചെയ്യാന്‍ വേണ്ട ധാരണ നഴ്‌സുമാര്‍ക്കും മാനേജര്‍മാര്‍ക്കും നല്‍കുമെന്നും നഴ്‌സുമാരുടെ കുറവ് പരിഹരിക്കാനുള്ള കുറുക്കുവഴി നിലവില്‍ ഉള്ളവരെക്കൊണ്ട് ഓവര്‍ടൈം ചെയ്യിക്കുന്നതല്ല എന്നും പഠനത്തിന് നേതൃത്വം നല്‍കിയവര്‍ പ്രത്യാശ പ്രകടിപ്പിക്കുന്നു.

ഇംഗ്ലണ്ടിലും അയര്‍ലണ്ടിലുമാണ് നഴ്‌സുമാര്‍ ഷിഫ്റ്റുകളില്‍ ദീര്‍ഘമായി ജോലി ചെയ്യേണ്ടിവരുന്നത്. പഠനത്തോട് പ്രതികരിച്ച 27 ശതമാനം പേര്‍ വൈകാരികമായി തളര്‍ച്ചനേരിടുന്നതായും, 10 ശതമാനം പേര്‍ തങ്ങള്‍ ഒറ്റപ്പെട്ടു പോയതായും 17 ശതമാനം പേര്‍ തങ്ങളുടെ ജോലിയില്‍ ഒന്നും ഫലപ്രദമായി ചെയ്യാന്‍ കഴിയുന്നില്ല എന്നും അഭിപ്രായപ്പെട്ടു. 26 ശതമാനം പേരാണ് ജോലിയില്‍ തങ്ങള്‍ അസംതൃപ്തരാണെന്നു തുറന്ന് സമ്മതിച്ചത്. 25 ശതമാനം പേര്‍ വര്‍ക്ക് ഷെഡ്യൂളിന്റെ കാഠിന്യത്തെക്കുറിച്ച് അസംതപ്തരാണ്. 33 ശതമാനം പേരും നിലവിലുള്ള ജോലി ഉപേക്ഷിക്കാന്‍ തയ്യാറായിക്കഴിഞ്ഞു. 

ചില രാജ്യങ്ങളില്‍ 12 മണിക്കൂറില്‍ കൂടുതലുളള ഷിഫ്റ്റുകള്‍ സാധാരണമാണെന്ന് ഗവേഷകര്‍ കണ്ടെത്തി. അയര്‍ലണ്ടില്‍ അഞ്ചില്‍ നാല് പേരും ദീര്‍ഘമായ ഷിഫ്റ്റുകളെക്കുറിച്ച് പ്രതികരിച്ചു. ഇതൊക്കെയാണെങ്കിലും നഴ്‌സുമാര്‍ തങ്ങളുടെ രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്താണെന്നും അവര്‍ സുരക്ഷിതമല്ലാത്ത മണിക്കൂറുകള്‍ ജോലി ചെയ്യണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്തിന്റെ വക്താവ് പഠനഫലത്തോട് പ്രതികരിച്ചുകൊണ്ട് പറഞ്ഞു.

Scroll To Top