Thursday December 08, 2016
Latest Updates

ബ്രിട്ടിഷുകാരെ തേടി എന്‍ഡ കെന്നി യൂ കെയില്‍,ബ്രെക്‌സിറ്റ് ഐക്യ അയര്‍ലണ്ടിന് സാധ്യതയെന്ന് ജെറി ആഡംസ്

ബ്രിട്ടിഷുകാരെ തേടി എന്‍ഡ കെന്നി യൂ കെയില്‍,ബ്രെക്‌സിറ്റ് ഐക്യ അയര്‍ലണ്ടിന് സാധ്യതയെന്ന് ജെറി ആഡംസ്

ബെല്‍ഫാസ്റ്റ്:ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുകയാണെങ്കില്‍ (ബ്രെക്‌സിറ്റ്) നോര്‍ത്തേണ്‍ അയര്‍ലണ്ടിനെ അയര്‍ലണ്ടിനോട് ചേര്‍ത്ത് ഐക്യ അയര്‍ലണ്ട് രൂപീകരിക്കാനുള്ള സാധ്യതയുണ്ടെന്ന് ഷിന്‍ ഫെന്‍ നേതാവ് ജെറി ആഡംസ്. ബ്രെക്‌സിറ്റ് സംഭവിക്കുകയാണെങ്കില്‍ അയര്‍ലണ്ടുമായി ചേരണോ എന്ന വിഷയത്തില്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ജനഹിതപരിശോധന നടത്തണമെന്നും ആഡംസ് അഭിപ്രായപ്പെട്ടു.

അതേസമയം ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട ജൂണ്‍ 23ന് നടക്കുന്ന ജനഹിത പരിശോധനയില്‍, ഭൂരിപക്ഷം പേരും ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടണം എന്ന് നിലപാടെടുക്കുമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇത് ബ്രിട്ടനു പുറമെ നോര്‍ത്തേണ്‍ അയര്‍ലണ്ടിലും അയര്‍ലണ്ടിലും സാമ്പത്തിക,രാഷ്ട്രീയ അശ്വസ്ഥതകള്‍ സംജാതമാകാന്‍ കാരണമാകും.

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണം എന്ന ആവശ്യവുമായി ബ്രിട്ടനില്‍ രണ്ടു ദിവസത്തെ പ്രചാരണത്തിലാണ് ഐറിഷ് പ്രധാനമന്ത്രി എന്‍ഡ കെന്നി. വ്യാഴാഴ്ച ബ്രിട്ടനിലെത്തിയ കെന്നി ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍, ഗ്ലാസ്‌ഗോ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് ഐറിഷ് സമൂഹവുമായി ചര്‍ച്ചകള്‍ നടത്തും. വെള്ളിയാഴ്ച ഗ്ലാസ്‌ഗോയില്‍ നടക്കുന്ന ബ്രിട്ടിഷ്‌ഐറിഷ് കൗണ്‍സില്‍ സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും. നോര്‍ത്തേണ്‍ അയര്‍ലണ്ട് മുഖ്യമന്ത്രി അര്‍ലീന്‍ ഫോസ്റ്റര്‍, ഉപമുഖ്യമന്ത്രി മാര്‍ട്ടിന്‍ മക്ഗിന്നസ്, സ്‌കോട്ടിഷ് സ്റ്റേറ്റ് സെക്രട്ടറി ഡേവിഡ് മന്‍ഡല്‍ എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കാനെത്തുന്നുണ്ട്.

കെന്നിയും, ഐറിഷ് സര്‍ക്കാരും ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിലനില്‍ക്കണം എന്ന നിലപാടാണ് എടുത്തിട്ടുള്ളത്. യൂറോപ്യന്‍ യൂണിയനില്‍ നിന്നും ബ്രിട്ടിഷ് അധീനതയിലുള്ള നോര്‍ത്തേണ്‍ അയര്‍ലണ്ടിന് ലഭിക്കുന്ന സഹായം, അയര്‍ലണ്ടിന് ബ്രിട്ടനുമായുള്ള വ്യാപാര ബന്ധങ്ങള്‍, നിയന്ത്രണമില്ലാത്ത കുടിയേറ്റം എന്നിവയെല്ലാമാണ് അതിന് കാരണം.

Scroll To Top