Friday December 09, 2016
Latest Updates

എന്‍ ആര്‍ ഐ അക്കൌണ്ടുകള്‍ ഇനിമുതല്‍ ആഭ്യന്തര അക്കൌണ്ടുകള്‍ തന്നെ

എന്‍ ആര്‍ ഐ അക്കൌണ്ടുകള്‍ ഇനിമുതല്‍ ആഭ്യന്തര അക്കൌണ്ടുകള്‍ തന്നെ

പ്രവാസികളുടെയും വിദേശത്തുളള ഇന്ത്യന്‍ വംശജരുടെയും നിക്ഷേപങ്ങള്‍ കൂടുതലായി ഇന്ത്യയിലേക്ക് ആകര്‍ഷിക്കാനായി കേന്ദ്രസര്‍ക്കാര്‍ നേരിട്ടുളള വിദേശ നിക്ഷേപനയത്തില്‍ മാറ്റം വരുത്താനൊരുങ്ങുന്നു. ഇത്തരം നിക്ഷേപങ്ങളെ ആഭ്യന്തര നിക്ഷേപമായി തന്നെ കണക്കാക്കി ബന്ധപ്പെട്ട നിയമങ്ങളില്‍ ഭേദഗതി വരുത്താനാനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതിയാണ് തീരുമാനമെടുത്തത്. പ്രവാസികളുടെയും, വിദേശത്തുളള ഇന്ത്യന്‍ വംശജരുടെയും നിക്ഷേപത്തെ വിദേശനിക്ഷേപമായി പരിഗണിക്കേണ്ടെന്ന വ്യവസായ പ്രോത്സാഹന ബോര്‍ഡിന്റെ നിര്‍ദേശമനുസരിച്ചാണ് തീരുമാനമെടുത്തിരിക്കുന്നത്. ഇതോടെ ഇന്ത്യയില്‍ ഇവരുടെ പേരിലുളള റുപീ അക്കൗണ്ടില്‍ നിന്നുളള നിക്ഷേപങ്ങള്‍ ഇനിമുതല്‍ ആഭ്യന്തരനിക്ഷേപമായി തന്നെയായിരിക്കും പരിഗണിക്കപ്പെടുക.

പ്രവാസികള്‍ വലിയ ബിസിനസ്സ് സംരംഭങ്ങള്‍ തുടങ്ങുന്നതിന് വിദേശരാജ്യങ്ങള്‍ തിരഞ്ഞെടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇടപെടല്‍. ഇത്തരം നിക്ഷേപങ്ങളെ ഇന്ത്യയിലേക്കു തന്നെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ നേരിട്ടുളള വിദേശ നിക്ഷേപനയത്തില്‍ മാറ്റം വരുത്തുന്നത്. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് നിയമമടക്കം അനുബന്ധ നിയമങ്ങളിലെല്ലാം മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയ്യാറായേക്കും.

രാജ്യത്ത് കൂടുതല്‍ നിക്ഷേപമെത്തുന്നത് സമ്പദ് വ്യവസ്ഥയുടെ പുത്തന്‍ ഉണര്‍വ്വിന് സഹായകമാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

 

 

Scroll To Top