Thursday September 21, 2017
Latest Updates

പ്രവാസികളെ ജീവിതശൈലി രോഗങ്ങള്‍ കാര്‍ന്നുതിന്നുന്നു

പ്രവാസികളെ ജീവിതശൈലി രോഗങ്ങള്‍ കാര്‍ന്നുതിന്നുന്നു

കേരളത്തിലെ പ്രവാസികളെ വിവിധ രോഗങ്ങള്‍ കാര്‍ന്ന് തിന്നുകയാണ്. ജീവിത ശൈലിയിലുളള വ്യത്യാസവും ആരോഗ്യ പരിപാലനത്തിലെ അശ്രദ്ധയുമാണ് മിക്ക പ്രവാസികളെയും രോഗക്കിടക്കയില്‍ എത്തിക്കുന്നത്. പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, വൃക്കയിലെ കല്ല്, മറ്റ് മൂത്രാശയ രോഗങ്ങള്‍, നടുവേദന എന്നു തുടങ്ങി നിരവധി രോഗങ്ങളാണ് ഇന്ന് പ്രവാസികളായ മലയാളികളെ നിരന്തരം അലട്ടുന്നത്.

തെറ്റായ ജീവിതശൈലിയോടൊപ്പം രോഗത്തെ തുടക്കത്തില്‍ തന്നെ തിരിച്ചറിഞ്ഞ് ചികിത്സിക്കാന്‍ കഴിയാതെ വരുന്നതാണ് ഇവരെ പിന്നീട് നിത്യരോഗികളാക്കി മാറ്റുന്നത്. രോഗം വന്ന് ചികിത്സിക്കുന്നതിന് പകരം രോഗം വരാതെ നോക്കുന്നതാണ് ഫലപ്രദം എന്ന കേട്ടുപഴകിയ ഉപദേശം തന്നെയാണ് ഇക്കാര്യത്തിലും ആരോഗ്യരംഗത്തുള്ള വിദഗ്ദര്‍ക്ക് പറയാനുള്ളത്.

കൃത്യമായ ഇടവേളകളില്‍ നടത്തുന്ന മെഡിക്കല്‍ ചെക്കപ്പുകളിലൂടെ ഒട്ടുമിക്ക രോഗങ്ങളെയും നേരത്തത്തെന്നെ കണ്ടത്തൊനാവും. മെഡിക്കല്‍ ചെക്കപ്പുകളുടെ ഭാഗമായി നടത്തുന്ന ടെസ്റ്റുകളിലൂടെ ഭാവിയില്‍ വരാനിരിക്കുന്ന രോഗങ്ങളെ കുറിച്ചുള്ള സൂചനയും ലഭിച്ചേക്കും.മുമ്പ് 40 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് പതിവായ മെഡിക്കല്‍ ചെക്കപ്പുകള്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കില്‍ ജീവിതശൈലീരോഗങ്ങള്‍ വ്യാപകമായ ഇക്കാലത്ത് 35 കഴിഞ്ഞാലുടന്‍തന്നെ ആവശ്യമായ വൈദ്യപരിശോധനകള്‍ നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

എന്നാല്‍ ഭൂരിപക്ഷം പ്രവസികളും രോഗം വരും മുന്‍പ് ഇത്തരം പരിശോധനകള്‍ നടത്തുന്ന കാര്യത്തില്‍ വിമുഖരാണ്. തടിയും തൂക്കവുമുള്ളവര്‍ക്കെല്ലാം ആരോഗ്യമുണ്ടെന്ന നാട്ടിന്‍പുറ കാഴ്ചപ്പാട് മനസ്സില്‍ കൊണ്ടുനടക്കുന്നവരാണ് മിക്ക പ്രവസികളും. നാട്ടിലെ ബന്ധുക്കളുടെയും സ്വന്തക്കാരുടെയും ചികിത്സക്കും മറ്റും നിര്‍ലോഭം പണം അയച്ചുകൊടുക്കുന്ന ഇവര്‍ സ്വന്തം ആരോഗ്യത്തിന്റെ കാര്യത്തില്‍ ഒട്ടും ശ്രദ്ധിക്കുന്നവരല്ല.

ജോലി സ്ഥലത്തേക്ക് മടങ്ങുന്നതിന് തൊട്ടു മുമ്പായി നടത്തുന്ന ഹെല്‍ത്ത് ചെക്കപ്പുകളിലൂടെ രോഗനിര്‍ണയം സാധ്യമായാല്‍ പോലും ഫ്രലപ്രദമായ ചികിത്സ നടത്താന്‍ ഇക്കൂട്ടര്‍ക്ക് സമയമുണ്ടാവില്ല. ഇതും രോഗവിമുക്തിയെ ബാധിക്കുന്ന പ്രശ്‌നങ്ങളാണ്. ഇത്തരം പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ ഓരോ പ്രവാസിയും കൃത്യമായ ഇടവേളകളില്‍ ഹെല്‍ത്ത് ചെക്കപ്പുകള്‍ നടത്തേണ്ടതുണ്ട്.

Scroll To Top