Friday December 09, 2016
Latest Updates

റിറ്റെന്‍ഷന്‍ ഫീസ് വര്‍ധന: നഴ്‌സുമാരെ ആരോഗ്യമന്ത്രിയും കൈവിട്ടു,നാളെ മുതല്‍ ഫീസ് അടച്ചു തുടങ്ങണമെന്ന് ഐ എന്‍ എം ഓ 

റിറ്റെന്‍ഷന്‍ ഫീസ് വര്‍ധന: നഴ്‌സുമാരെ ആരോഗ്യമന്ത്രിയും കൈവിട്ടു,നാളെ മുതല്‍ ഫീസ് അടച്ചു തുടങ്ങണമെന്ന് ഐ എന്‍ എം ഓ 

ഡബ്ലിന്‍: നഴ്‌സുമാരുടെ രജിസ്‌ട്രേഷന്‍ ഫീസ് വര്‍ധിപ്പിച്ച സംഭവത്തില്‍ നഴ്‌സുമാരെ ആരോഗ്യമന്ത്രി ലിയോ വരേദ്കറും കൈവിട്ടു. രജിസ്‌ട്രേഷന്‍ ഫീസ് വര്‍ധന സംബന്ധിച്ച തര്‍ക്കം നഴ്‌സുമാര്‍ തന്നെ പരിഹരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.താന്‍ സാഹചര്യം നിരീക്ഷിച്ചു വരികയാണെന്നും ഇപ്പോള്‍ ഇടപെടാനാകില്ലെന്നും മന്ത്രി പറഞ്ഞു. 100 യൂറോ ആയിരുന്ന റിറ്റെന്‍ഷന്‍ ഫീസ് 150 യൂറോ ആയി വര്‍ധിപ്പിച്ചത് ജനുവരിയില്‍ നിലവില്‍ വന്നു. ഫെബ്രുവരി 28ന് മുമ്പ് ഫീസ് അടയ്ക്കണമെന്നാണ് ബോര്‍ഡിന്റെ നിര്‍ദ്ദേശം.എന്നാല്‍ വര്‍ധിപ്പിച്ച ഫീസ് ബഹിഷ്‌ക്കരിക്കുമെന്ന നിലപാടിലാണ് നഴ്‌സുമാരുടെ സംഘടനയായ ഐ.എന്‍.എം.ഒ. 

ഫീസ് വര്‍ധന സംബന്ധിച്ച് നഴ്‌സുമാരുടെ സംഘടനയും ബോര്‍ഡും തമ്മില്‍ ഭിന്നത വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രശ്‌നം പരിഹരിക്കാന്‍ വരെദ്കര്‍ ഇടപെടണമെന്ന് ഫിനാഫാള്‍ ആരോഗ്യ വക്താവ് ബില്ലി കെല്ലഹറാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ആശുപത്രികളുടെ പ്രവര്‍ത്തനത്തെയും രോഗികളെയും പ്രശ്‌നം പ്രതികൂലമായി ബാധിക്കുന്നതിന് മുമ്പ് ഇത് ബോര്‍ഡും നഴ്‌സുമാരും തമ്മില്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു. 

ആരോഗ്യവകുപ്പ് വക്താവാണ് മന്ത്രിയുടെ നിലപാട് അറിയിച്ചത്. എന്‍.എം.ബി.ഐയുടെ പ്രവര്‍ത്തനങ്ങളില്‍ മേല്‍നോട്ടം വഹിക്കുന്നതിനുള്ള അധികാരം ആരോഗ്യവകുപ്പിനുണ്ട്. എന്നാല്‍ റിറ്റെന്‍ഷന്‍ ഫീസ് നിശ്ചയിക്കാനുള്ള അധികാരം ബോര്‍ഡിനാണ്. അതുകൊണ്ട് തന്നെ നിലവിലെ സാഹചര്യത്തില്‍ ഇടപെടാനാകില്ലെന്നാണ് മന്ത്രിയുടെയും ആരോഗ്യ വകുപ്പിന്റെയും നിലപാട്.

ജനുവരി 5 ന് ശേഷം പഴയ നിരക്കിലുള്ള 100 യൂറോ ഫീസ് അടയ്ക്കാനുള്ള നിര്‍ദേശം നഴ്‌സിംഗ് യൂണിയനുകള്‍ അംഗങ്ങള്‍ക്ക് നല്കിയിട്ടുണ്ട്.ജനുവരി 9 ന് മുന്‍പായി ഫീസ് അടയ്‌ക്കേണം. ചാര്‍ജ് വര്‍ദ്ധനവ് പിന്‍വലിച്ചില്ലെങ്കില്‍ ഫെബ്രുവരി ആദ്യ വാരത്തില്‍ ഐ എന്‍ എം ഓ നഴ്‌സുമാര്‍ക്ക് വീണ്ടും കത്തയയ്ക്കുമെന്നും ബാക്കി തുക(50 യൂറോ) അപ്പോള്‍ അടച്ചാല്‍ മതിയാകുമെന്നുമാണ് യൂണിയനുകളുടെ നിലപാട്.ഫീസ് അടയ്ക്കത്തവരെ ഏപ്രില്‍ മാസത്തിലെ രജിസ്റ്ററില്‍ നിന്നും നീക്കം ചെയ്യുകയുള്ളൂ എന്നും യൂണിയനുകള്‍ വെളിപ്പെടുത്തി.

റിറ്റെന്‍ഷന്‍ ഫീസ് അടയ്ക്കാത്ത നഴ്‌സുമാരെ പ്രാക്ടീസ് ചെയ്യാന്‍ അനുവദിക്കേണ്ടതില്ല എന്ന കര്‍ശന നിലപാടിലാണ് അധികൃതര്‍.റിറ്റെന്‍ഷന്‍ ഫീസ് അടയ്ക്കാത്തവരെ ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്ന് എച്ച്.എസ്.ഇ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ടെന്ന് നഴ്‌സിംഗ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് വ്യക്തമാക്കി. 

Scroll To Top