Sunday December 04, 2016
Latest Updates

പ്രവാസികള്‍ എപ്പോഴൊക്കെ ഇന്ത്യയില്‍ ടാക്‌സ് അടയ്‌ക്കേണ്ടി വരും?

പ്രവാസികള്‍ എപ്പോഴൊക്കെ ഇന്ത്യയില്‍ ടാക്‌സ് അടയ്‌ക്കേണ്ടി വരും?

ഇന്ത്യയില്‍ ആദായ നികുതി നിശ്ചയിക്കുന്നതിന്റെ അടിസ്ഥാനം നികുതിദായകന്റെ റസിഡന്‍ഷ്യല്‍ സ്റ്റാറ്റസാണ്.
റസിഡന്‍ഷ്യല്‍ സ്റ്റാറ്റസുകാര്‍ ലോകത്ത് എവിടെ നിന്നുമുള്ള വരുമാനമായാലും(അവര്‍ മറ്റ് രാജ്യത്തിന്റെ പൗരന്മാരായാലും) അതിന്റെ നികുതി ഇന്ത്യയില്‍ അടക്കേണ്ടതുണ്ട്.എന്നാല്‍, നോണ്‍ റസിഡന്‍ഷ്യല്‍ സ്റ്റാറ്റസുകാര്‍ ഇന്ത്യയില്‍ നിന്നുമുള്ള വരുമാനത്തിനു മാത്രം രാജ്യത്ത് നികുതിയടച്ചാല്‍ മതി.
എന്താണ് റെസിഡന്‍ഷ്യല്‍ സ്റ്റാറ്റസ്
ഓരോ വര്‍ഷവും ഇന്ത്യയില്‍ 182 ദിവസത്തില്‍ കൂടുതല്‍ താമസിക്കുകയോ, അതല്ല തൊട്ടു മുന്‍പുള്ള നാലു വര്‍ഷങ്ങളില്‍ 365 ദിവസങ്ങളില്‍ കൂടുതല്‍ ഇന്ത്യയിലുണ്ടാവുകയും നികുതി വര്‍ഷത്തില്‍ 60 ദിവസത്തില്‍ കൂടുതല്‍ ഇന്ത്യയില്‍ താമസിക്കുകയും ചെയ്യുന്ന വ്യക്തികള്‍ റെസിഡന്‍ഷ്യല്‍ സ്റ്റാറ്റസില്‍ പെടും. ഈ നിബന്ധനകള്‍ പാലിക്കാത്തവര്‍ നോണ്‍ റസിഡന്‍ഷ്യല്‍ സ്റ്റാറ്റസുകാരാണ്.
പ്രവാസികള്‍ക്ക് ആദായ നികുതി റിട്ടേണ്‍ നല്‍കാമോ?
2014- 2015 സാമ്പത്തിക വര്‍ഷത്തില്‍ 2.50 ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനം ഇന്ത്യയില്‍ നിന്നും ലഭിക്കുന്നവര്‍ ആദായ നികുതി നല്‍കണം.കൂടാതെ ഏതെങ്കിലും നിക്ഷേപപദ്ധതികളില്‍ നിന്നോ, സ്വത്തുക്കളില്‍ നിന്നോ മൂലധന നേട്ടം ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന്മേല്‍ നികുതിയടക്കാന്‍ പ്രവാസികള്‍ ബാധ്യസ്ഥരാണ്. മറ്റുവരുമാനങ്ങള്‍ ഒന്നും ഇന്ത്യയില്‍ നിന്നും ഇല്ലെങ്കില്‍ നികുതിയടക്കേണ്ടതില്ല. എന്നാല്‍ പ്രവാസികള്‍ ആദായനികുതി റീഫണ്ടിന് അര്‍ഹരാണെങ്കില്‍ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്ത ശേഷം മാത്രമേ റീഫണ്ട് ലഭിക്കൂ.
പ്രവാസികള്‍ മുന്‍കൂര്‍ നികുതി അടക്കേണ്ടതുണ്ടോ?
സാധാരണഗതിയില്‍ 10,000 രൂപയിലധികം നികുതി ബാധ്യതയുള്ളവര്‍ മുന്‍കൂര്‍ നികുതിയടക്കാന്‍ ബാധ്യസ്ഥരാണ്.പ്രവാസികള്‍ക്ക് മാത്രമായി ഇതില്‍ പ്രത്യേക ഇളവില്ല.
ആദായ നികുതി റിട്ടേണിനുള്ള അവസാന തീയതി
2014-15ലെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പണത്തിനുള്ള അവസാന തീയതി 31/08/2015 ആണ്.
പ്രവാസികള്‍ക്ക് നികുതി ഒഴിവുള്ള വരുമാനങ്ങള്‍
എന്‍ ആര്‍ എ അക്കൗണ്ടില്‍ നിന്നും, എഫ് സി എന്‍ ആര്‍ അക്കൗണ്ടില്‍ നിന്നും ലഭിക്കുന്ന പലിശകള്‍, ഷെയറുകള്‍ വില്‍ക്കുമ്പോള്‍ ലഭിക്കുന്ന ദീര്‍ഘകാല മൂലധന നേട്ടങ്ങള്‍(സ്റ്റോക്ക് എക്‌സ്‌ചേഞ്ച് വഴിയാണെങ്കില്‍ എസ് ടി ടീ അടച്ചാല്‍ മാത്രം),മ്യൂച്ചല്‍ ഫണ്ടുകളില്‍ നിന്നും ഷെയറുകളില്‍ നിന്നും ലഭിക്കുന്ന ഡിവിഡന്റുകള്‍ എന്നിവയില്‍ നിന്നുള്ള വരുമാനത്തിന് നികുതിയടക്കേണ്ടതില്ല. കൂടാതെ കെട്ടിട വാടക ലഭിക്കുന്നുവെങ്കില്‍ പ്രോപ്പര്‍ട്ടി ടാക്‌സും, 30% കിഴിവും ലഭിക്കും. കെട്ടിടത്തിന് ധനകാര്യ സ്ഥാപനങ്ങളുടെ കടമുണ്ടെങ്കില്‍ പലിശയിലും നികുതി ഒഴിവ് ലഭിക്കും.
ഇന്‍ഷൂറന്‍സില്‍ അടക്കുന്ന നിക്ഷേപങ്ങള്‍, കുട്ടികളുടെ ട്യൂഷന്‍ ഫീസ്, ഹൗസിങ്ങ് ലോണ്‍ തിരിച്ചടവ് എന്നിവക്ക് 15,000 രൂപയും, മെഡിക്ലെയിമിലേക്ക് മാതാപിതക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വേണ്ടി അടക്കുന്ന തുകയ്ക്ക് പരമാവധി 30,000 രൂപയും കിഴിവ് ലഭിക്കും.
റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്ന വിധം
ഇന്ത്യയില്‍ അഞ്ചു ലക്ഷത്തില്‍ കൂടുതല്‍ നികുതി ബാധ്യതയുണ്ടെങ്കില്‍ ഇലക്ട്രോണിക് ആയി മാത്രമെ റിട്ടേണുകള്‍ ഫയല്‍ ചെയ്യാനാവൂ. ഇത് പ്രവാസികള്‍ക്കും ബാധകമാണ്. നികുതിദായകര്‍ക്ക് ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ ഉണ്ടെങ്കില്‍ ഐ ടി ആര്‍ പ്രോസസിങ്ങ് സെന്ററുകളിലേക്ക് അയക്കേണ്ടതില്ല. (ഇവയില്‍ മാറ്റം വന്നേക്കാം)
പ്രവാസികള്‍ക്ക് വിദേശപണം ഉപയോഗിച്ച് കൃഷിഭൂമിയോ തോട്ടങ്ങളോ വാങ്ങുവാന്‍ സാധിക്കുമോ?
പ്രവാസികള്‍ക്ക് പണം ഉപയോഗിച്ച് കൃഷിഭൂമിയോ, ഫാംഹൗസോ വാങ്ങുന്നതിനോ, റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഏര്‍പ്പെടുന്നതിനോ അവകാശമില്ല.
പ്രവാസികളുടെ സ്വത്തുക്കളുടെ വില്‍പന
മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള സ്വത്തുക്കള്‍ വില്‍ക്കുമ്പോള്‍ ലഭിക്കുന്ന മൂലധന നേട്ടത്തിന് 20% മൂലധന നികുതി അടക്കേണ്ടതുണ്ട്. എന്നാല്‍ നികുതിയിളവുകള്‍ ലഭിക്കുന്ന നിക്ഷേപ പദ്ധതികള്‍ ലഭ്യമാണ്.
സ്വത്തുക്കള്‍ വില്‍ക്കുന്ന പണം വിദേശത്തേക്ക് കൊണ്ടു പോകാമോ?
പണം ആദ്യം എന്‍ ആര്‍ ഒ അക്കൗണ്ടില്‍ നിക്ഷേപിക്കുക. പിന്നീട് നികുതി അടച്ച് ചാര്‍ട്ടേഡ് അക്കൗണ്ടിന്റെ സര്‍ട്ടിഫിക്കറ്റോടു കൂടി എന്‍ ആര്‍ ഇ അക്കൗണ്ടിലേക്ക് മാറ്റാം.വില്‍പ്പനയുടെ സമയത്ത് 20% നിരക്കില്‍ സ്രോതസില്‍ നിന്നും നികുതി പിടിക്കുന്നത് ഒഴിവാക്കുന്നതിനായി അര്‍ഹിക്കുന്ന അവസരങ്ങളില്‍ ആദായനികുതി ഓഫീസറുടെ പക്കല്‍നിന്നും സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരും.
(കടപ്പാട് :ബേബി ജോസഫ് )

Scroll To Top