Tuesday December 06, 2016
Latest Updates

അയര്‍ലണ്ടിലെ നഴ്സുമാര്‍ക്ക് ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ പണമില്ലെന്ന് സൂചന നല്‍കി ആരോഗ്യമന്ത്രി;ലാന്‍ഡ്സ്ഡൗണ്‍ കരാറിനെ ചൊല്ലി തര്‍ക്കം മുറുകുന്നു

അയര്‍ലണ്ടിലെ നഴ്സുമാര്‍ക്ക് ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ പണമില്ലെന്ന് സൂചന നല്‍കി ആരോഗ്യമന്ത്രി;ലാന്‍ഡ്സ്ഡൗണ്‍ കരാറിനെ ചൊല്ലി തര്‍ക്കം മുറുകുന്നു

ഡബ്ലിന്‍:ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് പൊതുജീവനക്കാര്‍ സമരത്തിനൊരുങ്ങവേ, ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാരിന്റെ കയ്യില്‍ പണമില്ലെന്ന പ്രസ്താവനയുമായി ആരോഗ്യമന്ത്രി സിമോണ്‍ ഹാരിസ്. ബജറ്റ് എന്നാല്‍ ബജറ്റ് തന്നെയാണെന്നും, അത്ഭുതപ്രവൃത്തിയുലൂടെ എടുത്തു നല്‍കാന്‍ പണമില്ലെന്നും പറഞ്ഞ ഹാരിസ്, ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെടുന്നവര്‍ (രാഷ്ട്രീയ കക്ഷികള്‍) അതിനുള്ള പണം എവിടെനിന്നു കിട്ടുമെന്ന് പറയാന്‍ ബാധ്യസ്ഥരാണെന്നും പറഞ്ഞു. ഐറിഷ് ഹോസ്പിറ്റലുകളില്‍ സ്റ്റാഫുകളുടെ അപര്യാപ്തത അനുഭവപ്പെടുന്നു എന്ന പ്രശ്നം നിലനില്‍ക്കെ തന്നെ, നഴ് സുമാരുടെയും ഡോക്ടര്‍മാരുടെയും ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ യാതൊരു മാര്‍ഗവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിനെതിരെ ഷിന്‍ ഫെന്‍ വക്താവ് ലൂയിസ് ഒ റെയ്ലി രംഗത്തു വന്നു. പണമില്ലെങ്കില്‍ ലാന്‍ഡ്സ്ഡൗണ്‍ കാരാറിനു വിരുദ്ധമായി ഗാര്‍ഡയ്ക്ക് എങ്ങനെ ശമ്പളം കൂട്ടി നല്‍കിയെന്ന് മന്ത്രി ഹാരിസ് വിശദീകരിക്കണമെന്ന് ഒ റെയ്ലി ആവശ്യപ്പെട്ടു. ആ തീരുമാനം ശരിയായില്ലെന്നും അദ്ദേഹം വിമര്‍ശനമുയര്‍ത്തി. എന്നാല്‍ തീരുമാനം ശരിയല്ല എന്നു വാദിക്കുന്നതിനു പകരം ശമ്പള വര്‍ദ്ധനവിനുള്ള പണം എവിടെയെന്നു ഒ റെയ്ലി കാണിച്ചുകൊടുക്കണമെന്ന് ഹാരിസ് തിരിച്ചടിച്ചു.

മറ്റുള്ളവര്‍ക്ക് നല്‍കാനില്ലാത്ത പണം ഗാര്‍ഡയ്ക്ക് മാത്രം എവിടെനിന്നു ലഭിച്ചു എന്നായിരുന്നു ഒ റെയ്ലിയുടെ മറുചോദ്യം. എന്നാല്‍ ഗാര്‍ഡയ്ക്ക് ശമ്പളം വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം സര്‍ക്കാരിന്റേതായിരുന്നില്ലെന്നും , ലേബര്‍ കോര്‍ട്ട് നിര്‍ദ്ദേശം സര്‍ക്കാര്‍ അംഗീകരിക്കുക മാത്രമായിരുന്നുവെന്നും ഹാരിസ് മറുപടി നല്‍കിയെങ്കിലും ഒ റെയ്ലിയെ ഈ ഉത്തരം തൃപ്തിപ്പെടുത്തിയില്ല. ലാന്‍ഡ്സ്ഡൗണ്‍ റോഡ് കരാര്‍ ലംഘിക്കപ്പെട്ടു എന്ന വാദത്തില്‍ അദ്ദേഹം ഉറച്ചുനിന്നു.

എന്നാല്‍ നഴ്സിംഗ് യൂണിയന്‍ നേതാക്കള്‍ നല്‍കുന്ന സൂചനകള്‍ അനുസരിച്ച് സര്‍ക്കാര്‍ വൃത്തങ്ങള്‍ ശമ്പളം കൂട്ടി നല്‍കുന്നതിനുള്ള സാധ്യതകള്‍ യൂണിയന്‍ നേതാക്കള്‍ക്ക് അവതരിപ്പിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട് എന്നതാണ്.സമരം ചെയ്യാനുള്ള ബാലറ്റ് ഉടന്‍ നടത്താന്‍ യൂണിയന്‍ തീരുമാനിച്ചിട്ടുണ്ട്.ശബളം കൂട്ടിത്തന്നില്ലെങ്കില്‍ സമരത്തിനിറങ്ങാനാണ് ഐഎന്‍എംഒ യുടെ നീക്കം.

Scroll To Top