Tuesday December 06, 2016
Latest Updates

നഴ്സുമാരെ അയര്‍ലണ്ടില്‍ പിടിച്ചു നിര്‍ത്താന്‍ പുതിയ ശമ്പളവ്യവസ്ഥ കൊണ്ടുവരാന്‍ സര്‍ക്കാര്‍ നീക്കം

നഴ്സുമാരെ അയര്‍ലണ്ടില്‍ പിടിച്ചു നിര്‍ത്താന്‍ പുതിയ ശമ്പളവ്യവസ്ഥ കൊണ്ടുവരാന്‍ സര്‍ക്കാര്‍ നീക്കം

ഡബ്ലിന്‍:അയര്‍ലണ്ടിലെ നഴ്സുമാര്‍ ജോലി തേടി വിദേശ രാജ്യങ്ങളിലേയ്ക്ക് ചേക്കേറുന്നത് തടയാനായി പുതിയ ശമ്പള വ്യവസ്ഥ കൊണ്ടുവരാന്‍ സര്‍ക്കാര്‍ നീക്കം. അയര്‍ലണ്ടില്‍ നിലവിലെ ശമ്പളം കുറവായതും, ജോലിഭാരം കൂടുതലായതും കാരണം നഴ്സുമാര്‍ യുകെ, ഓസ്ട്രേലിയ, മിഡില്‍ ഈസ്റ്റ് തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യാനായി പോകുന്നത് വര്‍ദ്ധിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം. നഴ്സുമാര്‍ക്കു പുറമെ ഡോക്ടര്‍മാരും രാജ്യം വിട്ടു പോകുന്നുണ്ട്. 2008ലെ സാമ്പത്തിക മാന്ദ്യത്തിനു ശേഷമാണ് ഈ സ്ഥിതിവിശേഷം സംജാതമാകുന്നത്.

ഇവിടെ നിന്നും കുടിയേറിയ നഴ്സുമാരെയും ഡോക്ടര്‍മാരെയും തിരികെയെത്തിക്കുന്നതിന്റെ ഭാഗമായി ആദ്യ പടിയെന്ന നിലയില്‍ മൊത്തത്തില്‍ ശമ്പളം വര്‍ദ്ധിപ്പിക്കാനാണ് പബ്ലിക് എക്സ്പെന്‍ഡിച്ചര്‍ ഡിപ്പാര്‍ട്ട്മെന്റ് ആലോചിക്കുന്നത്. ഐടി, ഫിനാന്‍ഷ്യല്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പൊതുജീവനക്കാരുടെയും ശമ്പളം വര്‍ദ്ധിപ്പിക്കും. മറ്റ് പല രാജ്യങ്ങളെയും അപേക്ഷിച്ച് ഈ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അയര്‍ലണ്ടില്‍ ലഭിക്കുന്ന ശമ്പളം കുറവാണ്.

ഇതിന് പുറമേ എല്ലാ പൊതുമേഖലാ ജീവനക്കാര്‍ക്കും ആയിരം യൂറോ വീതമുള്ള വര്‍ദ്ധനവ് മുന്‍കൂറായി നല്‍കി നിലവിലുള്ള സമരപരിപാടികള്‍ നിര്‍ത്തിവെയ്പ്പിക്കാനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. സര്‍ക്കാര്‍ സമിതികളും യൂണിയനുകളും തമ്മില്‍ നടക്കുന്ന ചര്‍ച്ചകളില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച് അടുത്ത സെപ്റ്റംബറില്‍ ആയിരം യൂറോ വീതം അഡ്വാന്‍സ് പേയ്മെന്റ് നല്‍കാമെന്ന വാഗ്ദാനമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.അടുത്ത ആഴ്ച യൂണിയനുകളുമായി നടക്കുന്ന ചര്‍ച്ചകള്‍ക്ക് ശേഷമാകും ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാവുക

Scroll To Top