Tuesday December 06, 2016
Latest Updates

ബ്രെക്‌സിറ്റ്: നോര്‍ത്തേന്‍ അയര്‍ലണ്ട് അതിര്‍ത്തി അടയ്‌ക്കേണ്ടി വരും; സാമ്പത്തികരാഷ്ട്രീയ അസ്വസ്ഥതകള്‍ക്ക് സാധ്യത

ബ്രെക്‌സിറ്റ്: നോര്‍ത്തേന്‍ അയര്‍ലണ്ട് അതിര്‍ത്തി അടയ്‌ക്കേണ്ടി വരും; സാമ്പത്തികരാഷ്ട്രീയ അസ്വസ്ഥതകള്‍ക്ക് സാധ്യത

നൂറിയിൽ നിന്നുള്ള ദൃശ്യം :ബെല്‍ഫാസ്റ്റ്:ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്ന സാഹചര്യം ഉടലെടുക്കുകയാണെങ്കില്‍ (ബ്രെക്‌സിറ്റ്) ബ്രിട്ടനും നോര്‍ത്തേണ്‍ അയര്‍ലണ്ടിനും ഇടയ്ക്കുള്ള അതിര്‍ത്തി അടച്ചിടേണ്ടി വരുമെന്ന് ബ്രിട്ടിഷ് ധനകാര്യമന്ത്രി ജോര്‍ജ്ജ് ഓസ്‌ബോണ്‍. നിലവില്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നിന്നും ബ്രിട്ടനിലേയ്ക്കും, തിരിച്ചും പ്രത്യേക പരിശോധനകളൊന്നുമില്ലാതെ ആളുകള്‍ക്ക് സഞ്ചരിക്കാവുന്നതാണ്. എന്നാല്‍ ബ്രിട്ടന്‍ പുറത്തെത്തുന്നതോടെ മറ്റ് രാജ്യങ്ങളുമായി യൂറോപ്യന്‍ യൂണിയന്റെ പശ്ചാത്തലത്തില്‍ ഉണ്ടാക്കിയ ധാരണകളില്‍ മാറ്റം വരുത്തേണ്ടിവരും. ഇതിന്റെ ഭാഗമായാകും അതിര്‍ത്തി അടച്ചിടുകയും പരിശോധനയ്ക്കു ശേഷം മാത്രം നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ പൗരന്മാര്‍ക്ക് ബ്രിട്ടന്റെ അതിര്‍ത്തി കടക്കാന്‍ അനുമതി നല്‍കുകയും ചെയ്യുക.

ജൂണ്‍ 23ന് ബ്രിട്ടനില്‍ നടക്കുന്ന ജനഹിത പരിശോധനയിലാണ് ബ്രെക്‌സിറ്റ് വേണോ വേണ്ടയോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമാകുക. നിലവിലെ പോളിങ് സര്‍വേകള്‍ പ്രകാരം ബ്രെക്‌സിറ്റിനെ പിന്തുണയ്ക്കുന്നവരാണ് ഭൂരിപക്ഷം ബ്രിട്ടിഷ് പൗരന്മാരും. അങ്ങനെയെങ്കില്‍ ബ്രിട്ടനും അയര്‍ലണ്ടും തമ്മിലുള്ള വ്യാപാര ബന്ധത്തെയും, വര്‍ഷത്തില്‍ വ്യാപാരത്തിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന 5.2 ബില്ല്യണ്‍ ഡോളര്‍ വരുന്ന വിനിമയത്തെയുമാകും ബ്രെക്‌സിറ്റ് ബാധിക്കുക. നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ വിദേശ വ്യാപാരങ്ങളുടെ 37 ശതമാനവും ബ്രിട്ടനുമായാണ് നടക്കുന്നത്.

സാമ്പത്തിക അസ്ഥിരതയ്ക്കു പുറമെ ബ്രെക്‌സിറ്റ് ശക്തമായ രാഷ്ട്രീയ കോളിളക്കത്തിനും വഴിവയ്ക്കുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. അതിര്‍ത്തികള്‍ അടച്ചിടേണ്ടി വരികയാണെങ്കില്‍ മുമ്പ് ഇവിടെ നിന്നും പൊളിച്ചു മാറ്റിയ സൈനിക ചെക്ക് പോസ്റ്റുകള്‍ പുനഃസ്ഥാപിക്കേണ്ടി വരും. 1998ലെ സമാധാനക്കരാര്‍ മൂലമാണ് ഈ ചെക്ക് പോസ്റ്റുകള്‍ പൊളിച്ചു മാറ്റിയത്. ഐക്യ അയര്‍ലണ്ടിനായി വാദിക്കുന്ന കാത്തലിക് ദേശീയവാദികളും, നോര്‍ത്തേണ്‍ അയര്‍ലണ്ടിനെ ബ്രിട്ടിഷ് അധീനതയില്‍ത്തന്നെ തുടരാനായി വാദിക്കുന്ന പ്രൊട്ടസ്റ്റന്റുകളും തമ്മില്‍ മൂന്ന് പതിറ്റാണ്ടോളം നീണ്ട സംഘര്‍ഷത്തിന് അയവും വരുത്തിയത് 1998ലെ ഈ സമാധാന കരാറായിരുന്നു. 3,600ഓളം പേരാണ് ഇവര്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടത്. അതിര്‍ത്തി അടച്ചിടുകയും സൈനിക ചെക്ക് പോസ്റ്റുകള്‍ സ്ഥാപിക്കുകയും ചെയ്യുന്നത് ഇരു കക്ഷികളും പോര്‍വിളിയുമായി വീണ്ടും തെരുവിലിറങ്ങാന്‍ കാരണമാകുമെന്നാണ് പൊതുവെയുള്ള രാഷ്ട്രീയ ആശങ്ക. അതേസമയം ഏറ്റവും വലിയ ദേശീയ പാര്‍ട്ടിയായ ഷിന്‍ ഫെന്‍, ഐക്യ അയര്‍ലണ്ടിന് രൂപം നല്‍കണോ എന്ന കാര്യത്തില്‍ ജനഹിത പരിശോധന നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ബ്രെക്‌സിറ്റ് സംഭവിക്കുകയാണെങ്കില്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടിന് നിലവില്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും ലഭിക്കുന്ന കാര്‍ഷിക, വായ്പാ സബ്‌സിഡികള്‍ക്കും നിയന്ത്രണമുണ്ടാകും. ഇത് തൊഴിലില്ലായ്മ രൂക്ഷമാക്കുമെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.

Scroll To Top