Sunday September 24, 2017
Latest Updates

സെല്‍ഫി അടിച്ച് നോര്‍ത്തേണ്‍ അയര്‍ലണ്ട് പുറത്തായി

സെല്‍ഫി അടിച്ച് നോര്‍ത്തേണ്‍ അയര്‍ലണ്ട് പുറത്തായി

പാരീസ്:സ്വന്തം പോസ്റ്റിലേയ്ക് ഗോളടിച്ചു കയറ്റി നോര്‍ത്തേണ്‍ അയര്‍ലണ്ട് യൂറോ കപ്പില്‍ നിന്നും പുറത്തേയ്ക്ക്.ഏകപക്ഷീയമായ ആ ഒരു ഗോളിന് നോര്‍ത്തേണ്‍ അയര്‍ലണ്ടിനെ പരാജയപ്പെടുത്തി വെയ്ല്‍സ് യൂറോ കപ്പ് ക്വാര്‍ട്ടറില്‍ കടന്നു.

ഗാരത് മിക്കോളിയുടെ സെല്‍ഫ് ഗോളിലാണ് നോര്‍ത്തേണ്‍ അയര്‍ലണ്ടിന്റെ നിര്‍ഭാഗ്യം എത്തിയത്.ഗോള്‍ രഹിതമായ ആദ്യ പകുതിക്കു ശേഷം 75 ാം മിനിറ്റിലായിരുന്നു മിക്കോളിയുടെ ഓണ്‍ ഗോള്‍.

അതുവരെ വെയ്ല്‍സിന്റെ സൂപ്പര്‍ താരം ഗാരത് ബെയ്‌ലിനെ പൂട്ടിയ നോര്‍ത്തേണ്‍ അയര്‍ലണ്ട്  പ്രതിരോധം അല്‍പനേരം ബെയ്‌ലിനെ മറന്നതാണ് കളികാര്യമായത്. നോര്‍ത്തേണ്‍ അയര്‍ലണ്ട് പകുതിയിലേക്ക് വെയ്ല്‍സ് പടനയിക്കുമ്പോള്‍ ബെയ്ല്‍ കൂടെചേരാതെ വലതുവിംഗില്‍ പമ്മി. എന്നാല്‍ പലവട്ടം വെയ്ല്‍സ് താരങ്ങള്‍ തട്ടിക്കളിച്ച പന്ത് പെട്ടെന്ന് ആരോണ്‍ റാംസി ബോക്‌സിന്റെ വലതു മൂലയില്‍ ആരാലും മാര്‍ക്ക് ചെയ്യാതെ നിന്ന ബെയ്‌ലിന് നീട്ടി. വലത് വശത്തുകൂടി ഓടിക്കയറിയ ബെയ്ല്‍ പന്ത് ബോക്‌സിലേക്ക് നിലംപറ്റെ മറിച്ചുനല്‍കി. ബോക്‌സിലേക്ക് പാഞ്ഞെത്തിയ കാനുവിനൊപ്പം ഓടിയ മിക്കോളി പന്തിന് കാലുവച്ചു. കാനുവിന് കിട്ടാതിരിക്കാന്‍ ചെയ്തതാണെങ്കിലും മിക്കോളിയുടെ കാലില്‍നിന്ന് പന്ത് കൃത്യമായി വലയില്‍ കയറി. മിക്കോളിയുടെ അബദ്ധത്തെക്കാള്‍ തൊട്ടാല്‍ ഗോളാകുന്ന ക്രോസിന് ബെയ്‌ലിനാണ് മുഴുവന്‍ മാര്‍ക്ക്.

പിന്നീട് തിരിച്ചടിക്കാന്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡും ലീഡുയര്‍ത്താന്‍ വെയ്ല്‍സും പരിശ്രമിച്ചെങ്കിലും ഗോള്‍ മാത്രം ഒഴിഞ്ഞുനിന്നു. വെയ്ല്‍സിന്റെ ചരിത്രത്തിലെ കന്നി നോക്കൗട്ട് മത്സരമായിരുന്നു ഇത്.

(റോയിറ്റേഴ്‌സ്)

Scroll To Top